സ്വപ്‌നങ്ങളുടെ വളയം പിടിച്ച് ജോബി

ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവിങ്ങ് വരുമാനത്തില്‍ ലോകം ചുറ്റുന്ന യുവാവ്

സ്വപ്‌നങ്ങളുടെ   വളയം പിടിച്ച് ജോബി

പി.എസ് അനന്ദു

കൊച്ചി: 'പണമല്ല, ആഗ്രഹമാണ് പ്രധാനം ബ്രോ...' കൊച്ചിയിലെ 21കാരനായ ഒരു കൊച്ചു സഞ്ചാരിയുടെ വാക്കുകളാണിത്. കാറ്ററിങ് ജോലി ചെയ്തും ഓൺലൈൻ ടാക്‌സി ഓടിച്ചും ലഭിക്കുന്ന വരുമാനത്താൽ ലോകം ചുറ്റുന്ന ജോബിയുടെ വാക്കുകൾ. കൊച്ചിയിൽ ഓൺലൈൻ ക്യാബ് ഡ്രൈവറായി ജോലി ചെയ്യുന്ന ജോബി ടോമി പണം ശേഖരിക്കുന്നത് സഞ്ചരിക്കാനാണ്. തൊടുപുഴ സ്വദേശിയാണെങ്കിലും ഇപ്പോൾ കൊച്ചിക്കാരുടെ സ്വന്തം ഡ്രൈവർ ബ്രോയാണ് കക്ഷി. ക്യാബ് ഡ്രൈവിങ്ങിലൂടെ സ്വരുക്കൂട്ടിയ വരുമാനത്താൽ ദുബൈ യാത്രക്കൊരുങ്ങുകയാണ് ഈ യുവാവ്.

പഠനകാലത്തു മുതൽ യാത്രയായിരുന്നു ജോബിയുടെ സ്വപ്‌നം. പഠനകാലഘട്ടത്തിൽ ഭാവിയിൽ ആരാകണം എന്ന് ചോദിച്ച ടീച്ചറോട് സഞ്ചാരിയാകണമെന്നു പറഞ്ഞ ജോബിയെ നോക്കി അന്ന് സഹപാഠികളെല്ലാം ചിരിച്ചു. എന്നാൽ ഇന്ന് കൂട്ടുകാർ വിളിക്കുമ്പോൾ തിരക്കുന്ന ആദ്യ വിശേഷം അടുത്ത യാത്രയെപ്പറ്റിയാണ്. കോളജിൽ പഠിക്കുമ്പോഴാണ് ഇന്ത്യയൊട്ടാകെ ഒന്നു കറങ്ങിക്കളയാം എന്ന് ജോബിക്കൊരാഗ്രഹം തോന്നുന്നത്. നാളുകൾ കഴിയുംതോറും ആഗ്രഹം വാശിയായി. യാത്രക്കാണെന്നു പറഞ്ഞ് വീട്ടുകാരോട് പണം ചോദിക്കുന്നതെങ്ങനെ? അവസാനം യാത്രക്കായി പണം കണ്ടെത്താനുള്ള വഴി ജോബി കണ്ടുപിടിച്ചു. കാറ്ററിങ്.

അവധി ദിവസങ്ങളിൽ ഉറക്കം കളഞ്ഞു പോലും ആഹാരം വിളമ്പിയും പാത്രം കഴുകിയും പണം സമ്പാദനം ആരംഭിച്ചു. മുന്നൂറ് രൂപ മാത്രമായിരിക്കും രാവും പകലും അദ്ധ്വാനിച്ചാൽ ലഭിക്കുക. ഒടുവിൽ കഴിഞ്ഞ ജനുവരി 23ന് നാളുകളായി സ്വപ്‌നം കണ്ട ഇന്ത്യൻ പര്യടന യാത്ര ജോബി സാക്ഷാത്കരിച്ചു. തുച്ഛമായ തുകകൊണ്ടുള്ള യാത്രയായതിനാൽ പലപ്പോഴും ഡൽഹിയിലെ തെരുവുകളിലും അമ്പതു രൂപ ഡോര്‍മെറ്ററികളിലും അവൻ കിടന്നുറങ്ങി. മരംകോച്ചുന്ന തണുപ്പിനും പൊടിക്കാറ്റിനും ആ യുവാവിന്റെ സഞ്ചാരസ്വപ്‌നങ്ങൾക്ക് തടസ്സമാകാൻ സാധിച്ചില്ല. സ്വപ്‌ന സമാനമായ യാത്രയായതിനാൽ ജീവിതത്തിൽ ഏറ്റവും സന്തോഷവാനായി ഉറങ്ങിയത് ആ നാളുകളിലാണെന്ന് ജോബി പറയുന്നു. ബസ് യാത്രയുടെ തുക ലാഭിക്കാനായി പലപ്പോഴും വണ്ടിക്കു ലിഫ്റ്റടിച്ചായിരുന്നു യാത്ര. ഒടുവിൽ അവനെ കാത്ത് വാഗ അതിർത്തിയും പഞ്ചാബും മണാലിയും കശ്മീരുമെല്ലാം കാത്തിരുന്നു.

സ്വപ്‌നയാത്രക്കു ശേഷം നാട്ടിൽ തിരിച്ചെത്തിയ ജോബിയെ കാത്തിരുന്നത് ശകാരവർഷങ്ങളായിരുന്നു. നാട്ടുകാർ ഭ്രാന്തനെന്നു വരെ വിളിച്ചിട്ടുണ്ടെന്നും തന്റെ ഭ്രാന്ത് യാത്രയോട് മാത്രമാണെന്നും ജോബി പറയുന്നു. വീണ്ടും സഞ്ചാര മോഹങ്ങൾ കടുത്തതോടെ മെച്ചപ്പെട്ടൊരു ജോലി കണ്ടെത്താനായാണ് ആൾ കൊച്ചിയിലെത്തിയത്. ഇപ്പോൾ ജോബി കൊച്ചിക്കാരുടെ സഞ്ചാരിയായ ഡ്രൈവർ ബ്രോയാണ്. സവാരിക്കെത്തുന്ന സഞ്ചാരികളെ ജോബി വരവേൽക്കുന്നത് യാത്രാ വിവരണങ്ങളോടെയാണ്. നല്ലൊരു സഞ്ചാരിക്കല്ലേ നല്ലൊരു ഡ്രൈവറാകാൻ കഴിയൂ എന്നാണ് ജോബിയുടെ സവാരിക്കാരുടെ പക്ഷം. ഇന്ന് ജോബി 30000ലധികം രൂപ പ്രതിമാസം സമ്പാദിക്കുന്നുണ്ട്. ദുബൈ നഗരത്തിലേക്കൊരു യാത്രക്കായി ഈ തുകയും ജോബി സൂക്ഷിക്കുകയാണ്.

Read More >>