സംഘര്‍ഷത്തിന്റെ മുഖ്യ ഇരകള്‍

യുദ്ധങ്ങളും സംഘർഷങ്ങളും അനുഭവിച്ചുകൊണ്ടാണ് പല രാജ്യങ്ങളിലും പുതിയ തലമുറ വളരുന്നത് എന്നത് അതീവ ദുഃഖകരമാണ്. അക്രമമല്ലാതെ അവർ മറ്റൊന്നും കാണുന്നില്ല. തങ്ങൾക്ക് ഒരു പങ്കുമില്ലാത്ത യുദ്ധത്തിന്റെ കെടുതികൾ പേറുകയാണ് കുട്ടികൾ

സംഘര്‍ഷത്തിന്റെ മുഖ്യ ഇരകള്‍

യുദ്ധം ഒരിക്കലും ഏതൊരു പ്രശ്‌നത്തിനും നീണ്ടുനില്ക്കുന്ന പരിഹാരമല്ല.

-ഡോ: എ.പി.ജെ അബ്ദുൾ കലാം

2015 സെപ്തംബർ ആദ്യവാരം തുർക്കിയിലെ ബിച്ചിൽ കമിഴ്ന്ന് കിടന്ന ഐലൻ കുർദി എന്ന കുഞ്ഞിന്റെ മൃതദേഹം സമൂഹമനസ്സിൽ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല. യുദ്ധം മൂലമുള്ള അഭയാർത്ഥി പ്രവാഹത്തിന്റെ ദുരന്തമുഖം പുറത്തുകൊണ്ടുവരുന്നതായിരുന്നു ആ ചിത്രം. മദ്ധ്യധരണ്യാഴിയിലൂടെയായിരുന്നു അഭയാർത്ഥികളുടെ രക്ഷപ്പെടാനുള്ള യാത്ര. യൂറോപ്പിൽ അഭയം തേടി സിറിയയിൽ നിന്ന് പുറപ്പെട്ടവർ കയറിയ ബോട്ട്മുങ്ങിയാണ് ഐലൻ കുർദി എന്ന ആ പിഞ്ചുകുഞ്ഞു മരിച്ചത്. യുദ്ധത്തിൽ കുട്ടികളും അകപ്പെടുന്നതിന്റെ ഉദാഹരണമായിരുന്നു ഈ മൂന്നു വയസ്സുകാരൻ. സിറിയൻ അതിർത്തി നഗരമായ കൊബെയ്‌നിൽ ജനിച്ച ഐലൻ കുർദി മാതാവ് റിഹനും സഹോദരൻ ഗാലിവിനുമൊപ്പം തുർക്കിയിൽ നിന്നും പിതാവിന്റെ അടുത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ഐലനോടൊപ്പം സഹോദരനും മാതാവും മരിച്ചു.

യെമൻ യുദ്ധത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികളിലൊരാളാണ് ഫാത്തിമ ഖോബ. യെമനിലെ ആശുപത്രിയിൽ ഈ 12 കാരിയെ എത്തിക്കുമ്പോൾ തൂക്കം വെറും 10 കിലോഗ്രാം. അതിന് പുറമേ പോഷകാഹാരകുറവ് അതിതീവ്രമായിരുന്നു. തന്റെ 10 സഹോദരങ്ങൾക്കൊപ്പം ഫാത്തിമ ഖോബയും കുടുംബവും സൗദി അറേബ്യൻ അതിർത്തികളിലായിരുന്നു താമസിച്ചിരുന്നത്. യുദ്ധത്തിൽ അവരുടെ വീട് തകർന്നു തരിപ്പണമായി. അതോടെ കുടുംബത്തിന്റെ താമസം മരച്ചുവട്ടിലായി. ഭക്ഷണം കഴിക്കാൻ കുടുംബത്തിന്റെ കൈവശം പണമുണ്ടായിരുന്നില്ല. തന്മൂലം പട്ടിണിതന്നെ ശരണം. വല്ലപ്പോഴും വിശപ്പടക്കിയത് ബന്ധുക്കളും അയൽക്കാരും അന്നം നൽകിയപ്പോൾ മാത്രം. ഫാത്തിമ ഖോബയുടെ ഉപ്പക്ക് വയസ്സ് 60. അയാൾക്കാണെങ്കിൽ ജോലിയില്ല. ഇവിടെ 130 കുട്ടികളെങ്കിലും ഒരു ദിവസം വിശന്നു മരിക്കുന്നുണ്ട്.

യുദ്ധം വൻ ജീവഹാനിയാണുണ്ടാക്കുന്നത്. ഒരു കോടിയിലധികം ആളുകൾ ഒന്നാം ലോകയുദ്ധത്തിൽ മൃതിയടഞ്ഞു. രണ്ടുകോടിയിലധികം പേർക്ക് പരിക്കേറ്റു. രണ്ടാം ലോകയുദ്ധത്തിൽ എട്ടരകോടിയിലധികം ആളുകൾ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. മരിച്ചവരിൽ മൂന്നുകോടിയിലധികം സിവിലിയന്മാരായിരുന്നു. ഓരോ യുദ്ധത്തിന്റെയും കെടുതികൾ മാറാൻ വർഷങ്ങളെടുക്കുമെന്നത് നഗ്നസത്യം.

യുദ്ധത്തിന്റെ മുഖ്യ ഇരകൾ കുട്ടികളത്രെ. രാഷ്ട്രങ്ങൾ തമ്മിലുള്ള പോരാട്ടത്തിനും ഒരു രാജ്യത്തെ ആഭ്യന്തര സംഘർഷത്തിനുമിടയിൽ നിന്ദാപരമായ പെരുമാറ്റത്തിനും ലൈംഗിക ചൂഷണത്തിനും ഏറെയും വിധേയരാവുന്നത് കുട്ടികളാണ്. കുട്ടികളുടെയും സ്ത്രീകളുടെയും നേർക്കുള്ള ലൈംഗികാതിക്രമങ്ങൾ സ്ഥിരം സംഭവവുമാണ്. അതിക്രമങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും സംരക്ഷണം നല്കാതെ ശിശുക്കളുടെ നിലനിൽപ്പ് തന്നെയില്ലെന്ന് യുനൈറ്റഡ് നാഷൻസ് ചിൽഡ്രൻസ് ഫണ്ട് (യുനിസെഫ്) ചൂണ്ടിക്കാട്ടുകയുണ്ടായി. പക്ഷേ അതൊക്കെ ആരോർക്കാൻ!

യുദ്ധങ്ങളിലും സായുധപോരാട്ടങ്ങളിലും കഴിഞ്ഞവർഷം ഏറ്റവും ചുരുങ്ങിയത് 10,000 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഒരു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമേയാണ് അംഗവൈകല്യം സംഭവിച്ചവർ. സ്കൂളുകൾക്ക് നേരെ നടന്ന ആക്രമണങ്ങൾക്കിടയിൽ ബന്ധികളായി സൈന്യത്തിന് വേണ്ടി ദാസ്യവേല ചെയ്യാൻ നിർബന്ധിതരായ കുട്ടികൾ വേറെയുമുണ്ട്. 2015 ന് ശേഷം യെമനിൽ യുദ്ധത്തിലും ആഭ്യന്തര കലാപത്തിലുമായി 6700 കുട്ടികൾ കൊല്ലപ്പെട്ടതായി യുനിസെഫിന്റെ പഠനം വ്യക്തമാക്കുന്നു. 20 ലക്ഷത്തോളം കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നില്ല. 30 ലക്ഷത്തോളം കുട്ടികൾ ഗുരുതരമായ അസുഖങ്ങൾ കാരണം പ്രയാസപ്പെടുകയാണ്. ഒരു ദിവസം ചുരുങ്ങിയത് അഞ്ചു കുട്ടികൾ വീതമെങ്കിലും യെമനിൽ കൊല്ലപ്പെടുന്നു. നൈജീരിയയിൽ 881 കുട്ടികളാണ് സംഘർഷവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത്. ഇതിൽ പകുതിയിലധികവും മരിച്ചത് ചാവേർ ആക്രമണത്തിലാണ്. ബോക്കെ ഹറം തീവ്രവാദികളുമായി മാതാപിതാക്കൾക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് സുരക്ഷിതത്വത്തിന് ഭീഷണിയെന്നാരോപിച്ച് 1900 കുട്ടികളെ ഇവിടെ തടവിൽ പാർപ്പിച്ചിരിക്കുകയാണ്. സോമാലിയ അൽ-ശബാബ് തീവ്രവാദികൾ 1600 കുട്ടികളെ തട്ടിക്കൊണ്ടുപോയി തടഞ്ഞുവെച്ചിരിക്കുന്നു. ലൈംഗികാവശ്യങ്ങൾക്ക് വേണ്ടിയാണത്രെ ഇത്.

യുദ്ധങ്ങളും സംഘർഷങ്ങളും അനുഭവിച്ചുകൊണ്ടാണ് പല രാജ്യങ്ങളിലും പുതിയ തലമുറ വളരുന്നത് എന്നത് അതീവ ദുഃഖകരമാണ്. അക്രമമല്ലാതെ അവർ മറ്റൊന്നും കാണുന്നില്ല. തങ്ങൾക്ക് ഒരു പങ്കുമില്ലാത്ത യുദ്ധത്തിന്റെ കെടുതികൾ പേറുകയാണ് കുട്ടികൾ. ലോകമനസ്സാക്ഷി ഇതിനെതിരെ ഉയരണം. ഓരോ യുദ്ധവും തുടങ്ങിവെക്കുന്നത് അഹങ്കാരിയായ ഒരു ഭരണാധികാരിയായിരിക്കും. അതല്ലെങ്കിൽ ഏതെങ്കിലും സാമ്രാജ്യശക്തിയായിരിക്കും. പിന്നീടത് അവസാനിപ്പിക്കാൻ കഴിയാതെ നീണ്ടുപോവും. ഇക്കാര്യത്തിൽ സമാധാന പ്രേമികളുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ശബ്ദമുയരണം. സംഘർഷരഹിതമായ നാടുകളിലാണ് അഭിവൃദ്ധിയുണ്ടാവുക.