ഇനി എന്നാണ് നിങ്ങള്‍ കൊലക്കത്തികള്‍ വലിച്ചെറിയുക?

മനുഷ്യത്വമാണ് എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും അടിസ്ഥാനം എന്ന ആദ്യപാഠം ഇവരെയാരും പഠിപ്പിച്ചില്ലെന്നോ.... പൊതുപ്രവർത്തനത്തിനും പാർട്ടി സംവിധാനങ്ങൾക്കുമെല്ലാം ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട് എന്നാണ് ഇതു തെളിയിക്കുന്നത്

ഇനി എന്നാണ് നിങ്ങള്‍ കൊലക്കത്തികള്‍ വലിച്ചെറിയുക?

കാസർകോട്ടെ ഇരട്ടക്കൊലയെക്കുറിച്ചുള്ള സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമർശം ഏതാനും വർഷങ്ങൾക്കു മുമ്പ് കേരളത്തെ നടുക്കിയ ഒരു കൊലപാതകത്തെ ഓർമ്മിപ്പിച്ചു. പാർട്ടിയുടെ സംസ്ഥാനതല പ്രചാരണജാഥ കടന്നു പോകാനിരിക്കെ ഇങ്ങനെയൊരു ഇരട്ടക്കൊലപാതകം പാർട്ടിയോട് താല്പര്യമുള്ള ആരെങ്കിലും നടത്തുമോ എന്ന ചോദ്യമാണ് കോടിയേരി ഉയർത്തിയത്. പാർട്ടി വിട്ടുപോയ പ്രമുഖനായ യുവനേതാവായിരുന്ന ടി.പി ചന്ദ്രശേഖരനെ അമ്പത്തൊന്നു വെട്ടുവെട്ടി കൊല ചെയ്ത സമയത്തും കോടിയേരി ഇതുപോലൊരു ചോദ്യം ചോദിച്ചിരുന്നു. നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടു മുമ്പായിരുന്നു ആ കൊല. ഉപതെരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കെ പാർട്ടി ഇങ്ങനെയൊരു കൊല നടത്തുമോ എന്നായിരുന്നു കോടിയേരിയുടെ അന്നത്തെ ചോദ്യം. പാർട്ടിക്കാരല്ല കൊല നടത്തിയത് എന്നു ജനങ്ങളെ ബോദ്ധ്യപ്പെടുത്താനാണ് കോടിയേരി അന്ന് അങ്ങനെ ചോദിച്ചത്. പാർട്ടിക്കാരല്ല, പാർട്ടിയെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ വേണ്ടി മറ്റാരോ ആവും കൊല നടത്തിയിരിക്കുക എന്ന സൂചന പോലും അന്നത്തെ ന്യായീകരണത്തിൽ ഉണ്ടായിരുന്നു.

ഇത്തവണ കോടിയേരി അത്രത്തോളം പോയില്ലെന്നത് ആശ്വാസം തന്നെ. പാർട്ടിക്കാരാണെന്നു വന്നാലും പാർട്ടി അവരെ പിന്തുണയ്ക്കില്ല എന്നദ്ദേഹം പറഞ്ഞു. ഇത് ആശ്വാസകരമായി പൊതുസമൂഹത്തിനു തോന്നുമെങ്കിലും ആ വാക്കുകൾ ആരെങ്കിലും വിശ്വസിക്കും എന്നു തോന്നുന്നില്ല. എന്താണ് ടി.പി ചന്ദ്രശേഖരന്റെ മരണശേഷം കണ്ടത്? കൊലയാളികൾ മുഴുവൻ പാർട്ടി പ്രവർത്തകരും പാർട്ടി ഗുണ്ടകളുമാണെന്നു പൊലീസ് കണ്ടെത്തുകയും അവരെ കോടതി ശിക്ഷിക്കുകയും ചെയ്ത ശേഷവും പാർട്ടിയും പാർട്ടി നയിക്കുന്ന സർക്കാറും ലവലേശം മനഃസാക്ഷിയില്ലാതെ ആ കൊലയാളികളെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ശിക്ഷിക്കപ്പെട്ടവർക്ക് ജയിലിൽ നൽകുന്ന സംരക്ഷണത്തിന്റെ വിവരങ്ങൾ പത്രങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും പ്രധാനിയായ ഒരു ക്വട്ടേഷൻ ഗുണ്ടയ്ക്ക് ജയിലിൽ അഞ്ചു പേർക്ക് പാർക്കാവുന്ന ഒറ്റമുറിയിൽ സുഖപ്രദമായ ജീവിതത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുകയാണ് എന്നു ചില പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജയിലിലിരുന്നും ക്വട്ടേഷൻ പ്രവർത്തനങ്ങൾ തുടരാനുള്ള സൗകര്യം. അതു നോക്കിനടത്താൻ ജയിൽ ഉദ്യോഗസ്ഥരെത്തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഒരു കൊലയാളിനേതാവിന് പരോൾ കൊടുക്കാൻ സർക്കാർ സംവിധാനം പരമാവധി ശ്രമിക്കുന്നു. സി.പി.എം എന്ന പാർട്ടി ഏറ്റവുമധികം ആക്ഷേപിക്കപ്പെട്ട, പാർട്ടിക്ക് ഏറ്റവും ചീത്തപ്പേരുണ്ടാക്കിയ കൊലപാതകത്തിന്റെ തുടർക്കഥകളാണ് ഇതെല്ലാം. ഇതു വായിച്ചറിയുന്ന ആരെങ്കിലും കാസർക്കോട് ഇരട്ടക്കൊലയ്ക്ക് ശേഷം നടന്ന കോടിയേരിയുടെ ഭാഗിക കുമ്പസാരം വിശ്വസിക്കുമെന്നു തോന്നുന്നില്ല.

അവിചാരിതമായി ഉണ്ടായ ഏറ്റുമുട്ടലിൽ ആരോ കത്തിയെടുത്തു കുത്തിയപ്പോൾ ഉണ്ടായ യാദൃച്ഛിക മരണമായിരുന്നില്ല രണ്ടു ചെറുപ്പക്കാരുടേത്. പ്രതികാരം ചെയ്യാനുറച്ച സംഘം വീണ്ടും വീണ്ടും വെട്ടി തലയോട് പിളർത്തിയാണ് രണ്ടു പേരെയും കൊന്നത്. ഇത്രയും പ്രതികാരം ഉണ്ടാകാൻ എന്താണ് സംഭവിച്ചത്? ഒരു ഏറ്റുമുട്ടൽ, അടിപിടി. അതു മതിയായിരുന്നു പാർട്ടി ഗുണ്ടകൾക്ക് രണ്ടു ചെറുപ്പക്കാരുടെ കഥ കഴിക്കാൻ. ഈ പാർട്ടിക്കെതിരായി ആരും പ്രവർത്തിക്കേണ്ട എന്ന വ്യക്തമായി മുന്നറിയിപ്പ്. പാർട്ടി പ്രചാരണജാഥയും തെരഞ്ഞെടുപ്പും മുന്നിലുള്ളപ്പോഴായിരുന്നില്ല ഇരട്ടക്കൊല നടത്തേണ്ടത് എന്ന തന്ത്രപരമായ മുൻകരുതൽ പാലിച്ചില്ല എന്നതു മാത്രമാണ് ഗുണ്ടകൾക്ക് ഉണ്ടായ വീഴ്ച. അതു ടി.പി ചന്ദ്രശേഖരന്റെ കൊലയാളികളും വരുത്തിയ വീഴ്ചയാണ്. മറ്റെല്ലാ കാര്യത്തിലും കൊല പാർട്ടി താല്പര്യം സംരക്ഷിക്കാനുള്ള കൊല തന്നെ. അടിപിടിക്ക് മറുപടി കൊല എന്ന നില ഇന്നും മാറിയിട്ടില്ല. മാറ്റണമെന്ന് പൊതുസമൂഹവും മറ്റു കാര്യങ്ങളിൽ പാർട്ടിയോട് അനുഭാവം ഉള്ള വ്യക്തികളും ആഗ്രഹിക്കുന്നുണ്ടെന്ന് പാർട്ടിക്കറിയാം. പക്ഷേ, പാർട്ടിയിൽ കാര്യങ്ങൾ നിയന്ത്രിക്കുന്ന നല്ലൊരു വിഭാഗം നിലപാട് മാറ്റിയിട്ടില്ല. പാർട്ടിക്കകത്ത് എന്താണ് സംഭവിക്കുന്നത് എന്നു പുറത്തുള്ളവർക്ക് അറിയാൻ പറ്റില്ല. പഴയ കാലത്തെ അതേതരം ഇരമ്പുമറയിലാണ് ഇപ്പോഴും ആ പാർട്ടി പ്രവർത്തിക്കുന്നത്. കമ്മിറ്റി യോഗങ്ങളും ചർച്ചകളുമെല്ലാം മുറ പോലെ നടക്കും. അതിനുമുപ്പുറത്ത് ക്വട്ടേഷൻപണികളും കൊലപാതകാസൂത്രണങ്ങളുമെല്ലാം നടക്കുന്നു.

കല്ല്യോട്ട് തന്നിത്തോട് റോഡിലെ കൃപേഷിന്റെ വീടിനെക്കുറിച്ചുള്ള വിവരണവും ആ വീടിന്റെ ഫോട്ടോയും കാണുന്ന ആരുടെയും നെഞ്ച് തകർന്നു പോവും. ഇത്രയും ദരിദ്രമായ സാഹചര്യത്തിൽ ജീവിക്കുന്ന, 21 വയസ്സു തികയാത്ത ഒരു ചെറുപ്പക്കാരന്റെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനമെടുത്തവർ പൊതുപ്രവർത്തകരാണോ, പാർട്ടിക്കാരാണോ, എന്തെങ്കിലും വിശ്വാസപ്രമാണങ്ങൾ ഉള്ളവരാണോ....? മനുഷ്യത്വമാണ് എല്ലാ പ്രത്യയശാസ്ത്രങ്ങളുടെയും അടിസ്ഥാനം എന്ന ആദ്യപാഠം ഇവരെയാരും പഠിപ്പിച്ചില്ലെന്നോ.... പൊതുപ്രവർത്തനത്തിനും പാർട്ടി സംവിധാനങ്ങൾക്കുമെല്ലാം ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട് എന്നാണ് ഇതു തെളിയിക്കുന്നത്. ഇനി എന്നാണ് ആരാണ് കൊലക്കത്തികൾ എന്നന്നേക്കുമായി വലിച്ചെറിയാൻ ഇവരോട് പറയുക?

Read More >>