ലങ്കാദഹനത്തിന് ഇന്ത്യ; ഇന്ന് ഇന്ത്യ-ശ്രീലങ്ക മൂന്നാമങ്കം

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പരമ്പര പോക്കറ്റിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയും സംഘവും ഇറങ്ങുക.

ലങ്കാദഹനത്തിന് ഇന്ത്യ; ഇന്ന് ഇന്ത്യ-ശ്രീലങ്ക മൂന്നാമങ്കം

പൂനെ: പരമ്പര വിജയത്തിലേക്ക് ഇനി ഒരു മത്സരത്തിന്റെ ദൂരം മാത്രം. വിജയം മാത്രം മുന്നില്‍ക്കണ്ട് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് വെള്ളിയാഴ്ച പൂന വേദിയാകും. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പരമ്പര പോക്കറ്റിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിരാട് കോലിയും സംഘവും ഇറങ്ങുക. ആദ്യമത്സരം ജയിച്ച ഇന്ത്യ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്.

ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ഏഴു വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ബൗളര്‍മാരുടെ മികച്ച പ്രകടനമായിരുന്നു ഇന്ത്യക്കു കാര്യങ്ങള്‍ എളുപ്പമാക്കിയത്. ഗുവാഹത്തിയില്‍ നടക്കേണ്ടിയിരുന്ന ആദ്യ മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടിരുന്നു.

അതിനിടെ, തിരിച്ചുവരവിന് ഒരുങ്ങുന്ന വിന്‍ഡീസിന് പേസര്‍ ഇസുരു ഉഡാനയ്ക്കേറ്റ് പരിക്ക് തിരിച്ചടിയാകും. കഴിഞ്ഞ മത്സരത്തില്‍ താരം കളിച്ചിരിന്നു എങ്കിലും പന്തെറിഞ്ഞിരുന്നില്ല. ട്വന്റി ട്വന്റിയില്‍ ലങ്കയുടെ മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ഉഡാന.

രണ്ടാം ടി20യില്‍ ബൗളര്‍മാരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് സന്തോഷത്തിനുള്ള വക നല്‍കിയത്. പരിക്ക് മാറി ടീമില്‍ തിരിച്ചെത്തിയ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറ പ്രതീക്ഷിച്ച പ്രകടനം നടത്തിയില്ലെങ്കിലും ഈ കുറവ് മറ്റു ബൗളര്‍മാര്‍ നികത്തുകയായിരുന്നു. പേസര്‍മാരായ നവദീപ് സെയ്‌നി, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്. താക്കൂര്‍ മൂന്നു വിക്കറ്റെടുത്തപ്പോള്‍ സെയ്‌നി രണ്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു.രണ്ടു വിക്കറ്റുമായി സ്പിന്നര്‍ കുല്‍ദീപ് യാദവും തന്റെ ഭാഗം ഭംഗിയാക്കി.

അതേസമയം, രണ്ടാം ടി20യില്‍ പുറത്തിരുന്ന മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ആഞ്ചലോ മാത്യൂസിനെ മൂന്നാം ടി20യില്‍ ലങ്കന്‍ ടീമിലേക്കു തിരിച്ചുവിളിച്ചേക്കും. കഴിഞ്ഞ മല്‍സരത്തില്‍ മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനമാണ് ലങ്കയെ മികച്ച സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞത്. മാത്യൂസ് ടീമിലെത്തിയാല്‍ ഈ കുറവ് നികത്താന്‍ കഴിയുമെന്നു ലങ്ക കണക്കുകൂട്ടുന്നു. നാലോ, അഞ്ചോ സ്ഥാനത്തു ലങ്കയ്ക്കു പരീക്ഷിക്കാന്‍ സാധിക്കുന്ന താരം കൂടിയാണ് അദ്ദേഹം.

ഗുവാഹത്തിയിലെ ആദ്യ ടി20 മഴയെടുത്തതു പോലെ മൂന്നാം ടി20യിക്കു കാലാവസ്ഥ വില്ലനാവില്ല. തെളിഞ്ഞ കാലാവസ്ഥ തന്നെയായിരിക്കും വെള്ളിയാഴ്ചയെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. അതേസമയം, ഇവിടുത്തെ പിച്ച് വളരെ വ്യത്യസ്തമാണ്. കൃത്യമായി സ്വഭാവം പ്രവചിക്കാന്‍ കഴിയാത്ത പിച്ചാണ് പൂനെയിലേത്. ചിലപ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കും മറ്റു ചിലപ്പോള്‍ സ്പിന്നര്‍മാര്‍ക്കും മുന്‍തൂക്കം നല്‍കുന്നതാണ് പിച്ച്. എങ്കിലും ടോസ് ലഭിക്കുന്ന ക്യാപ്റ്റന്‍ ആദ്യം ബൗളിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

Next Story
Read More >>