കാരുണ്യം കൈവിടരുത്

കാരുണ്യ പോലുള്ള, ഏറെ ജനങ്ങൾ ആശ്രയിച്ച ബൃഹദ്പദ്ധതി പൊടുന്നനെ മരവിപ്പിക്കുമ്പോൾ രോഗികൾക്കു പകരം സംവിധാനം ഏർപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ കുറേക്കൂടി ജാഗ്രത പുലർത്തേണ്ടിയിരുന്നു

കാരുണ്യം കൈവിടരുത്

സാധാരണക്കാരുടെ കണ്ണീരൊപ്പാൻ കൂടെ നിന്ന സർക്കാർ പദ്ധതിയായിരുന്നു കാരുണ്യ ബെനവലന്റ് ഫണ്ട്. ലോട്ടറി വരുമാനത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് സംസ്ഥാനത്തെ ആയിരക്കണക്കിന് നിർദ്ധന രോഗികൾക്കു ചികിത്സ ഉറപ്പുവരുത്താനും അവരുടെ സാമ്പത്തിക ബാദ്ധ്യതകൾ കുറച്ചുകൊണ്ടുവരാനും ഒരളവുവരെ പദ്ധതികൊണ്ടു സാധിച്ചിരുന്നു. കഴിഞ്ഞ സർക്കാറിന്റെ, വിശിഷ്യാ അന്നത്തെ ധന മന്ത്രി കെ.എം മാണിയുടെ ആത്മാർത്ഥമായ ഇടപെടലാണ് കാരുണ്യ പദ്ധതി വഴി സാധാരണക്കാരന് കാരുണ്യം പകരാനുള്ള വഴിയൊരുക്കിയത്. സമാനമായ ലക്ഷ്യം മുന്നിൽ കണ്ടു, അധികാരമേൽക്കും മുമ്പ് ഇടതുമുന്നണി നൽകിയ വാദ്ഗാനമായിരുന്നു മെച്ചപ്പെട്ട ആരോഗ്യ ഇൻഷുറൻസ് പദ്ധതി. പിണറായി വിജയൻ സർക്കാർ അധികാരമേറ്റയുടൻ പുതിയ പദ്ധതിയെ കുറിച്ചു വിശദമാക്കുകയും നടപടി വേഗത്തിലാക്കുകയും ചെയ്തു. നിലവിലുള്ള എല്ലാ ഇൻഷുറൻസ് പദ്ധതികളെക്കാളും പരിരക്ഷയും ആനുകൂല്യവും മെച്ചപ്പെട്ട ചികിത്സയും ഉറപ്പുവരുത്തുമെന്ന പ്രത്യേകതയോടെയാണ് ഏപ്രിൽ 1ന് സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. എന്നാൽ പദ്ധതിയുടെ സാങ്കേതികമായ നടപടി ക്രമങ്ങൾ പൂർണ്ണതോതിൽ പ്രാവർത്തികമാക്കുന്നതിനു മുമ്പ് നിലവിലുണ്ടായിരുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് നിർത്തലാക്കിയത് ജനങ്ങളെ ഏറെ വലയ്ക്കും.

കാരുണ്യ ചികിത്സാ പദ്ധതി നിർത്തലാക്കിയതു മൂലം രോഗികൾ വലയുന്നു എന്ന വാർത്തകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വരുന്നത്. ഹൃദയശസ്ത്രക്രിയയ്ക്കു മാസങ്ങൾക്കു മുമ്പ് ദിവസം അനുവദിച്ചു കിട്ടിയവർ ആശുപത്രിയിലെത്തിയപ്പോഴാണ് കാരുണ്യ നിർത്തലാക്കിയ കാര്യം അറിയുന്നതു തന്നെ. പകരം സംവിധാനം ഏർപ്പെടുത്തിയ ശേഷം മാത്രമേ നിലവിലെ പദ്ധതി പിൻവലിക്കുകയുള്ളൂ എന്നാണ് കഴിഞ്ഞ ദിവസം വരെ ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയസഭയ്ക്കു ഉറപ്പുനൽകിയത്. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. പല ആശുപത്രികളിലും പുതിയ പദ്ധതിയുടെ പ്രാരംഭ നടപടികൾ പോലും തുടങ്ങിയിട്ടില്ല. പദ്ധതിയിൽ അംഗത്വമെടുക്കാതെ തന്നെ ആശുപത്രിയിലെത്തി ചികിത്സ തേടാമെന്നും അവിടെ വെച്ച് അംഗത്വമെടുക്കാമെന്നും ആരോഗ്യ വകുപ്പു വിശദീകരിക്കുമ്പോഴും പല ആശുപത്രികളും ഇതിനോടു മുഖം തിരിക്കുകയാണ്. പ്രതിവർഷം അഞ്ചു ലക്ഷം രൂപയുടെ ഇൻഷൂറൻസ് പരിരക്ഷയാണ് പദ്ധതിയിലുള്ളത്. ഇതു മതിയാവില്ലെന്ന നിലപാടിലാണ് സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികൾ വരെ. അതുകൊണ്ടു തന്നെ പല ആശുപത്രികളും പദ്ധതിയുമായി സഹകരിക്കാൻ വിമുഖത കാട്ടുകയാണ്.

സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികൾ ഈ സമീപനം തുടരുന്നത് രോഗികൾക്കു വലിയ പ്രയാസം സൃഷ്ടിക്കുന്നു എന്ന വസ്തുത അധികൃതർ അറിയാതെ പോകരുത്. മാരക രോഗങ്ങൾ ബാധിച്ചവരുൾപ്പെടെയുള്ള നിർദ്ധന രോഗികളുടെ ഏക ആശ്രയം സർക്കാർ ആശുപത്രികളാണ്. അതിൽ തന്നെ റീജിയണൽ ക്യാൻസർ സെന്റർ, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, മലബാർ ക്യാൻസർ സെന്റർ എന്നീ സ്ഥാപനങ്ങളെയാണ് രോഗികൾ പ്രധാനമായും ആശ്രയിക്കുന്നത്. പുതിയ ആരോഗ്യ പദ്ധതിയുമായി സഹകരിക്കില്ലെന്ന നിലപാടിലായിരുന്നു ഈ ആശുപത്രികൾ. എന്നാൽ കടുത്ത സമ്മർദ്ദത്തെ തുടർന്നു ആർ.സി.സിയും എം.സി.സി യും പദ്ധതിയുടെ ഭാഗമാകാൻ തയ്യാറായിട്ടുണ്ട്. എന്നാൽ ശ്രീചിത്രയുടെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല. ഇക്കാര്യത്തിൽ ഉടൻ തീർപ്പുണ്ടായില്ലെങ്കിൽ നിർദ്ധനരായ രോഗികളാണ് പെരുവഴിയിലാകുക. സ്വകാര്യ ആശുപത്രികളടക്കം സംസ്ഥാനത്തു 345 ആശുപത്രികളാണ് ഇതുവരെയായി പദ്ധതിയിൽ എം പാനൽ ചെയ്യപ്പെട്ടത്. എം പാനൽ ചെയ്യപ്പെട്ട ആശുപത്രികളിൽ പകുതി സ്ഥലങ്ങളിൽ പോലും നടപടി ക്രമങ്ങൾ പൂർത്തിയായിട്ടില്ല.

പുതിയ പദ്ധതിയെ കുറിച്ച് പലർക്കും അറിവില്ല. അതുപോലെ തന്നെ പലരും പദ്ധതിയിൽ ചേർന്നിട്ടുമില്ല. വരുമാന പരിധി ഏർപ്പെടുത്തിയതും ആരോഗ്യ കാർഡ് ഇല്ലാത്തതും ഇതിനു പുറമെയുള്ള പ്രതിസന്ധികളാണ്. തുടർ ചികിത്സ വേണ്ട രോഗികൾ നേരത്തെയുള്ള പദ്ധതിയിൽ നിന്നു മാറി പുതിയതിലേക്കു വരേണ്ടുന്ന കാര്യം മനസ്സിലാക്കിയിട്ടില്ല. ഇതൊക്കെ ആശുപത്രി അധികൃതർ ശരിയാക്കും എന്ന ആരോഗ്യ വകുപ്പിന്റെ വിശദീകരണം ആരും മുഖവിലക്കെടുക്കുന്നില്ല. ഒരാശുപത്രിയും രോഗികളുടെ ഇത്തരം സാങ്കേതിക വിഷയങ്ങൾ പരിഹരിച്ചു ചികിത്സ ഉറപ്പാക്കുമെന്നു കരുതാനാകില്ല. ഇതിനു പരിഹാരം കാണാനുള്ള നടപടികൾ അതിവേഗം സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകണം. അതിനുള്ള നടപടി ക്രമങ്ങൾ അനിശ്ചിതമായി വൈകുമെങ്കിൽ കാരുണ്യ ബെനവലന്റ് പദ്ധതി തൽക്കാലത്തേക്ക് തുടരണം.

കാരുണ്യ, സംസ്ഥാന സർക്കാരിന്റെ തന്നെ നേരത്തെയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളായ ചിസ്, ചിസ് പ്ലസ്, ഒപ്പം കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് മുഖേന ലഭിക്കുന്ന സഹായം എന്നിവ സംയോജിപ്പിച്ചാണ് പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി(കാസ്പ്) തുടങ്ങിയത്. സംസ്ഥാനത്തെ 41 ലക്ഷം കുടുംബങ്ങൾക്കു മെച്ചപ്പെട്ട ചികിത്സാ സഹായം ലക്ഷ്യമിടുന്ന പദ്ധതി എന്തുകൊണ്ടും സാധാരണക്കാർക്കു ആശ്വാസമാണ്. എന്നാൽ കാരുണ്യ പോലുള്ള, ഏറെ ജനങ്ങൾ ആശ്രയിച്ച ബൃഹദ്പദ്ധതി പൊടുന്നനെ മരവിപ്പിക്കുമ്പോൾ രോഗികൾക്കു പകരം സംവിധാനം ഏർപ്പെടുത്തുന്ന കാര്യത്തിൽ സർക്കാർ കുറേക്കൂടി ജാഗ്രത പുലർത്തേണ്ടിയിരുന്നു.

Read More >>