കടല്‍ പായലില്‍ നിന്ന് രക്ത സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ മരുന്നുമായി സി.എം.എഫ്.ആര്‍.ഐ

ഉല്പന്നങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങളില്ലെന്നത് ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതാണെന്ന് സി.എം.എഫ്.ആര്‍.ഐയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. കാജല്‍ ചക്രബര്‍ത്തി പറഞ്ഞു.

കടല്‍ പായലില്‍ നിന്ന് രക്ത സമ്മര്‍ദ്ദത്തെ ചെറുക്കാന്‍ മരുന്നുമായി സി.എം.എഫ്.ആര്‍.ഐ

കൊച്ചി: ഉയര്‍ന്ന രക്തസമ്മര്‍ദം തടയാന്‍ കടല്‍പായലില്‍ നിന്നു പ്രകൃതിദത്ത ഉല്പന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ). ഇന്ത്യന്‍ കടലുകളില്‍ സാധാരണയായി കണ്ടുവരുന്ന കടല്‍ പായലുകളില്‍ അടങ്ങിയിരിക്കുന്ന ബയോ ആക്ടീവ് സംയുക്തങ്ങള്‍ ഉപയോഗിച്ചാണ് കടല്‍മീന്‍ ആന്റിഹൈപ്പര്‍ടെന്‍സീവ് എക്സ്ട്രാക്റ്റ് എന്ന ഉല്പന്നം സി.എം.എഫ്.ആര്‍.ഐ വികസിപ്പിച്ചത്.

400 മില്ലിഗ്രാം അളവിലുള്ള ക്യാപ്സ്യൂളുകള്‍ പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഇത് സഹായിക്കും. ഉല്പന്നങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങളില്ലെന്നത് ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതാണെന്ന് സി.എം.എഫ്.ആര്‍.ഐയിലെ സീനിയര്‍ സയന്റിസ്റ്റ് ഡോ. കാജല്‍ ചക്രബര്‍ത്തി പറഞ്ഞു. സസ്യാഹാരപ്രേമികള്‍ക്കും കഴിക്കാവുന്ന രീതിയില്‍ സസ്യജന്യ ക്യാപ്സ്യൂളുകളാണ് ആവരണമായി ഉപയോഗിച്ചിട്ടുള്ളത്. സി.എം.എഫ്.ആര്‍.ഐയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കാര്‍ഷിക ഗവേഷണ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ദേശീയ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ (ഐ.സി.എ.ആര്‍) ഡയറക്ടര്‍ ജനറലുമായ ഡോ. ത്രിലോചന്‍ മൊഹാപത്ര ഉല്പന്നം

പുറത്തിറക്കി. ഐ.സി.എ.ആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ ജെ.കെ ജെന അദ്ധ്യക്ഷത വഹിച്ചു. വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കാന്‍ സ്വകാര്യ സംരംഭകര്‍ക്ക് സി.എം.എഫ്.ആര്‍.ഐയെ സമീപിക്കാമെന്നു ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇതിന് ശേഷമായിരിക്കും ഉല്പന്നം വിപണിയില്‍ ലഭ്യമാകുക. ഔഷധമൂല്യമുള്ള കടല്‍പായലുകളില്‍ നിന്ന് കൂടുതല്‍ ഉല്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സി.എം.എഫ്.ആര്‍.ഐ. കടലില്‍നിന്നും സി.എം.എഫ്.ആര്‍.ഐ വികസിപ്പിക്കുന്ന ആറാമത്തെ പ്രകൃതിദത്ത ഉല്പന്നമാണിത്. നേരത്തെ, സന്ധിവേദന, പ്രമേഹം, കൊളസ്ട്രോള്‍, തൈറോയിഡ് എന്നിവ തടയുന്നതിന് ഉല്പന്നങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്.

Read More >>