സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാടിന് കിരീടം; സ്‌കൂളുകളില്‍ മാര്‍ ബേസില്‍

2016ന് ശേഷം ആദ്യമായിട്ടാണ് പാലക്കാട് കിരീടം നേടുന്നത്.

സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാടിന് കിരീടം; സ്‌കൂളുകളില്‍ മാര്‍ ബേസില്‍

63-മത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാടിന് കിരീടം. അവസാന ദിവസം എറണാകുളവും പാലക്കാടും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവച്ചത്. 201.33 പോയിന്റുമായി പാലക്കാട് ഒന്നാമതെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ എറണാകുളം 157.33 പോയിന്റ് നേടി. 123.33 പോയിന്റ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനത്തെത്തി.

18 സ്വര്‍ണവും, 26 വെള്ളിയും, 16 വെങ്കലവുമാണ് പാലക്കാടിൻെറ നേട്ടം. 2016ന് ശേഷം ആദ്യമായിട്ടാണ് പാലക്കാട് കിരീടം നേടുന്നത്. രണ്ടാമതെത്തിയ എറണാകുളം 21 സ്വര്‍ണം, 14 വെള്ളിയും 11 വെങ്കലും എന്നിങ്ങനെയാണ് സ്വന്തമാക്കിയത്. മൂന്നാമതെത്തിയ കോഴിക്കോടിന് 14 സ്വര്‍ണം, ഏഴ് വെള്ളി, 18 വെങ്കലുവുമാണ് നേട്ടം. തിരുവനന്തപുരം നാലാം സ്ഥാനത്തും തൃശൂര്‍ അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

എന്നാൽ സ്‌കൂളുകളില്‍ വിജയിയെ തീരുമാനിച്ചത് ഫോട്ടോ ഫിനിഷിലാണ്. സ്‌കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസില്‍ ചാമ്പ്യന്മാരായി. 61.5 പോയിന്റുമായാണ് മാര്‍ ബേസില്‍ ഒന്നാമതെത്തിയത്. കല്ലടി സ്‌കൂള്‍ 58.5 പോയിന്റോടെ രണ്ടാമതെത്തി. 32.33 പോയിന്റ് നേടിയ സെന്റ് ജോസഫ്‌സ് എച്ച്എസ് പുല്ലൂരാംപാറയാണ് മൂന്നാമത്.

എട്ട് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമാണ് മാര്‍ ബേസില്‍ നേടിയത്. കല്ലടി നാല് സ്വര്‍ണവും 11 വെള്ളിയും ഏഴ് വെങ്കലവും നേടി. പുല്ലൂരാംപാറ മൂന്ന് സ്വര്‍ണവും അത്ര തന്നെ വെള്ളിയും 10 വെങ്കലവും നേടി.

Read More >>