തെരഞ്ഞെടുപ്പ് പ്രചാരണമായി പ്രവാസി ഭാരതീയ ദിവസ്

എമിഗ്രേഷൻ കാർക്കർശ്യങ്ങൾ, പുതിയ പാസ്‌പോർട്ട് സംവിധാനം, തൊഴിൽ പ്രതിസന്ധി, പ്രവാസി വോട്ടിലെ ആശയക്കുഴപ്പം എന്നിങ്ങനെ നൂറുകൂട്ടം കാര്യങ്ങളുണ്ടായിട്ടും അവയൊന്നും ചർച്ചയാകാത്തത് പ്രവാസി ഭാരതീയ ദിവസിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്നതാണ്‌

തെരഞ്ഞെടുപ്പ് പ്രചാരണമായി പ്രവാസി ഭാരതീയ ദിവസ്

ഇന്ത്യക്കാരായ പ്രവാസികൾക്ക് അവരുടെ കാര്യങ്ങൾ ചർച്ച ചെയ്യാനായി ഒരു ദിവസം. പ്രവാസി ഭാരതീയ ദിവസ് എന്ന കൂടിച്ചേരൽ കൊണ്ടുള്ള ലക്ഷ്യം അതായിരിക്കുമെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വരാണസിയിൽ സമാപിച്ച പ്രവാസി ഭാരതീയ ദിവസ് പൂർണ്ണമായും സർക്കാർ മേളയായി മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും എൻ.ഡി.എ സർക്കാർ നടപ്പാക്കുന്ന പദ്ധതികളെയും പ്രമോട്ട് ചെയ്യാനും പരിചയപ്പെടുത്താനുമുള്ള വേദിയായി പ്രവാസി ഭാരതീയ ദിവസ് മാറി. പ്രവാസി പ്രശ്‌നങ്ങൾ ഉന്നയിക്കാനോ ചർച്ച ചെയ്യാനോ ആരെയും അനുവദിച്ചില്ല.

വിവിധ രാജ്യങ്ങളിൽനിന്ന് മലയാളികൾ ഉൾപ്പെടെ നിരവധി പ്രവാസി സംഘടനാ പ്രതിനിധികളാണ് സമ്മേളനത്തിൽ സംബന്ധിച്ചത്. മേക് ഇന്ത്യ പദ്ധതിക്കു വേണ്ടി പ്രവാസികളെ വിളിച്ചു വരുത്തിയതു പോലെയായിരുന്നു പരിപാടികൾ. പ്രവാസികളുടെ പേരിലാണ് സമ്മേളനമെങ്കിലും അവർക്കായി നീക്കിവെച്ചത് ഒരേയൊരു സെഷൻ. അതുതന്നെ സമയക്കുറവെന്നു പറഞ്ഞ് വെട്ടിച്ചുരുക്കുകയും ചെയ്തു. കേന്ദ്ര സർക്കാർ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായി പ്രവാസി ഭാരതീയ ദിവസിനെ മാറ്റിയെന്ന ആക്ഷേപം ശക്തമാണ്. കേരളത്തിന് യു.എ.ഇ സഹായം നിഷേധിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടാൻ ആർക്കും അവസരം ലഭിച്ചില്ല. പ്രധാനമന്ത്രിയുടെ മണ്ഡലം തന്നെ സമ്മേളനത്തിന് തെരഞ്ഞെടുത്തത് നേരത്തെ തന്നെ വിമർശനത്തിന് കാരണമായിരുന്നു. വിവിധ മേഖലകളിൽ പ്രവർത്തന മികവ് തെളിയിച്ച 30 പേരെ ആദരിച്ചപ്പോൾ ഐ.എം.എഫ് മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ ഗീതാ ഗോപിനാഥ്, മസ്‌ക്കത്തിലെ വ്യവസായി വി.ടി വിനോദ് എന്നീ മലയാളികളെ മാത്രമാണ് പരിഗണിച്ചത്. പുരസ്‌ക്കാരം നേടിയവരിൽ കൂടുതലും സംഘ്പരിവാർ അനുഭാവികളാണെന്നും പരാതിയുണ്ട്.

നവ ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക് എന്നതായിരുന്നു ഇത്തവണത്തെ വിഷയം. അയ്യായിരത്തോളം പ്രതിനിധികളാണ് സംബന്ധിച്ചത്. പ്രയാഗിലെ കുംഭമേള കാണാനും പ്രവാസികൾക്ക് അവസരമുണ്ടായി. മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽനിന്ന് മടങ്ങിവന്നതിന്റെ സ്മരണാർത്ഥം 2003 മുതലാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിച്ചു വരുന്നത്. ആദ്യം വർഷം തോറും നടത്തിയിരുന്ന സമ്മേളനം പിന്നീട് രണ്ടു വർഷത്തിലൊരിക്കലായി ചുരുക്കി. 15-ാമത് സമ്മേളനമാണ് വരാണസിയിൽ നടന്നത്. സാധാരണഗതിയിൽ വിദേശരാജ്യങ്ങളിൽ കഴിയുന്ന ലക്ഷക്കണക്കിന് സാധാരണക്കാരായ ഇന്ത്യക്കാരുടെ ജീവൽപ്രശ്‌നങ്ങളും അതിജീവന പരിപാടികളുമാണ് പ്രവാസി ഭാരതീയ ദിവസിൽ ചർച്ചയാകേണ്ടത്. എന്നാൽ പ്രവാസികളിലെ തന്നെ ശതകോടീശ്വരന്മാർക്ക് പരസ്പരം ഒത്തുകൂടാനുള്ള അവസരമായി ഈ സമ്മേളനം മാറുകയാണ്.

ഗൾഫ് മേഖലയിലെ പ്രവാസികൾ വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കാലത്താണ് ഈ ആഘോഷമെന്നോർക്കണം. എണ്ണ പ്രതിസന്ധി, സ്വദേശിവൽക്കരണം, തൊഴിൽ പരിഷ്‌ക്കാരങ്ങൾ എന്നിവക്കു മുന്നിൽ പകച്ചുനിൽക്കുന്ന ഗൾഫ് പ്രവാസികൾ നാടുപിടിച്ചുകൊണ്ടിരിക്കുകയാണ്. അഞ്ചു വർഷത്തിനിടെ ഗൾഫിൽ ജോലി തേടിപ്പോകുന്നവരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു. 62 ശതമാനത്തിന്റെ കുറവാണ് പുതിയ കണക്കുകൾ രേഖപ്പെടുത്തുന്നത്. ലക്ഷങ്ങൾ തിരിച്ചെത്തിക്കഴിഞ്ഞു. ഇവരുടെ പുനരധിവാസം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിലൊന്നും ക്രിയാത്മക ഇടപെടൽ നടത്താൻ സർക്കാറിന് സാധിച്ചിട്ടില്ല.

ഏറ്റവും കൂടുതൽ പൗരന്മാർ വിദേശത്ത് കുടിയേറിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കോടിക്കണക്കിന് വിദേശനാണ്യം ഇന്ത്യയിലെത്തിക്കുന്ന പ്രവാസികൾക്കു വേണ്ടി വർഷത്തിലൊരിക്കൽ നടത്തുന്ന സമ്മേളനം പ്രഹസനമായി മാറാൻ പാടില്ല. ബിസിനസ്സുകാരായ പ്രവാസികൾ നടത്തുന്ന കെട്ടുകാഴ്ചകളിലൂടെയാവരുത് ഭരണാധികാരികള്‍ പ്രവാസത്തെ വിലയിരുത്തുന്നത്. നേരത്തെ നടത്തേണ്ടിയിരുന്ന സമ്മേളനം കുംഭമേളയുമായി കൂട്ടിക്കലര്‍ത്തി മതപരമായ പരിവേഷം നൽകിയതിന്റെ യുക്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മുൻ പുരസ്‌ക്കാര ജേതാക്കളെയും സമ്മേളനത്തിൽ അവഗണിച്ചു. നരേന്ദ്ര മോദിയുടെ കാലത്ത് പുരസ്‌ക്കാരം ലഭിച്ചവരെ മാത്രം പരിഗണിച്ചാൽ മതിയെന്നായിരുന്നു തീരുമാനം.

പ്രവാസികൾക്കായി പ്രത്യേക പദ്ധതികളോ പാക്കേജുകളോ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അവിടെയും നിരാശയായിരുന്നു ഫലം. രാഷ്ട്രീയപ്രസംഗം നടത്തി പോയതല്ലാതെ പ്രധാനമന്ത്രി പ്രവാസികളുടെ പ്രശ്‌നങ്ങളെ സ്പർശിച്ചുു പോലുമില്ല.

എമിഗ്രേഷൻ കാർക്കർശ്യങ്ങൾ, പുതിയ പാസ്‌പോർട്ട് സംവിധാനം, തൊഴിൽ പ്രതിസന്ധി, പ്രവാസി വോട്ടിലെ ആശയക്കുഴപ്പം എന്നിങ്ങനെ നൂറുകൂട്ടം കാര്യങ്ങളുണ്ടായിട്ടും അവയൊന്നും ചർച്ചയാകാത്തത് പ്രവാസി ഭാരതീയ ദിവസിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്നതാണ്. നിരർത്ഥകമായിരുന്നു സമ്മേളനമെന്ന മലയാളി പ്രതിനിധികളുടെ വിലയിരുത്തൽ ഗൗരവത്തോടെ എടുക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി പോലെ സർക്കാർ പദ്ധതികൾ കണ്ടും കേട്ടും പോകാനായി വിവിധ രാജ്യങ്ങളിൽനിന്ന് ചെല്ലും ചെലവും കൊടുത്ത് പ്രതിനിധികളെ കൊണ്ടു വരേണ്ട കാര്യമില്ലല്ലോ. നാടിനും കുടുംബത്തിനും വേണ്ടി അന്യനാട്ടിൽ പോയി വിയർപ്പൊഴുക്കുന്ന സാധാരണ പ്രവാസിയുടെ പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യാതെ ഇത്തരം മാമാങ്കങ്ങൾ കൊണ്ട് ഒരു പ്രയോജനവുമില്ല. ഭാവിയിലെങ്കിലും ഇങ്ങനെ സംഭവിക്കാതിരിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ ജാഗ്രതയും ശ്രദ്ധയും ഈ വിഷയത്തിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്.

Read More >>