വോട്ടവകാശമെന്ന പ്രവാസി മരീചിക

110 രാജ്യങ്ങളിലെ 25 മില്ല്യൺ വരുന്ന ഇന്ത്യൻ പ്രവാസികൾ വോട്ടവകാശത്തിലൂടെയെങ്കിലും പരിഗണിക്കപ്പെട്ടേ തീരൂ.

വോട്ടവകാശമെന്ന പ്രവാസി മരീചിക

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും പ്രവാസികൾക്ക് നേരിട്ട് ഹാജരാകാതെ വോട്ടവകാശം സാദ്ധ്യമാകുമോ എന്ന ചോദ്യം വീണ്ടും ഉയർന്നിരിക്കുകയാണ്. ഇതിനുള്ള സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുമായി കൂടിയാലോചന തുടങ്ങിയിട്ടുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പ്രതീക്ഷ നൽകുന്നതാണ്. പോസ്റ്റൽ വോട്ട്, പ്രോക്‌സി വോട്ട് എന്നിവയിൽ ഏതെങ്കിലും സംവിധാനം ഉപയോഗിച്ച് പ്രവാസി വോട്ട് യാഥാർത്ഥ്യമാക്കണമെന്ന പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീറിന്റെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിന് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. ശാരീരിക സാന്നിദ്ധ്യമില്ലാതെ വോട്ടു ചെയ്യാനുള്ള അവസരത്തിനാണ് പ്രവാസികൾ കാത്തിരിക്കുന്നത്. എന്നാൽ നിലവിലുള്ള വ്യവസ്ഥകൾ അനുസരിച്ച് അതിന് സാദ്ധ്യമല്ല. കേരള പഞ്ചായത്ത് രാജ് ചട്ടങ്ങൾ ഉൾപ്പെടെ ഭേദഗതി വരുത്തിയാലേ ഇക്കാര്യത്തിൽ അന്തിമതീരുമാനത്തിൽ എത്താൻ കഴിയൂ. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടും പ്രധാനമാണ്. പ്രവാസി വോട്ടവകാശം സാദ്ധ്യമാക്കുന്നതിന് തടസ്സമായ സങ്കീർണ്ണ വ്യവസ്ഥകളിൽ ഉടൻ ഇളവു വരുത്തേണ്ടതുണ്ട്. പ്രവാസി വോട്ട് യാഥാർത്ഥ്യമാക്കാൻ 1994ലെ പഞ്ചായത്ത് രാജ് ആക്ട് ഭേദഗതിക്കായി ഒരു നിർദ്ദേശം തെരഞ്ഞെടുപ്പ് കമ്മിഷൻ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. 74, 76 വകുപ്പുകൾ പ്രോക്‌സി വോട്ടിങ്ങിന് ആവശ്യമായ വ്യവസ്ഥകൾ ചേർത്ത് പരിഷ്‌ക്കരിക്കുകയാണ് ലക്ഷ്യം. പ്രോക്‌സി വോട്ട് നിലവിൽ വന്നാൽ പ്രവാസികൾക്ക് മാത്രമല്ല, പൊലീസ് അടക്കം സുരക്ഷാ സേനയിലെ അംഗങ്ങൾക്കും അവരുടെ പങ്കാളികൾക്കും ഈ അവസരം ഉപയോഗപ്പെടുത്താനാവും.

2010ലെ ജനപ്രാതിനിധ്യ ഭേദഗതി നിയമപ്രകാരം വിദ്യാഭ്യാസ, തൊഴിൽ ആവശ്യങ്ങൾക്ക് മറുനാടുകളിൽ പോയ പ്രവാസികൾക്ക് തന്റെ പാസ്‌പോർട്ടിൽ ഉള്ള വിലാസം എവിടെയാണോ അവിടെ വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. ഒരു രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയുടെ പ്രധാന അവകാശികളായ പ്രവാസികൾക്ക് ലഭിച്ച വലിയ അംഗീകാരമായിരുന്നു ഇത്. എന്നാൽ വോട്ട് ചെയ്യാൻ നാട്ടിലെത്തുക എന്നത് വലിയൊരു വിഭാഗത്തിന് പ്രായോഗികമല്ല. ഈ സാഹചര്യത്തിലാണ് പ്രവാസികൾക്ക് ഓൺലൈൻ വോട്ട്, പകരക്കാരനെ വെച്ചുള്ള പ്രോക്‌സി വോട്ട്, തപാൽ വോട്ട് തുടങ്ങിയ പരിഹാരങ്ങൾ മുന്നോട്ടുവെച്ചത്. സുപ്രിം കോടതിയിൽ അനുഭാവത്തോടെയുള്ള പരിഗണനയാണ് പ്രവാസികൾക്ക് ലഭിച്ചത്. എന്നാൽ പ്രായോഗിക തലത്തിലുള്ള പ്രശ്നങ്ങളാണ് പ്രവാസി വോട്ട് സാദ്ധ്യമാവാത്തതിന് പ്രധാന കാരണം. സുതാര്യത ഉറപ്പുവരുത്താൻ കഴിയുമോ എന്ന ഭയമാണ് ഇതിൽ പ്രധാനം. വോട്ടിങ് മെഷീൻ ഉൾപ്പെടെ പഴികേൾക്കുന്ന ഒരുകാലത്ത് പ്രവാസികളുടെ പകരം വോട്ടിങ് സംവിധാനം ത്രിശങ്കുവിൽത്തന്നെയാണ്. ഇടക്കിടെ ഈ ചർച്ച ഉയർത്തിക്കൊണ്ടു വരിക എന്നതിനപ്പുറത്തുള്ള പരിഹാരങ്ങളിലേക്ക് രാഷ്ട്രീയ നേതൃത്വവും മുന്നോട്ടു പോകുന്നില്ല. സുപ്രിംകോടതി നിർദ്ദേശിച്ച കാര്യങ്ങളിൽപോലും വ്യക്തതയില്ല. രാഷ്ട്രീയ കക്ഷി നേതൃത്വങ്ങളാണ് ഇക്കാര്യത്തിൽ ചങ്കൂറ്റത്തോടെയുള്ള തീരുമാനത്തിന് മുൻകൈ എടുക്കേണ്ടത്.

രാഷ്ട്രീയ പാർട്ടികൾക്കോ മത സ്ഥാപനങ്ങൾക്കോ നാട്ടുകാർക്കോ വീട്ടുകാർക്കോ ആവട്ടെ, എന്ത് ആവശ്യപ്പെട്ടാലും വാരിക്കോരി കൊടുക്കുന്നു എന്നതാണ് പ്രവാസികളെ വിലമതിക്കാനുള്ള കാരണങ്ങളിൽ പ്രധാനം. ജോലി ചെയ്യുന്ന അതേ രാജ്യത്തിരുന്ന് ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയോ പകരക്കാരനെ വെച്ചോ ഇനി വോട്ട് ചെയ്യാം എന്ന വാർത്ത ലക്ഷക്കണക്കിന് പ്രവാസികൾക്ക് ആശ്വാസം നൽകുന്നതായിരുന്നു. ആ വാർത്ത കേട്ടുകഴിഞ്ഞ ശേഷവും ധാരാളം തെരഞ്ഞെടുപ്പുകൾ കഴിഞ്ഞു. പ്രോക്‌സി വോട്ട് വേണോ തപാൽ വോട്ട് വേണോ എന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനം ആയിട്ടില്ല.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തു നിന്ന് വന്നവർക്ക് ഏറ്റവുമടുത്ത കാലത്ത് ജനാധിപത്യം പരീക്ഷിച്ച രാജ്യങ്ങൾ പോലും പ്രവാസ ലോകത്തിരുന്ന് വോട്ട് ചെയ്യുന്നത് കാഴ്ചക്കാരായി നോക്കിനിൽക്കേണ്ടി വന്നിരുന്നു. പല രാജ്യങ്ങളുടെയും എംബസികളിൽ ഇതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. എന്നാൽ പ്രസിഡൻഷ്യൽ രീതിയിലുള്ള തെരഞ്ഞെടുപ്പുകൾക്കേ ഇത് പ്രായോഗികമാവുന്നുള്ളൂ. ഇന്ത്യ പോലെ വലിയ ഒരു രാജ്യത്തിന് പരിമിതികളുണ്ട്. സാധാരണ പ്രവാസികൾക്ക് എംബസികളിൽ എത്തി വോട്ട് ചെയ്യുക എന്നത് സാദ്ധ്യവുമല്ല. എംബസികളാണെങ്കിൽ ആവശ്യത്തിന് ജീവനക്കാരില്ലാതെ വീർപ്പുമുട്ടുകയുമാണ്. എന്നാൽ ഈ ന്യായങ്ങളൊന്നും അവർക്ക് വോട്ടവകാശം അനുവദിക്കാതിരിക്കാനുള്ള കാരണങ്ങളുമല്ല. ഇന്ത്യയിലെ 4.5% കുടുംബങ്ങൾ പുലരുന്നത് വിദേശ വരുമാനം കൊണ്ടാണ്. കേരളം, കർണാടക, പഞ്ചാബ്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ. ജി.ഡി.പിയുടെ 3 മുതൽ 4% വരെ സംഭാവന ചെയ്യുന്നത് വിദേശ നാണ്യമാണ്. ശരാശരി 70 ബില്ല്യൺ ഡോളറാണ് ഇവരിൽനിന്ന് ഇന്ത്യയിലേക്ക് പ്രതിവർഷം ഒഴുകുന്നത്. ഇത്രയും വലിയ സാമ്പത്തിക നേട്ടത്തിന് കാരണമായ ജനവിഭാഗത്തെ പാടെ അവഗണിച്ചുകൊണ്ട് ഇനിയും ഭരണകൂടത്തിന് മുന്നോട്ടു പോകാനാവില്ല. ലോകത്തെ എഴുപതോളം രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് വിദേശങ്ങളിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. 110 രാജ്യങ്ങളിലെ 25 മില്ല്യൺ വരുന്ന ഇന്ത്യൻ പ്രവാസികൾ വോട്ടവകാശത്തിലൂടെയെങ്കിലും പരിഗണിക്കപ്പെട്ടേ തീരൂ. അതിനുള്ള പ്രായോഗിക ശ്രമങ്ങൾ ഇനിയും വൈകിക്കൂടാ.

Read More >>