ആരെയും കൂസാതെ സ്വന്തം വഴിയില്‍

ഈ ചങ്കുറപ്പ് മീണയ്ക്ക് ലഭിച്ചത്, ജീവിതാനുഭവങ്ങളിൽ നിന്നു തന്നെയാണ്. മീണ എന്നത് ഒരു ജാതിപ്പേരാണ്. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും സമീപസംസ്ഥാനങ്ങളിലുമാണ് ഇക്കൂട്ടർ ഉള്ളത്. മീണ എന്നു പറഞ്ഞാൽ നമ്മുടെ മീൻതന്നെ. വിഷ്ണവിന്റെ മത്സ്യാവതാരവുമായി ബന്ധപ്പെട്ടതാണ് ഇവരുടെ ഉല്പത്തികഥ. ക്രിസ്തുവിന് മുമ്പ് ആറാം നൂറ്റാണ്ടിൽ നാടുവാണ മത്സ്യവംശരാജാക്കന്മാരുടെ പിന്മുറക്കാരാണ് മീണമാരെന്നാണ് ഒരുകഥ; ചരിത്രപരമായ തെളിവൊന്നുമില്ലെങ്കിലും ഈ വംശാഭിമാന ബോധം മീണമാരുടെ കൂടപ്പിറപ്പാണ്. പണ്ട് രാജ്യം ഭരിച്ചിരുന്നുവോ ഇല്ലേ എന്നതൊക്കെയിരിക്കട്ടെ, ഇപ്പോൾ രാജസ്ഥാനിൽ അവർ പട്ടികവർഗമാണ്; മദ്ധ്യപ്രദേശിലും മറ്റും ഒ.ബി.സിയും.

ആരെയും കൂസാതെ സ്വന്തം വഴിയില്‍

ആഴ്ച്ചക്കാഴ്ച്ച / ആരിഫ്

ദിവസവും രണ്ടുനേരം കുളിക്കുകയും നാലുപത്രങ്ങൾ വായിക്കുകയും നല്ല വിദ്യാഭ്യാസം നേടുകയും ഇൻക്വിലാബ് വിളിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞ് അഭിമാന വിജൃംഭിതരാവുന്നവരാണ് നാം മലയാളികൾ. കേരള മോഡൽ എന്നും മറ്റും ചൊല്ലിക്കൊണ്ടുള്ള പ്രബുദ്ധതാ നാട്യപ്പെരുമയുടെ ഭാഗമായി ഹിന്ദി ബെൽറ്റിനെനോക്കി കൊഞ്ഞനം കുത്താറുമുണ്ട് നമ്മൾ. ഈ ഉയർന്ന പുരികങ്ങളുടെ നേരെ വിരൽ ചൂണ്ടി നിൽക്കുകയാണിപ്പോൾ രാജസ്ഥാനിൽ നിന്നു വന്ന ഒരു ഗോത്രവർഗക്കാരൻ-കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പാപ്പീസറായി കളം നിറഞ്ഞുകളിക്കുന്ന ടിക്കാറാം മീണ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ. പി.എസ് ശ്രീധരൻ പിള്ളയുടെ വർഗ്ഗീയ വിഷപ്രസരണവും എൽ.ഡി.എഫിന്റേയും യു.ഡി.എഫിന്റേയും കള്ള വോട്ടുമെല്ലാം ഒരേപോലെ. സംഗതിയൊക്കെ കൊള്ളാം, വേല കൈയിൽ വെച്ചോണ്ടിരുന്നാൽ മതി എന്നാണ് മീണയുടെ മുന്നറിയിപ്പ്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് പറയുന്നപോലെ പാർട്ടിയേതായാലും നിയമമനുസരിച്ചാൽ മതി എന്ന് മീണ. മീണയുടെ വാക്ക് വീൺവാക്കല്ലെന്ന് അതിചടുലമായ അദ്ദേഹത്തിന്റെ നടപടികൾ സാക്ഷി.

നേരുപറഞ്ഞാൽ കേരളത്തിലെ മുന്നണികൾക്കൊന്നും ടിക്കാറാം മീണയെ ഒട്ടും പഥ്യമല്ല. മീണയുടെ ചോരക്ക് ദാഹിക്കുകയാണ് ഇടതുമുന്നണി. എൻ.ഡി.എയ്ക്ക് അദ്ദേഹത്തെ കണ്ണെടുത്താൽ കണ്ടുകൂടാ. തെരഞ്ഞെടുപ്പ് ചർച്ചയ്ക്കുവേണ്ടി വിളിച്ചുവരുത്തിയപ്പോൾ ഞാൻ നിങ്ങളുടെ ബോസാണെന്ന് പറഞ്ഞതോടെ ബി.ജെ.പിയ്ക്കാർക്ക് മീണയെ ഒട്ടും കണ്ടുകൂടാതായി; ശ്രീധരൻപിള്ള തന്നോട് രണ്ടുവട്ടം മാപ്പുചോദിച്ചുവെന്ന് വെളിപ്പെടുത്തിയ 'അഹമ്മതി' കൂടിയായപ്പോൾ ബി.ജെ.പിക്കാരുടെ കേരളത്തിലെ മുഖ്യ ശത്രു എൽ.ഡി.എഫിനും യു.ഡി.എഫിനുപകരം ടിക്കാറാം മീണ ആയതും സ്വാഭാവികം. അപ്പോഴൊക്കെ മീണയുടെ വാക്കുകൾക്ക് കയ്യടിച്ചുകൊടുത്ത സഖാക്കന്മാർക്കു ചൊറിഞ്ഞു തുടങ്ങിയത് കണ്ണൂരിലെ കള്ളവോട്ട് പിടിച്ചപ്പോൾ അദ്ദേഹം കൈക്കൊണ്ട നിലപാടോടെയാണ്; പാർട്ടിയുടെ പഞ്ചായത്തംഗത്തിനെതിരെ നടപടിയെടുക്കാൻ 'ഇയാളാരാ' എന്നാണ് ജയരാജത്രയങ്ങൾ തൊട്ട് വി.പി.പി മുസ്തഫവരേയുള്ള വടക്കുള്ള സി.പി.എം നേതാക്കന്മാരുടെ ചോദ്യം. ലീഗുക്കാരുടെ കള്ളവോട്ടുകളുടെ കള്ളി പുറത്താകുന്നതോടെ മീണ അവർക്കും പുകഞ്ഞ കൊള്ളിയാവും. പക്ഷേ കർമ്മണ്യേ വാധികാരസ്ഥ്യേ, എന്ന ഗീതാവാക്യത്തിൽ പറഞ്ഞതു പോലെയാണ് മീണയുടെ നിലപാട്. മാ ഫലേഷു കദാചന.

ഈ ചങ്കുറപ്പ് മീണയ്ക്ക് ലഭിച്ചത്, ജീവിതാനുഭവങ്ങളിൽ നിന്നു തന്നെയാണ്. മീണ എന്നത് ഒരു ജാതിപ്പേരാണ്. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും സമീപസംസ്ഥാനങ്ങളിലുമാണ് ഇക്കൂട്ടർ ഉള്ളത്. മീണ എന്നു പറഞ്ഞാൽ നമ്മുടെ മീൻതന്നെ. വിഷ്ണവിന്റെ മത്സ്യാവതാരവുമായി ബന്ധപ്പെട്ടതാണ് ഇവരുടെ ഉല്പത്തികഥ. ക്രിസ്തുവിന് മുമ്പ് ആറാം നൂറ്റാണ്ടിൽ നാടുവാണ മത്സ്യവംശരാജാക്കന്മാരുടെ പിന്മുറക്കാരാണ് മീണമാരെന്നാണ് ഒരുകഥ; ചരിത്രപരമായ തെളിവൊന്നുമില്ലെങ്കിലും ഈ വംശാഭിമാന ബോധം മീണമാരുടെ കൂടപ്പിറപ്പാണ്. പണ്ട് രാജ്യം ഭരിച്ചിരുന്നുവോ ഇല്ലേ എന്നതൊക്കെയിരിക്കട്ടെ, ഇപ്പോൾ രാജസ്ഥാനിൽ അവർ പട്ടികവർഗമാണ്; മദ്ധ്യപ്രദേശിലും മറ്റും ഒ.ബി.സിയും. കൃഷിചെയ്തും കാലിമേച്ചും കാലയാപനം. വിദ്യാഭ്യാസം കമ്മി. സാമൂഹ്യശ്രേണിയിൽ ഏറെതാഴെ. ഈ അവസ്ഥയിൽ നിന്നാണ് ടിക്കാറാം മീണയുടെ വിജയകഥയുടെ തുടക്കം.

രാജസ്ഥാനിലെ സവായ് മേധാപൂരിൽ രാത്തംഭോർ നാഷനൽ പാർക്ക് മേഖലയിൽ ജീവിച്ച ജയ്‌റാം മീണ എന്ന നിരക്ഷരനായ കൃഷിക്കാരന്റെ മനോബലമാണ് ടിക്കാറാമിനെ ഐ.എ.എസുകാരനാക്കിയത്. ജവാഹർലാൽ നെഹ്‌റുവിന്റെ പ്രസംഗം കേട്ടു ആവേശഭരിതനായ ജയ്‌റാം തന്റെ ആറുമക്കളിൽ രണ്ടുപേരെ പഠിപ്പിച്ചു. കാലിമേച്ചു നടന്ന മൂത്തമകൻ രത്തൻലാൽ ഐ.പി.എസുകാരനായി. ഒപ്പം കാലിമേച്ച ടിക്കാറാം ഐ.എ.എസുകാരനും. മലപ്പുറത്ത് സബ്കലക്ടറായി കേരള സർവീസിലെത്തിയ ടിക്കാറാം മീണ വന്നവഴി ഒട്ടും മറന്നിട്ടില്ല. അതുകൊണ്ട് മീണയ്ക്ക് ആരെയും പേടിയുമില്ല. ഈ ആത്മബലം കേരളത്തിലെ രാഷ്ട്രീയക്കാരുടെ ഉയ്യാരം കൂട്ടലിൽ പെട്ട് തളർന്നുപോവുകയില്ലെന്ന് കരുതുകയാവും ബുദ്ധി.

Read More >>