കക്ഷിരാഷ്ട്രീയ താല്പര്യം നിയമവാഴ്ച തകര്‍ക്കുമ്പോള്‍

ജുഡീഷ്യറി നല്‍കുന്ന ശിക്ഷയില്‍ വെള്ളം ചേര്‍ക്കാന്‍ രാഷ്ട്രീയസ്വാധീനവും പണക്കൊഴുപ്പും ഉപയോഗപ്പെടുത്തുന്നു എന്നത് ഭരണഘടനയോടും ജനാധിപത്യസംവിധാനത്തോടും കാണിക്കുന്ന കടുത്ത അവഹേളനമാണ്.

കക്ഷിരാഷ്ട്രീയ താല്പര്യം നിയമവാഴ്ച തകര്‍ക്കുമ്പോള്‍

എട്ടു വര്‍ഷം മുമ്പ് വി.എസ് അച്യൂതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ കേരളം ഭരിക്കുമ്പോള്‍ 209 തടവുകാരെ ജയില്‍മോചിതരാക്കിയ നടപടിയാണ് വെള്ളിയാഴ്ച കേരള ഹൈക്കോടതി റദ്ദാക്കിയത്. ആദ്യമായാണ് കോടതി ഇടപെടുന്നതെങ്കിലും ആദ്യമായല്ല ഏതെങ്കിലും സര്‍ക്കാര്‍ കുറ്റവാളികളെ ചട്ടംപാലിക്കാതെ ജയില്‍മോചിതരാക്കുന്നത്. ഈ രീതി ഏതാണ്ട് എല്ലാ സര്‍ക്കാറുകളുടെയും കാലത്ത് നടക്കാറുണ്ട്. ഇതില്‍ മുന്നണിഭേദമില്ല എന്നു മാത്രമല്ല, പരസ്പരം പ്രവര്‍ത്തകരെ കൊന്നുകൂട്ടുന്ന പാര്‍ട്ടിക്കാര്‍ തമ്മില്‍പോലും ഈ കാര്യത്തില്‍ കുറെ സഹകരണവും യോജിപ്പും ഉണ്ടാകാറുമുണ്ട്. പാര്‍ട്ടികളുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കു മറ്റെല്ലാ മൂല്യങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും ചട്ടങ്ങള്‍ക്കും ഉപരിയായി പ്രാധാന്യം ലഭിക്കുകയും പൊതുസമൂഹം അതു കാണാതിരിക്കുകയും നിയമവാഴ്ചയുടെ പ്രാഥമികതത്ത്വങ്ങള്‍ പോലും ലംഘിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ഈ കോടതിവിധി വെളിവാക്കുന്ന സത്യം.

രാഷ്ട്രീയ കൊലക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരും സാധാരണ കൊലക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരും തമ്മില്‍ ശിക്ഷയുടെ കാര്യത്തില്‍ വ്യക്തമായ വിവേചനം നിലനില്‍ക്കുന്നുണ്ട്. മിക്കപ്പോഴും ഇതു ശ്രദ്ധിക്കപ്പെടുന്നില്ല. പാര്‍ട്ടിയുടെ പിന്‍ബലമുള്ള കൊലയാളികള്‍ക്ക് അറസ്റ്റിന്റെ ഘട്ടം മുതല്‍ ജീവപര്യന്തം എന്നു പേരു വിളിക്കപ്പെടുന്ന ഏതാനും വര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതു വരെയുള്ള എല്ലാ ഘട്ടങ്ങളിലും നിയമത്തിന്റെയും അധികാരത്തിന്റെയും പിന്‍ബലം ലഭിക്കുന്നു. അറസ്റ്റ് ചെയ്യുമ്പോള്‍ കേസ്സെടുക്കുന്ന വകുപ്പുകള്‍ മുതല്‍ തെളിവ് നിരത്തുന്നതിലും പ്രോസിക്യൂട്ടര്‍ കേസ് വാദിക്കുന്നതിലുമെല്ലാം ഈ വിവേചനം കാണാം. പലപ്പോഴും കൊല നടത്തിയ പാര്‍ട്ടിതന്നെയാണ് പ്രതിപ്പട്ടിക പൊലീസിനു നല്‍കുന്നതും അവരെ കേസ്സില്‍ നിന്നു എളുപ്പം ഊരിപ്പോരാന്‍ വഴിയൊരുക്കുന്നതും. തലശ്ശേരിയിലും ചുറ്റുപാടുകളിലും മൂന്നു നാലു പതിറ്റാണ്ടുകളായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ നിരീക്ഷിച്ചിട്ടുള്ളവര്‍ക്ക് ഇതറിയാം.

ഇതെല്ലാം മറികടന്ന് കോടതികള്‍ ആരെയെങ്കിലും ജീവപര്യന്തം തടവിനു ശിക്ഷിച്ചാല്‍തന്നെ എത്ര വര്‍ഷത്തെ ശിക്ഷ കുറ്റവാളി അനുഭവിക്കാറുണ്ട് എന്നതും പരിശോധിക്കേണ്ട വിഷയമാണ്. ജീവപര്യന്തം എന്ന വാക്കിന് ഒരര്‍ത്ഥവുമില്ല, ഇക്കാര്യത്തില്‍. മരണംവരെ ജയിലില്‍ കിടക്കേണ്ടി വരാറില്ല ബഹുഭൂരിപക്ഷത്തിനും. വളരെ ഉദാരവും മനുഷ്യത്വപരവുമായ സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കാറുളളത്. ഇന്നത്തെ ഭരണഘടനയും നിയമവും എല്ലാം തന്നെയാണ് നിലവിലുണ്ടായിരുന്നതെങ്കിലും 50കളില്‍ വധശിക്ഷ അനുഭവിക്കേണ്ടി വന്ന അത്ര കുറ്റവാളികള്‍ ഇന്നു വധശിക്ഷ അനുഭവിക്കേണ്ടി വരുന്നില്ല. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി മാത്രം മതി വധശിക്ഷ എന്നതാണ് ഈ കാലത്തെ ജുഡീഷ്യല്‍ തത്ത്വം. ഇതു ശരിയാണുതാനും. പക്ഷേ, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം ആയി മാത്രമേ ഒരു കൊലയാളി ശിക്ഷ പൂര്‍ണ്ണമായി അനുഭവിക്കൂന്നുള്ളൂ എന്ന അവസ്ഥ ആരോഗ്യകരമായ നിയമവാഴ്ചയുടെ ലക്ഷണമല്ല.

കോടതികള്‍ക്കു ശിക്ഷിക്കാനേ അധികാരമുള്ളൂ. കോടതി നല്‍കിയ ശിക്ഷ ശരിക്കും നടപ്പാക്കപ്പെടുന്നുണ്ടോ എന്നു നോക്കുന്നത് കോടതിയല്ല, ഭരണസംവിധാനമാണ്. വധശിക്ഷ ജീവപര്യന്തമാവുകയും പരോളും ഇളവുമെല്ലാം കഴിച്ചാല്‍ ജീവപര്യന്തം അഞ്ചോ ആറോ വര്‍ഷത്തെ തടവുശിക്ഷ മാത്രമാവുകയും ചെയ്യുന്ന രീതി മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ജുഡീഷ്യറി നല്‍കുന്ന ശിക്ഷയില്‍ വെള്ളം ചേര്‍ക്കാന്‍ രാഷ്ട്രീയസ്വാധീനവും പണക്കൊഴുപ്പും ഉപയോഗപ്പെടുത്തുന്നു എന്നത് ഭരണഘടനയോടും ജനാധിപത്യസംവിധാനത്തോടും കാണിക്കുന്ന കടുത്ത അവഹേളനമാണ്. ശിക്ഷിക്കപ്പെട്ട് ജയിലില്‍ എത്തുന്നവരെല്ലാം തുല്യമായ മാനസികാവസ്ഥയില്‍ ഉള്ളവരല്ല. ജീവിതത്തിലാദ്യമായി ഒരു കൈയബദ്ധം കൊണ്ട് കൊലക്കേസ്സില്‍ പ്രതിയായവരുണ്ടാവും. ആസൂത്രിതമായി ഒന്നിലേറെപ്പേരെ അതിക്രൂരമായി കൊല ചെയ്ത സ്ഥിരം കുറ്റവാളികളുണ്ടാകാം. ആദ്യവിഭാഗത്തില്‍പ്പെട്ട ചിലര്‍ക്ക് ചിലപ്പോള്‍ വേണ്ട നിയമസഹായം പോലും ലഭിക്കാതെ പോകാറുമുണ്ട്. ഇത്തരം സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ്, ശിക്ഷിക്കപ്പെട്ടവര്‍ക്ക് പല പരിഗണനകളില്‍ ജയില്‍മോചനത്തിനുള്ള അവസരം ഉണ്ടാക്കുന്നത്. മനുഷ്യത്വം എല്ലാ ശിക്ഷയുടെയും ഒപ്പം ഉണ്ടാവണം. മനുഷ്യത്വമല്ല, എല്ലാറ്റിന്റെയും ഒപ്പമുണ്ടാകുന്നത് രാഷ്ട്രീയസ്വാധീനം മാത്രമാണ് എന്നു വരുന്നത് ചോദ്യം ചെയ്യപ്പെട്ടേ തീരൂ. ശിക്ഷാകാലാവധി പൂര്‍ത്തിയാക്കിയിട്ടും കാഴ്ച നഷ്ടപ്പെട്ട ഒരു 80 കാരിക്ക് ജയിലില്‍ കഴിയേണ്ടി വന്ന കാര്യം പത്രങ്ങളിലുണ്ട്. ഇത് പാര്‍ട്ടികളെയും പൊതുസമൂഹത്തെയും ഇരുത്തിച്ചിന്തിപ്പിക്കണം.

ഒരാളെ ശിക്ഷിക്കുന്നതു പോലെതന്നെ പ്രാധാന്യമുള്ള കാര്യമാണ് ഒരാളുടെ ശിക്ഷ ഇളവു ചെയ്യുന്നതും വിട്ടയക്കുന്നതും. ശിക്ഷ കുറയ്ക്കാന്‍ നിയമം അധികാരം നല്‍കുന്നുണ്ട്. അതിനുള്ള കൃത്യമായ വ്യവസ്ഥകള്‍ നിര്‍ണ്ണയിച്ചിട്ടുണ്ട്. സാങ്കേതികമായി നോക്കിയാല്‍ ഭരണകക്ഷിയല്ല, ഗവര്‍ണറാണ് ഈ അധികാരം കയ്യാളുന്നത്. പക്ഷേ, ഫലത്തില്‍ ഇത് ഭരണകക്ഷിയുടെ തീരുമാനമായി മാറുന്നു. അപൂര്‍വ്വമായി വിഷയം കോടതികളെത്തുമ്പോള്‍ മാത്രമേ ഇതിന്റെ ശരിതെറ്റുകള്‍ പരിശോധിക്കപ്പെടുന്നുള്ളൂ. ഹൈക്കോടതി വിധി ഈ വിഷയത്തില്‍ പുനരാലോചനയ്ക്ക് പ്രേരണയാവേണ്ടതാണ്. കക്ഷിരാഷ്ട്രീയം ജനാധിപത്യത്തിന്റെ അനിവാര്യമായ സ്വഭാവമാണ്. പക്ഷേ, അതിന്റെ സ്വാര്‍ത്ഥവും നിയമവിരുദ്ധവും അധാര്‍മ്മികവുമായ താല്പര്യങ്ങള്‍ നീതിനിര്‍വ്വഹണത്തിന്റെ കഴുത്തില്‍ കത്തിവച്ചുകൂടാ.


Read More >>