രാഷ്ട്രീയം നേരിടുന്ന ദുരവസ്ഥ

കർണാടകയിൽ നിന്നും ഗോവയിൽ നിന്നും ഉള്ള വാർത്തകൾ നമ്മുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാവിയെയും അതിൽ രാഷ്ട്രീയ പാർട്ടികൾ പുലർത്തേണ്ട സദാചാരപരമായ കീഴ് വഴക്കങ്ങളെയും കുറിച്ച് വലിയ അവിശ്വാസത്തിനാണ് കാരണമായിട്ടുള്ളത്‌

രാഷ്ട്രീയം നേരിടുന്ന ദുരവസ്ഥ

ഉരുൾപൊട്ടലിൽ ഒരു ഭൂപ്രദേശമാകെ കുത്തിയൊലിച്ചു പോകുന്ന മട്ടിലാണ് ആദ്യം കർണാടകത്തിലെയും പിന്നീട് ഗോവയിലെയും കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കാലുമാറുന്നത്. ഉത്തര-മദ്ധ്യേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നു തുടങ്ങി വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലൂടെ അത് ദക്ഷിണേന്ത്യ വഴി പടിഞ്ഞാറൻ തീരത്തേക്ക് കൂടി ഈ പ്രവണത വ്യാപിച്ചിരിക്കുകയാണ്. തെലങ്കാനയിൽ കോൺഗ്രസ് നിയമസഭാംഗങ്ങൾ കൂട്ടത്തോടെ കാലുമാറിയത് തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) യിലേക്കാണ്. ദേശീയപ്രസ്ഥാനത്തിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെയും മഹാത്മ ഗാന്ധി- പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു പാരമ്പര്യത്തിന്റെയും നേരവകാശികൾ ആകേണ്ടവരാണ് ആശയതലത്തിൽ അക്ഷരാർത്ഥത്തിൽ കോൺഗ്രസ്സിന്റെ വിരുദ്ധ ധ്രുവത്തിൽ നിൽക്കുന്ന ഒരു പാർട്ടിലേക്ക് മറുകണ്ടം ചാടുന്നത്. പണത്തോടുള്ള ആർത്തിയും അധികാര ദുർമ്മോഹവും അല്ലാതെ ഈ ചാട്ടങ്ങൾക്ക് മറ്റൊരു കാരണവും ഇല്ലെന്നത് സുവ്യക്തമാണ്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ നെഹ്‌റു യുഗത്തിന് ശേഷമാണ് 'ആയാറാം ഗയാറാം' രാഷ്ട്രീയം പൊതുവിൽ വ്യാപകമായത്. ഇന്ദിര ഗാന്ധി കോൺഗ്രസ് നേതൃത്വത്തിൽ പിടിമുറുക്കുകയും കേന്ദ്രത്തിൽ അധികാരം ഉറപ്പിക്കുകയും ചെയ്ത 1967-ലെ തെരഞ്ഞെടുപ്പിൽ പക്ഷേ, കോൺഗ്രസ്സിന് പല സംസ്ഥാനങ്ങളിലും അധികാരം നഷ്ടമായി. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിനെ അധികാര ഭ്രഷ്ടമാക്കാൻ രൂപം കൊണ്ട തട്ടിക്കൂട്ട് മുന്നണികൾ ആന്തരിക ശൈഥില്യം മൂലം ഏറെ വൈകാതെ തകർന്നു. തുടർന്നിങ്ങോട്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ കാലുപിടുത്തവും കാക്കപിടുത്തവും ഒട്ടും അസാധാരണമല്ലാതായി. ഇതിനൊപ്പം പറയേണ്ട മറ്റൊരു വസ്തുത, തങ്ങളുടെ പ്രതിപുരുഷന്മാരായി സംസ്ഥാന തലസ്ഥാനങ്ങളിൽ ചെല്ലും ചെലവും നല്കി കേന്ദ്ര സർക്കാർ പ്രതിഷ്ഠിക്കുന്ന ഗവർണർമാരുടെ നിലപാടുകളാണ്. കേന്ദ്ര ഭരണകക്ഷിയുടെ കാര്യസ്ഥന്മാരായാണ് ഭരണപ്രതിസന്ധിയുണ്ടാവുമ്പോൾ ഗവർണർമാർ പെരുമാറാറുള്ളത്. ഇപ്പോൾ രാഷ്ട്രീയ പ്രതിസന്ധി മൂർച്ചിച്ച കർണാടകത്തിൽ നേരത്തെ എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ കക്ഷി മന്ത്രിസഭ അധികാരത്തിലേറുമ്പോൾ ഗവർണർ നടത്തിയ പക്ഷപാതപരമായ ഇടപെടലുകളെ നിയന്ത്രിച്ചത് സുപ്രിം കോടതിയായിരുന്നു. വർഷങ്ങൾക്കു മുമ്പ് കേന്ദ്ര-സംസ്ഥാന ബന്ധത്തെ കുറിച്ചും സംസ്ഥാനങ്ങളിൽ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച ഭരണഘടനയിലെ 356 ആം വകുപ്പിനെ പറ്റിയും ഉള്ള സുപ്രിം കോടതിയുടെ നിശിതമായ നിരീക്ഷണങ്ങൾക്കും സുപ്രധാന വിധിക്കും കാരണമാതും കർണാടകയാണ്. ഭരണകക്ഷിയിലെ നിന്നുള്ള കാലുമാറ്റം തന്നെയായിരുന്നു ഇതിനും കാരണം. 1989ലെ എസ്.ആർ ബൊമ്മെ കേസിലായിരുന്നു ആ വിധി.

കാലുമാറ്റത്തിന്റെ ഫലമായി കാലാവധി പൂർത്തിയാക്കും മുമ്പ് മന്ത്രിസഭകൾ തകരുന്നതും കർണാടകത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ പുതുമയുള്ളതല്ല. ആശയ പ്രതിബദ്ധത ഏതുമില്ലാത്ത, അധികാരത്തിനു വേണ്ടി മാത്രമുള്ള നെറികെട്ട മുന്നണി ബന്ധങ്ങൾക്കും മക്കൾ രാഷ്ട്രീയത്തിന്റെ തുടർച്ചയ്ക്കും കർണാടകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. നിയമലംഘനം ശീലമാക്കിയ ഖനി മാഫിയയും രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള അവിശുദ്ധ ഇടപാടുകൾക്കും കുപ്രസിദ്ധമാണ് കർണാടക. മുഖ്യമന്ത്രി കസേരക്കായി കച്ചകെട്ടിയിറങ്ങിയ ബി.ജെ.പി നേതാവ് യെദിയൂരപ്പ തന്നെ നേരത്തെ ഖനി മാഫിയയുമായുള്ള അഴിമതി ആരോപണത്തിൽപ്പെട്ടു അധികാരം നഷ്ടമാവുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ബി.ജെ.പിയിൽ നിന്നുള്ള പുറത്തുപോക്ക്, പിന്നെ സ്വന്തം പാർട്ടി രൂപീകരണം, ബി.ജെ.പിയിലേക്കുള്ള തിരിച്ചുവരവ് എന്നിങ്ങനെ സംഭവബഹുലമാണ് അദ്ദേഹത്തിന്റെ സമീപകാല രാഷ്ട്രീയ ജീവിതം.

കർണാടകയിൽ നിന്നും ഗോവയിൽ നിന്നും ഉള്ള വാർത്തകൾ നമ്മുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ ഭാവിയെയും അതിൽ രാഷ്ട്രീയ പാർട്ടികൾ പുലർത്തേണ്ട സദാചാരപരമായ കീഴ്വഴക്കങ്ങളെയും കുറിച്ച് വലിയ അവിശ്വാസത്തിനാണ് കാരണമായിട്ടുള്ളത്. കാലുമാറുക, അയാൾ സംസ്ഥാന തലസ്ഥാനത്തേക്ക് കോർപറേറ്റ് സ്ഥാപനത്തിന്റെ വിമാനത്തിൽ പറക്കുക, അവിടെ ആരൊക്കെയോ ഒരുക്കിയ സപ്തനക്ഷത്ര സുഖസൗകര്യങ്ങളിൽ മദിക്കുക, കാണാൻ ചെന്ന സഹപ്രവർത്തകനായ മന്ത്രി ഡി.കെ ശിവകുമാറിനെ പൊലീസ് സഹായത്തോടെ തടഞ്ഞുവയ്ക്കുക, പിന്നീട് അറസ്റ്റു ചെയ്യിക്കുക, കാലുമാറിയ സഹപ്രവർത്തകരെ കാണാനോ സംസാരിക്കാനോ ആവാതെ അദ്ദേഹത്തിന് തിരിച്ചു വരേണ്ടിവരിക കർണാടകത്തിലെ നാടകങ്ങൾ തുടരുകയാണ്. സമാനമാണ് ഗോവയിലെയും അവസ്ഥ. രാജിവച്ച കോൺഗ്രസ് എം.എൽ.എമാർ പറന്നത് രാജ്യ തലസ്ഥാനത്തേക്കാണ്. അവിടമാണ് തുടർനാടകങ്ങൾക്കുള്ള വേദി.

അതിനിടയിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഉയരുന്ന ഒരാവശ്യം കർണാടക മന്ത്രി ഡി.കെ ശിവകുമാറിന്റെ കോൺഗ്രസ് പ്രസിഡന്റ് ആക്കണം എന്നാണ്. പണം കൊണ്ടും കൈക്കരുത്തുകൊണ്ടും ബി.ജെ.പിയോട് മുട്ടിനിൽക്കാൻ അദ്ദേഹത്തിനേ പറ്റൂ എന്നാണ് അതിനുള്ള ന്യായീകരണം. ഇന്ത്യൻ രാഷ്ട്രീയത്തിൽ പരമകാഷ്ഠയിലെത്തിയ കോർപറേറ്റുകളുടെ ദുഃസ്വാധീനവും രാഷ്ട്രീയ നേതൃത്വങ്ങളുടെ ദല്ലാൾ പണിയും ചേർന്ന് സൃഷ്ടിച്ച ഈ ദുരവസ്ഥയിൽ നിന്ന് കരകയറാൻ കയ്യൂക്കിന്റെയും പണത്തിന്റെയും വഴിമാത്രമേ ഉള്ളൂ എന്നിടത്തേക്ക് നമ്മുടെ ബോദ്ധ്യങ്ങൾ ചെന്നെത്തിയോ?

Read More >>