മുട്ടത്തു വർക്കിയും ഒ.വി വിജയനും

ആ പാതയിൽ ഇടക്കുള്ള ചെറിയ ഗ്രാമമാണ് രാമശ്ശേരി - അതെ പ്രസിദ്ധമായ രാമശ്ശേരി ഇഡ്ഡലിയുടെ ഗ്രാമം - അതിരാവിലെ ചെറിയ പരമ്പ്വട്ടിയിൽ ഇഡ്ഡലി വില്പനക്ക് കൊണ്ടുപോകുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്. രാമശ്ശേരിയിൽ എന്റെ ഇടത്താവളം അവിടത്തെ ഗ്രന്ഥശാലയാണ്. പുതുശ്ശേരി ശ്രീകുറുംബ ഭഗവതിക്കാവിൽ കഴകക്കാരനായ ഗോപി വാരിയർ രണ്ടു മൂന്നു ദിവസം കൂടുമ്പോൾ ഞങ്ങളെ വന്നു കാണും. വൈകുന്നേരം സ്കൂളിൽ നിന്ന് തിരിച്ചുവരുമ്പോൾ രാമശ്ശേരി ഗ്രന്ഥശാലയിൽ നിന്ന് ഗോപി വാര്യർക്ക് പുസ്തകം എടുത്തുകൊണ്ടുവരണം.

മുട്ടത്തു വർക്കിയും ഒ.വി വിജയനും

എ.സഹദേവൻ

ആറ് വർഷം മുമ്പായിരുന്നു മുട്ടത്തു വർക്കിയുടെ ജന്മശതാബ്ദി. അഞ്ച്-ആറ് ക്ലാസ്സുകളിൽ പഠിക്കുന്ന സമയത്താണ് ഞാൻ ആദ്യമായി മുട്ടത്തു വർക്കിയെ പറ്റി കേൾക്കുന്നത്. പാലക്കാട് പുതുശ്ശേരിയിൽ നിന്ന് ഇലപ്പുള്ളിയിലെ സ്കൂളിലേക്ക് വാളയാർ കനാൽ വരമ്പിലൂടെ വിജനമായ പനംകാടുകളും പാറവെട്ടിയെടുത്ത കുളവും കടന്ന് ഒരു കുന്ന് ചുറ്റി ഏട്ടനും ഞാനും നാലഞ്ച് മൈൽ നടന്നു പോയാണ് പഠിച്ചത്.

ആ പാതയിൽ ഇടക്കുള്ള ചെറിയ ഗ്രാമമാണ് രാമശ്ശേരി - അതെ പ്രസിദ്ധമായ രാമശ്ശേരി ഇഡ്ഡലിയുടെ ഗ്രാമം - അതിരാവിലെ ചെറിയ പരമ്പ്വട്ടിയിൽ ഇഡ്ഡലി വില്പനക്ക് കൊണ്ടുപോകുന്ന സ്ത്രീകളെ കണ്ടിട്ടുണ്ട്. രാമശ്ശേരിയിൽ എന്റെ ഇടത്താവളം അവിടത്തെ ഗ്രന്ഥശാലയാണ്. പുതുശ്ശേരി ശ്രീകുറുംബ ഭഗവതിക്കാവിൽ കഴകക്കാരനായ ഗോപി വാരിയർ രണ്ടു മൂന്നു ദിവസം കൂടുമ്പോൾ ഞങ്ങളെ വന്നു കാണും. വൈകുന്നേരം സ്കൂളിൽ നിന്ന് തിരിച്ചുവരുമ്പോൾ രാമശ്ശേരി ഗ്രന്ഥശാലയിൽ നിന്ന് ഗോപി വാര്യർക്ക് പുസ്തകം എടുത്തുകൊണ്ടുവരണം.

കന്യാകുമാരി-സേലം ദേശീയപാതയിലെ വലിയ ആധുനിക അങ്ങാടിയാണ് പുതുശ്ശേരി. നാഗരികത കടന്നു പോകുന്ന അങ്ങാടി. എന്തും കിട്ടും. ഗ്രന്ഥശാല മാത്രമില്ല. അതുകൊണ്ട് രാമശ്ശേരി എന്റ പ്രിയ ഗ്രാമമായി മാറി. അവിടെ വലിയൊരു ഗ്രന്ഥശാലയുണ്ട്, ഇഡ്ഡലിക്കടയും. മനസ്സിനും ശരീരത്തിനും വേണ്ടത് വ്യത്യസ്തതയോടെ നല്കിയിരുന്ന ഗ്രാമം. ഗോപി വാരിയർ പ്രത്യേകം പറയും, മുട്ടത്തു വർക്കിയുടെ പുസ്തകങ്ങൾ കൊണ്ടുവരാൻ. പിന്നൊന്നുകൂടി പറയും, രണ്ടു വർക്കിമാരുണ്ട്, മുട്ടത്തു വർക്കിയും പൊൻകുന്നം വർക്കിയും, മാറിക്കൊണ്ടുവരരുത്. മുട്ടത്തു വർക്കിയുടെ പുസ്തകമേ കൊണ്ടുവരാവൂ. അങ്ങനെ ആണ് ഞാൻ 'പാടാത്ത പൈങ്കിളി'യും 'ഒരു കുടയും കുഞ്ഞുപെങ്ങളും' 'മയിലാടും കുന്ന്' തുടങ്ങിയ നോവലുകൾ കണ്ടെത്തുന്നത്. ഞാൻ കൂട്ടത്തിൽ പൊൻകുന്നം വർക്കിയുടെ പുസ്തകങ്ങളും കണ്ടെത്തി. വഴിക്കുള്ള കുന്നിൽ മയിലുകൾ ഇല്ലായിരുന്നെങ്കിലും അതിനെ ഞാൻ മനസ്സിൽ മയിലാടുംകുന്നായാണ് കണക്കാക്കിയത്! ഭാവനയിൽ ഒരു ലോകം എങ്ങനെ സൃഷ്ടിക്കാം എന്ന് ഞാൻ ആദ്യം മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെയാണ്.

ഒരു വഴിക്ക് പറഞ്ഞാൽ രാമശ്ശേരിക്ക് ഖസാക്കിന്റെ കടുത്ത ഛായയാണ്. മുട്ടത്തു വർക്കിയിൽ നിന്ന് ഒ.വി.വിജയനിലേക്ക് അധികം ദൂരമില്ലായിരുന്നു എനിക്ക്. രണ്ടു മൂന്നു വർഷങ്ങൾ കൊണ്ട് ഞാൻ അദ്ദേഹത്തിന്റെ എനിക്ക് കിട്ടിയ ആദ്യ പുസ്തകം വായിച്ചു- മൂന്നു യുദ്ധങ്ങൾ എന്ന കഥാസമാഹാരം. എന്നെ രാഷ്ട്രീയ ചിന്തകളുടെ ഉറവിടം തേടിപ്പോയാൽ ഞാനെത്തുക ആ പുസ്തകത്തിലാണ്, 'ദസ് ക്യാപ്പിറ്റ'ലിലല്ല.

Read More >>