സ്വിച്ചിടുമ്പോള്‍ ലോകം ഇനി നികിതയെ ഓര്‍ക്കും

മലയാളികള്‍ അന്യമെന്നു കരുതിയ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെ ഗവേഷണം പൂര്‍ത്തിയാക്കി ലോകത്തിലെ മികച്ച 50 വനിതാ എഞ്ചിനീയര്‍മാരുടെ പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യക്കാരിയാണ് വടകര സ്വദേശിയായ ഡോ. നികിത ഹരി. സിലിക്കണിന് പകരം ഗാലിയം നൈട്രേറ്റ് ഉപയോഗിച്ച് വൈദ്യുതോപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവഎഞ്ചിനീയര്‍.

ആര്‍. രോഷിപാല്‍

മലയാളികള്‍ അന്യമെന്നു കരുതിയ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ സ്‌കോളര്‍ഷിപ്പോടെ ഗവേഷണം പൂര്‍ത്തിയാക്കി ലോകത്തിലെ മികച്ച 50 വനിതാ എഞ്ചിനീയര്‍മാരുടെ പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യക്കാരിയാണ് വടകര സ്വദേശിയായ ഡോ. നികിത ഹരി. സിലിക്കണിന് പകരം ഗാലിയം നൈട്രേറ്റ് ഉപയോഗിച്ച് വൈദ്യുതോപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവഎഞ്ചിനീയര്‍. ഫോബ്സ് മാസിക തയ്യാറാക്കിയ യൂറോപ്പില്‍ ശാസ്ത്ര മേഖലയില്‍ നേട്ടം കൊയ്ത 30 വ്യക്തികളുടെ പട്ടികയിലും ഇടം പിടിച്ചിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ ഗവേഷണത്തിന് ഫെലോഷിപ്പ് ലഭിച്ചിരിക്കുകയാണ് ഈ അത്ഭുത പ്രതിഭയ്ക്ക്. ഇതിനൊപ്പം ബ്രിട്ടനിലെ ക്യൂന്‍ എലിസബത്ത് പ്രൈസ് ഇന്‍ എഞ്ചിനീയറിങ്ങിന്റെ ഗ്ലോബല്‍ അംബാസിഡറായും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നിശ്ചദാര്‍ഢ്യത്തിന് മുന്നില്‍ പ്രതിബന്ധങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് മലയാളികളുടെ അഭിമാനമായി മാറിയ നികിത ഹരി.

വടകരയില്‍ നിന്നും കേംബ്രിഡ്ജിലേക്ക്

കേംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ്, മാഞ്ചസ്റ്റര്‍ ഉള്‍പ്പടെ വിദേശ സര്‍വ്വകലാശാലകളിലെ ഉപരിപഠനം മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നും ഒരു സ്വപ്നം മാത്രമാണ്. ഇതിനിടയിലാണ് പഴങ്കാവ് എന്ന കൊച്ചു ഗ്രാമത്തിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച് കേംബ്രിഡ്ജിന്റെ ഉന്നതികളിലെത്താന്‍ നികിതയ്ക്ക് സാധിച്ചിരിക്കുന്നത്. നികിതയുടെ വിജയത്തിന്റെ പടവുകള്‍ പുതുതലമുറയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. വടകരയിലെ സെന്റ് ആന്റണീസ് സ്‌കൂള്‍, വിദ്യപ്രകാശ് പബ്ലിക് സ്‌കൂള്‍, ഗോകുലം പബ്ലിക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. റാണി പബ്ലിക് സ്‌കൂളില്‍ നിന്നും പ്ലസ് ടു പൂര്‍ത്തിയാക്കി നേരെ എഞ്ചിനീയറിങ്ങ് പഠനത്തിലേക്ക്. കുസാറ്റിന് കീഴിലെ മണിയൂര്‍ എഞ്ചിനീയറിങ്ങ് കോളജില്‍ നിന്നും ഇലക്ട്രോണിക് ഇന്‍സ്ട്രുമെന്റേഷനില്‍ രണ്ടാം റാങ്കോടെ ബിരുദം. ചെന്നൈ എസ്.ആര്‍.എം സര്‍വ്വകലാശാല പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് ലഭിച്ച നികിത, ഒന്നാം റാങ്കും സ്വര്‍ണ്ണ മെഡലും വാങ്ങിയാണ് എം.ടെക്ക് പൂര്‍ത്തിയാക്കിയത്. ഐ.ഐ.ടിയില്‍ ഗവേഷണം നടത്താനുള്ള തയ്യാറെടുപ്പിനിടയില്‍ കോഴിക്കോട് എന്‍.ഐ.ടിയില്‍ അധ്യാപികയായി ജോലി ചെയ്യാനും നികിത മടിച്ചില്ല. ഐ.ഐ.ടിയിലെ ഗവേഷണത്തിന് മൂന്ന് മാസത്തെ ആയുസ്സ് മാത്രമായിരുന്നു.

സഹപാഠികളുടെ അഭ്യര്‍ത്ഥന പ്രകാരം വിദേശ സര്‍വ്വകലാശാലകളിലെ പഠനത്തിന് തയ്യാറെടുക്കാനായിരുന്നു ഐ.ഐ.ടിയിലെ ഗവേഷണം പാതിവഴിയില്‍ ഉപേക്ഷിച്ചത്. പിന്നീട് കേംബ്രിഡ്ജ്, ഓക്സ്ഫോര്‍ഡ്, മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലകളില്‍ അപേക്ഷ നല്‍കി. മാഞ്ചസ്റ്റര്‍, കേംബ്രിഡ്ജ് സര്‍വ്വകലാശാലകളില്‍ പ്രവേശനം ലഭിച്ചപ്പോള്‍ കേംബ്രിജായിരുന്നു ഗവേഷണത്തിനായി നികിത തെരഞ്ഞെടുത്തത്. നെഹ്രു കേംബ്രിഡ്ജ് ട്രസ്റ്റിന്റെ 50 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പോടെയായിരുന്നു ഗവേഷണം തുടങ്ങിയത്. സ്‌കൂള്‍, കോളജ് കാലഘട്ടത്തിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ കരുത്തിലായിരുന്നു പിന്നീടങ്ങോട്ട് നികിതയുടെ കുതിപ്പ്. സ്‌കൂള്‍ ലീഡര്‍, ഇംഗ്ലീഷ് ക്ലബ്ബ് പ്രസിഡന്റ്, ഹൗസ് ക്യാപ്റ്റന്‍, കോളജ് അസോസിയേഷന്‍ സെക്രട്ടറി തുടങ്ങിയ പദവികളില്‍ നിന്നും ലഭിച്ച പരിചയ സമ്പത്താണ് ഏറെ സഹായകരമായത്. ഐ.എസ്.ആര്‍.ഒ ഉപന്യാസ മത്സരത്തില്‍ ഒന്നാം സ്ഥാനത്തിനൊപ്പം 98 ാമത് ഇന്ത്യന്‍ എഞ്ചിനീയറിങ്ങ് ശാസ്ത്ര കോണ്‍ഗ്രസ്സില്‍ വിഷയാവതരണത്തിലെ മികവിനും നികിതയ്ക്കായിരുന്നു അവാര്‍ഡ് ലഭിച്ചത്.

കേംബ്രിഡ്ജിലും മിന്നും താരം

2013- ലാണ് നികിത കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ഗവേഷണം ആരംഭിച്ചത്. പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സുകളെ വൈദ്യുതി ഗ്രിഡുമായി ബന്ധിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രസരണ നഷ്ടം കുറയ്ക്കാന്‍ പ്രാപ്തമായ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുന്ന വിഷയത്തിലായിരുന്നു ഗവേഷണം. പഠനത്തിനൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവു പുലര്‍ത്തിയ നികിത സര്‍വ്വകലാശാല ഗ്രാജ്വേറ്റ് യൂണിയന്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ 70 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് നികിത വിജയിച്ചത്. കേംബ്രിഡ്ജ് സര്‍വ്വകലാശാല യൂണിയന്‍ സാരഥ്യത്തിലെത്തിയ ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതിയും നികിതയ്ക്ക് സ്വന്തം. വിദ്യാര്‍ത്ഥികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ച് യൂറോപ്പ്യന്‍ മാധ്യമങ്ങളിലും ഇടം പിടിച്ചിട്ടുണ്ട് ഈ യുവ പ്രതിഭ. ചാള്‍സ് രാജകുമാരന്റേയും ഡയാന രാജകുമാരിയുടേയും അതിഥിയായി ബക്കിംഗ് ഹാം പാലസില്‍ എത്താനും ഇരുവരുമായും ഏറെ നേരം സംവദിക്കാനും കഴിഞ്ഞത് ജീവിതത്തിലെ അഭിമാന മുഹൂര്‍ത്തമായി കരുതുകയാണ് നികിത.

വൈദ്യുതി രംഗത്ത് കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കി നികിത

വൈദ്യുതി രംഗത്ത് കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കുന്ന കണ്ടുപിടുത്തമാണ് നികിത ഹരി നടത്തിയിരിക്കുന്നത്. സിലിക്കണിന് പകരം ഗാലിയം നൈട്രേറ്റ് ഉപയോഗിച്ച് വൈദ്യുതോപകരണങ്ങള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനുള്ള വഴിയാണ് ശാസ്ത്ര ലോകത്തിന് മുന്നില്‍ നികിത തുറന്നിട്ടിരിക്കുന്നത്. പ്രസരണ നഷ്ടം കുറയ്ക്കുന്നതിനൊപ്പം വൈദ്യുതോപകരണങ്ങളുടെ വലുപ്പം കുറയ്ക്കാനും കഴിയുമെന്ന് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഈ യുവശാസ്ത്രജ്ഞ തെളിയിച്ചു കഴിഞ്ഞു. കൂറ്റന്‍ ഉപകരണങ്ങള്‍ കുഞ്ഞുവലുപ്പത്തിലേക്ക് എത്തിക്കാമെന്ന് നികിത പറയുന്നു. വൈദ്യുതി മേഖല വന്‍ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തില്‍ നികിതയുടെ കണ്ടെത്തല്‍ വന്‍ നേട്ടമാണെന്ന വിലയിരുത്തലിലാണ് ശാസ്ത്ര ലോകം. ഗാലിയം നൈട്രേറ്റ് വഴി ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കൈമാറുന്നത് സംബന്ധിച്ച് വിവിധ വിദേശ കമ്പനികളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.

മരുന്ന് പരീക്ഷണത്തിന് കൃത്രിമ മനുഷ്യന്‍

മരുന്ന് പരീക്ഷണത്തിന് കൃത്രിമ മനുഷ്യനെ ഉപയോഗിക്കുന്നതിനെ കുറിച്ച് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ ഗവേഷണത്തിന് തയ്യാറെടുക്കുകയാണ് നികിത. നിര്‍മ്മിത ബുദ്ധി നല്‍കി ഒരുക്കുന്ന മനുഷ്യ ശരീരത്തില്‍ മരുന്ന് പരീക്ഷണം നടത്തുന്നത് വഴി ആരോഗ്യ രംഗത്ത് വന്‍ മാറ്റത്തിന് വഴിയൊരുക്കുകയാണ് ലക്ഷ്യം. നിലവില്‍ മൃഗങ്ങളിലാണ് മരുന്ന് പരീക്ഷണം നടത്തുന്നത്. ഇത്തരം പരീക്ഷണങ്ങള്‍ പൂര്‍ണ്ണ വിജയമാകാത്ത സാഹചര്യത്തിലാണ് പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് നികിത ഒരുങ്ങുന്നത്. പരീക്ഷണം വിജയിച്ചാല്‍ മാരക രോഗങ്ങളുടെ ചികിത്സ എളുപ്പവും ചിലവ് കുറഞ്ഞതുമാകുമെന്ന് നികിത പറയുന്നു. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ ബയോ എഞ്ചിനീയറിങ്ങ് വിഭാഗത്തിന്റെ തലവന്‍ പ്രഫ. സൂ, കൃത്രിമ അവയവ നിര്‍മ്മാണത്തില്‍ വിദഗ്ധനായ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ പ്രഫ. അലി കദം ഹുസൈന്‍ എന്നിവരുടെ സഹായത്തോടെ ഗവേഷണം നടത്താനാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ മാസം അവസാനത്തോടെ നികിത ലണ്ടനിലേക്ക് തിരിക്കും.

വിദേശ പഠനത്തിന് വിദ്യാര്‍ത്ഥികളെ ഒരുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം

വിദേശ പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക വകുപ്പിന് രൂപം നല്‍കണമെന്നാണ് നികിതയുടെ അഭിപ്രായം. കൃത്യമായ പരിശീലനവും നിര്‍ദ്ദേശങ്ങളും ലഭിച്ചാല്‍ ആര്‍ക്കും വിദേശ സര്‍വ്വകലാശാലകളില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം നടത്താന്‍ കഴിയുമെന്ന് നികിത പറയുന്നു. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കാന്‍ താന്‍ തയ്യാറാകും. മത്സര ബുദ്ധി മാത്രമല്ല വിജയത്തിന്റെ അടിസ്ഥാനം. ലക്ഷ്യബോധമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യം. പാരമ്പരാഗത പഠന രീതികള്‍ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന നിലപാടാണ് നികിതയ്ക്കുള്ളത്. അനന്തമായ സാധ്യതകളാണ് നമ്മെ കാത്തിരിക്കുന്നത്. കുട്ടികളുടെ ചിന്തകളും സ്വപ്നങ്ങളും വിശാലമാക്കണമെന്ന് തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഓര്‍മ്മിപ്പിക്കുകയാണ് നികിത.

സ്റ്റാര്‍ട്ടപ്പുകളുടെ തലപ്പത്തും നികിത

ശാസ്ത്ര ഗവേഷണങ്ങള്‍ക്കിടയിലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടക്കമിടാന്‍ നികിത സമയം കണ്ടെത്തിയിട്ടുണ്ട്. വുഡി, ഫാവലി എന്നീ രണ്ട് സ്റ്റാര്‍ട്ടപ്പുകളുടെ അമരക്കാരിയാണ് നികിത. നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ 13 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് കരിയര്‍ ഗൈഡന്‍സ് നല്‍കുകയാണ് വുഡി സ്റ്റാര്‍ട്ടപ്പ് പ്രൈവറ്റ് ലിമിറ്റഡ്. ഐ.ഐ.എമ്മില്‍ നിന്നും മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും, എന്‍.ഐ.ടിയില്‍ നിന്നും എഞ്ചിനീയറിങ്ങ് ബിരുദവും നേടിയ സഹോദരന്‍ അര്‍ജുന്‍ ഹരിയുമായി ചേര്‍ന്നാണ് ഈ സംരഭങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പാവപ്പെട്ട കുട്ടികള്‍ക്ക് നൂതനസാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കുകയാണ് ഫാവലി വഴി ലക്ഷ്യമിടുന്നത്. ചേരി പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിന് വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത്. ചെന്നൈ, ധാരാവി എന്നിവിടങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കോഴിക്കോട് ഐ.ഐ.എമ്മിലാണ് രണ്ട് സ്റ്റാര്‍ട്ടപ്പുകളും ആരംഭിച്ചിരിക്കുന്നത്.

നേട്ടങ്ങളുടെ ക്രെഡിറ്റ് കുടുംബത്തിന്

തന്റെ നേട്ടങ്ങളുടെ മുഴുവന്‍ ക്രെഡിറ്റും കുടുംബത്തിന് നല്‍കുകയാണ് ഈ യുവശാസ്ത്രജ്ഞ. പിതാവ് ഹരിദാസ്, അമ്മ ഗീത, സഹോദരന്‍ അര്‍ജുന്‍ ഹരിയും അടങ്ങുന്നതാണ് കുടുംബം. പ്രതിസന്ധികളിലും പ്രയാസങ്ങളിലും തനിക്ക് താങ്ങും തണലുമായി നില്‍ക്കുന്നത് ഇവര്‍ മാത്രമാണ്. ബന്ധുക്കളുടെ എതിര്‍പ്പുകള്‍ക്കിടയില്‍ ഏറെ പ്രയാസപ്പെട്ടാണ് മാതാപിതാക്കള്‍ വിദേശത്ത് ഉപരിപഠനത്തിനായി അയച്ചത്. പലരും പുച്ഛിച്ചപ്പോഴും എല്ലാം സഹിച്ച് ഇവര്‍ നല്‍കിയ പിന്തുണ മാത്രമാണ് വിജയത്തിന്റെ കാരണമെന്നും നികിത മനസ്സ് തുറക്കുന്നു. ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. ഈ ഗവേഷണം പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാനാണ് തീരുമാനമെന്നും നികിത പറഞ്ഞു.


ക്യാമറ: വിശ്വജിത്ത് പികെ

Read More >>