കുതിരക്കച്ചവടവും കുതികാല്‍വെട്ടും

ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായി ജയിച്ച ശേഷം സ്വന്തം പാർട്ടിയെ തള്ളിപ്പറഞ്ഞ് മറ്റൊരു പാർട്ടിയിലേക്ക് പോകുന്നതിലെ ധാർമ്മികത ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്‌

കുതിരക്കച്ചവടവും കുതികാല്‍വെട്ടും

അധികാര രാഷ്ട്രീയത്തിന്റെ കൂടെപ്പിറപ്പാണ് കുതിരക്കച്ചവടവും കുതികാൽവെട്ടും. എം.എൽ.എമാരുടെ രാജിയെ തുടർന്ന് തുലാസിലായ കർണാടകയിലെ ഭരണ പ്രതിസന്ധി രാഷ്ട്രീയത്തിലെ മോശം പ്രവണതകളുടെ ഒടുവിലത്തെ അദ്ധ്യായമാണ്. രാജിവെച്ച എം.എൽ.എമാർ എവിടെയെന്നു പോലും അറിയാത്ത തരത്തിലാണ് നാടകം തുടരുന്നത്. വിഷയത്തിൽ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് തിരക്കിട്ട നീക്കം നടത്തുന്നുണ്ടെങ്കിലും പരിതാപകരമായ ഭരണ പ്രതിസന്ധിയാണ് കർണാടക അഭിമുഖീകരിക്കുന്നത്. വോട്ട് ചെയ്ത ജനങ്ങളെ ഒന്നടങ്കം പരിഹസിക്കുന്നതാണ് ഈ അധികാരക്കൊതിയുടെ രാഷ്ട്രീയം. 13 വിമത എം.എൽ.എമാരുടെ രാജിയാണ് കർണാടകയെ കുഴക്കിയത്. ഇതിൽ 10 പേർ കോൺഗ്രസ് എം.എൽ.എമാരാണ്. വിട്ടുപോയവരെ അയോഗ്യരാക്കിയാലും സർക്കാർ എത്രകാലം മുന്നോട്ടു പോകുമെന്ന കാര്യത്തിൽ ഉറപ്പില്ല. തൂക്കുസഭയുടെ എല്ലാ പ്രയാസങ്ങളും പേറിയാണ് കർണാടക സർക്കാർ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

വിമത പ്രവർത്തനത്തോടൊപ്പം എം.എൽ.എമാർ രാജിവെച്ച് ബി.ജെ.പിയിലേക്ക് പോകുന്നതും കോൺഗ്രസ്സിന് വലിയ ഭീഷണിയാണ്. പാർട്ടിയുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു ശേഷം കോൺഗ്രസ് നേരിടുന്ന വലിയ പ്രതിസന്ധിയാണ് കർണാടക. ശിവാജി നഗർ എം.എൽ.എയായ രോഷൻ ബെയ്ഗാണ് രാജി വച്ച് ബി.ജെ.പിയിലേക്ക് ചേക്കേറുന്നത്. നേരത്തെ രാജി വെച്ച എം.എൽ.എമാരായ സ്വതന്ത്രൻ എച്ച് നാഗേഷും, കെ.പി.ജെ.പി എം.എൽ.എ ആർ. ശങ്കറും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. നിയമസഭയിൽ 105 എം.എൽ.എമാർ സ്വന്തമായുള്ള ബി.ജെ.പിക്ക് ഇതോടെ ഭൂരിപക്ഷം 108 ആയി എന്നാണ് യെദിയൂരപ്പയുടെ അവകാശവാദം. 14 പേരുടെ രാജി അംഗീകരിച്ച് കഴിഞ്ഞാൽ 225 അംഗ നിയമസഭയിൽ 211 ആയി സഖ്യം ചുരുങ്ങും. ഇതോടെ അധികാരമുറപ്പിക്കാനുള്ള കേവലഭൂരിപക്ഷം 106 ആയി കുറയും. 107 പേർ കൈയിലുണ്ടെങ്കിൽ അധികാരം ഉറപ്പാണെന്നും അത് തങ്ങൾക്കുണ്ടെന്നുമാണ് യെദിയൂരപ്പ പറയുന്നത്. യാതൊരു ഒളിയും മറയുമില്ലാതെയുള്ള കുതിരക്കച്ചവടമാണ് നടക്കുന്നത്.

മന്ത്രി ഡി.കെ ശിവകുമാറാണ് കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന്റെ രാജശില്പി. എന്നാൽ ഈ പ്രതിസന്ധിയിൽ അദ്ദേഹത്തിനു പോലും പിടിച്ചുനിൽക്കാനാകാത്ത സ്ഥിതിയാണ്. എം.എൽ.എമാരെ പാട്ടിലാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. വിമതന്മാരിൽ ഒരാൾക്ക് ഉപമുഖ്യമന്ത്രി പദവി നൽകി പ്രശ്നം പരിഹരിക്കാനും ആലോചനയുണ്ട്. റിസോർട്ടുകളിൽനിന്ന് റിസോർട്ടുകളിലേക്കാണ് എം.എൽ.എമാരെ മാറ്റിക്കൊണ്ടിരിക്കുന്നത്. ചാക്കിട്ടുപിടുത്തം കൊണ്ട് റിസോർട്ട് വ്യവസായികളാണ് പച്ചപിടിക്കുന്നത്. എം.എൽ.എമാരെ അയോഗ്യരാക്കാൻ സ്പീക്കറോട് ശിപാർശ ചെയ്യുകയാണ് പോംവഴി. എന്നാൽ സ്പീക്കറുടെ നിലപാട് എന്താവുമെന്ന സംശയം നിലനിൽക്കുന്നുമുണ്ട്.

ഭരണത്തിലേറാനുള്ള അണിയറനീക്കങ്ങളിലാണ് ബി.ജെ.പി. എം.എൽ.എമാർ രാജിവെച്ചതിൽ തങ്ങൾക്ക് പങ്കൊന്നുമില്ലെന്ന് അവർ ആവർത്തിക്കുന്നു. സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബി.ജെ.പി നേതാക്കൾ പറയുന്നു. സ്പീക്കർക്കൊപ്പം ഗവർണറുടെ നിലപാടും ഇവിടെ നിർണായകമാണ്. മന്ത്രി സ്ഥാനമെന്ന ചൂണ്ടയിൽ വിമതർ കൊത്താതിരുന്നതാണ് കോൺഗ്രസ്സിന് തിരിച്ചടിയായത്. സർക്കാർ വീഴാതിരിക്കാനുള്ള പിടിവള്ളികളെല്ലാം ഓരോ ദിവസവും അറ്റുപോകുന്നതാണ് കർണാടകയിൽ കണ്ടത്. മുംബൈയിലേക്ക് മുങ്ങിയ വിമതർ ആരും തിരിച്ചെത്തിയില്ല.തനിച്ച് 105 എം.എൽ.എമാരുള്ള ബി.ജെ.പിക്ക് രണ്ടാളെ കൂടി കിട്ടിയാൽ അധികാരം നേടാമെന്നിരിക്കെ കോൺഗ്രസ്സിന്റെ അടവുകൾക്ക് പരിധിയുമുണ്ട്. അടുത്തയാഴ്ച സർക്കാരുണ്ടാക്കുമെന്നാണ് ബി.ജെ.പി പറയുന്നത്.

രാഷ്ട്രീയത്തിൽ മൂല്യങ്ങൾക്കോ ധാർമ്മികതക്കോ ഇടം കുറവാണെന്നു തെളിയിക്കുകയാണ് കർണാടകയിൽനിന്നുള്ള വാർത്തകൾ. ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധിയായി ജയിച്ച ശേഷം സ്വന്തം പാർട്ടിയെ തള്ളിപ്പറഞ്ഞ് മറ്റൊരു പാർട്ടിയിലേക്ക് പോകുന്നതിലെ ധാർമ്മികത ചോദ്യം ചെയ്യപ്പെടേണ്ടതു തന്നെയാണ്. കൂറുമാറ്റ നിരോധന നിയമം പോലുള്ളവ ഉണ്ടായത് ഇത്തരം കളികൾ അവസാനിപ്പിക്കാനാണ്. എന്നാൽ ലാഭമുള്ളിടത്തേക്ക് നീങ്ങുന്ന കളി ഏതു നിയമം വന്നാലും ഇല്ലാതാകാൻ പോകുന്നില്ല. വിശ്വസിച്ച് കൂടെനിന്ന‌ നേതാക്കളെയും അനുയായികളെയും തള്ളിപ്പറഞ്ഞ് മറുകണ്ടം ചാടുന്നവർ നൽകുന്ന സന്ദേശം രാഷ്ട്രീയത്തെ തന്നെ മോശമാക്കുന്നതാണ്.

നിയമ നിർമ്മാണത്തിനും ജനസേവനത്തിനുമാണ് നേരത്തെ പലരും രാഷ്ട്രീയപ്രവർത്തനം തെരഞ്ഞെടുത്തിരുന്നത്. എന്നാൽ സ്വന്തം ജീവിത സുഖങ്ങൾക്കും തനിക്കു ശേഷമുള്ള തലമുറകൾക്കും സമ്പാദിച്ചുവെക്കാനുള്ള കുറുക്കുവഴിയായി ചിലർ രാഷ്ട്രീയത്തെ മാറ്റി. അധികാര രാഷ്ട്രീയത്തിന്റെ ചക്കരക്കുടത്തിൽ കൈയിട്ടു വാരാനുള്ള ശ്രമങ്ങൾ അധികരിച്ചത് അതിന്റെ ഫലമാണ്. ഏതാനും ചിലർ ചെയ്യുന്ന തെറ്റിന് ആ സമൂഹം ഒന്നടങ്കം പാപഭാരം പേറേണ്ടതുപോലെ രാഷ്ട്രീയക്കാരിൽ ചിലർ ചെയ്യുന്ന തെറ്റിന് രാഷ്ട്രീയ പ്രവർത്തകരെല്ലാം മോശക്കാരാവുന്ന സാഹചര്യമുണ്ട്. ശമ്പളത്തിനു പുറമെയുള്ള അലവൻസുകളും കരാറുകൾക്കുള്ള കമ്മിഷനുകളുമെല്ലാം രാഷ്ട്രീയക്കാരെ അതിമോഹികളാക്കുന്നുണ്ട്. സാമ്പത്തിക താല്പര്യങ്ങളും അധികാര മോഹവുമാണ് രാഷ്ട്രീയത്തെ മലീമസമാക്കുന്നത്. കർണാടക സർക്കാർ വീണാലും ഇല്ലെങ്കിലും ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ കറുത്ത പുള്ളിയായി ഈ സംഭവം മാറും. രാഷ്ട്രീയം അധികാരത്തിനു വേണ്ടിയുള്ള കുറുക്കു വഴി മാത്രമല്ലെന്ന സന്ദേശം നൽകാനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധിക്കേണ്ടത്.

Read More >>