ഭയപ്പെടേണ്ട അഭയ കേന്ദ്രങ്ങള്‍

അഭയകേന്ദ്രത്തിന്റെ നടത്തിപ്പിനുള്ള കരാര്‍ ലാഭകരമായ കച്ചവടമാണ്. രാഷ്ട്രീയ ബന്ധങ്ങളുള്ളവര്‍ക്കാണ് അതു പലപ്പോഴും ലഭിക്കുന്നത്. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര സംഘടനകളൈന്ന വ്യാജേനയാണ് ഇവര്‍ സര്‍ക്കാരിനെ സമീപിക്കുന്നത്. അങ്ങിനെ കൈക്കലാക്കുന്ന ഫണ്ട് ഇവര്‍ ദുര്‍വിനിയോഗം ചെയ്യുന്നു. അഭയകേന്ദ്രത്തില്‍ പട്ടിണിയും പീഡനവും. ഒട്ടും ജാഗ്രതയില്ലാതെ നടത്തുന്ന കരാറുകാരെ തെരഞ്ഞെടുക്കുന്നതു മൂലം സംഭവിക്കുന്നതാകട്ടെ, പാവപ്പെട്ട പെണ്‍കുട്ടികള്‍ ഈ ഹിംസ്ര ജന്തുക്കളുടെ കൈകളിലെത്തുന്നു.

ഭയപ്പെടേണ്ട അഭയ കേന്ദ്രങ്ങള്‍

പ്രത്യേക ലേഖകന്‍

അഭയകേന്ദ്രമെന്ന് പറഞ്ഞാല്‍ അതിനു പിന്നെയൊരു വിശദീകരണത്തിന്റെ ആവശ്യമില്ല. അതൊരു വീടാണ്. അശരണര്‍ക്ക് അഭയമാകുന്ന വീട്. നമ്മുടെ രാജ്യത്തു വന്‍നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമൊക്കെ അത്തരം അനവധി അഭയകേന്ദ്രങ്ങളുണ്ട്. ഉറ്റവര്‍ അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തവരാണ് അവയിലെ അന്തേവാസികള്‍. അഭയകേന്ദ്രം സുരക്ഷിതമായ ഒരു പാര്‍പ്പിടമാണെന്നാണ് സങ്കല്‍പം.

ബിഹാറിലെ മുസഫര്‍പൂരിലെത്തുമ്പോള്‍ ഇപ്പറഞ്ഞതൊക്കെ വെറുതെ. ഈ സങ്കല്‍പ്പങ്ങളുടെ നേര്‍വിപരീതമാണു സംഭവിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ അഭയകേന്ദ്രത്തില്‍നിന്നുള്ള വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നവയാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ കണ്ടുംകേട്ടും തഴമ്പിച്ചതാണു നമ്മുടെ കണ്ണുംകാതും. എങ്കിലും മുസഫര്‍പൂര്‍ അഭയകേന്ദ്രത്തില്‍ നടന്ന കാര്യങ്ങള്‍ നമുക്ക് അവഗണിക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ മാത്രമല്ല, നമ്മള്‍ ജീവിക്കുന്ന സമൂഹത്തിന്റെ സംസ്‌ക്കാരിക പ്രബുദ്ധത തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
42 പെണ്‍കുട്ടികളാണ് ഈ കേന്ദ്രത്തിലുള്ളത്. ഇവരില്‍ 34 പേരും ബാലാത്സംഗം ചെയ്യപ്പെട്ടു. മയക്കുമരുന്നു കുത്തിവെച്ചു മാരകമായ രീതിയിലാണ് ഇവരെ പീഡിപ്പിച്ചത്. ഇനിയും ബലാത്സംഗപരിശോധന പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുണ്ട്. പരിശോധനക്കു വിധേയരാക്കാന്‍ പോലും പറ്റാത്ത രീതിയില്‍ പരിക്ഷീണരാണ് അവര്‍. അവരില്‍ വികലാംഗയായ ഒരു നാലുവയസ്സുകാരിയുമുണ്ട്. അഭയമാകുമെന്നു കരുതി വന്നുചേര്‍ന്ന ഒരിടത്താണ് ഇവര്‍ അതീവ ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.

ഇവരുടെ ശരീരത്തിലെ മുറിവുകള്‍ കണ്ടാല്‍ ഏതോ ക്രൂരമൃഗങ്ങള്‍ പിച്ചിച്ചീന്തിയ പോലുണ്ട്. പക്ഷേ, ഈ ക്രൂരമൃഗങ്ങള്‍ സമൂഹത്തിലെ മാന്യന്മാരാണ്. ഒരിക്കലും പിടിക്കപ്പെടില്ലെന്ന ഉറച്ച ബോദ്ധ്യത്തോടു കൂടിയാണ് അവര്‍ ഈ ക്രൂരതകള്‍ ചെയ്തുകൂട്ടിയത്. മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് നടത്തിയ അന്വേഷണത്തിലാണ് ഈ ക്രൂരതകള്‍ പുറത്തുവന്നത്. ബിഹാറിലുടനീളം പല അഭയകേന്ദ്രങ്ങളിലും ഇത്തരം ക്രൂരതകള്‍ അരങ്ങേറുന്നതായി അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.


അഭയകേന്ദ്രത്തിന്റെ നടത്തിപ്പിനുള്ള കരാര്‍ ലാഭകരമായ കച്ചവടമാണ്. രാഷ്ട്രീയ ബന്ധങ്ങളുള്ളവര്‍ക്കാണ് അതു പലപ്പോഴും ലഭിക്കുന്നത്. പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരേതര സംഘടനകളൈന്ന വ്യാജേനയാണ് ഇവര്‍ സര്‍ക്കാരിനെ സമീപിക്കുന്നത്. അങ്ങിനെ കൈക്കലാക്കുന്ന ഫണ്ട് ഇവര്‍ ദുര്‍വിനിയോഗം ചെയ്യുന്നു. അഭയകേന്ദ്രത്തില്‍ പട്ടിണിയും പീഡനവും. ഒട്ടും ജാഗ്രതയില്ലാതെ നടത്തുന്ന കരാറുകാരെ തെരഞ്ഞെടുക്കുന്നതു മൂലം സംഭവിക്കുന്നതാകട്ടെ, പാവപ്പെട്ട പെണ്‍കുട്ടികള്‍ ഈ ഹിംസ്ര ജന്തുക്കളുടെ കൈകളിലെത്തുന്നു. അവര്‍ക്ക് ഇഷ്ടം പോലെ പീഡിപ്പിക്കാന്‍ സര്‍ക്കാര്‍ ഇവരെ വിട്ടുകൊടുക്കുകയാണ്. അതുകൊണ്ടുതന്നെ അഭയകേന്ദ്രങ്ങളിലെ ചൂഷണങ്ങള്‍ക്ക് പിന്നില്‍ സര്‍ക്കാരിന്റെ പങ്കു ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

അതോടൊപ്പം മുസഫര്‍പൂരിലെ പൗരസമൂഹത്തിന്റെ നേരെയും ചോദ്യമുയരേണ്ടതുണ്ട്. എത്രമാത്രം സംസ്‌കൃതമാണ് നമ്മുടെ സമൂഹം? ആ അഭയകേന്ദ്രത്തിനകത്ത് നടക്കുന്ന സംഭവങ്ങളെ കുറിച്ചു മുസഫര്‍പൂരിലെ ഒരു കുട്ടിയും അറിഞ്ഞിരുന്നില്ലേ? പരിസരവാസികളോട് ചോദിച്ചപ്പോള്‍ പലര്‍ക്കും സംശയമുണ്ടായിരുന്നുവെന്നാണ് മറുപടി കിട്ടിയത്. പക്ഷേ, അഭയകേന്ദ്രം നടത്തിപ്പുകാരായ ഭീകന്മാരെ അവര്‍ക്ക് ഭയമായിരുന്നു. അതുകൊണ്ടു ആരും ഒന്നും മിണ്ടിയില്ല. മുസഫര്‍പൂരിലേതു ഒറ്റപ്പെട്ട സംഭവമല്ല. ഡല്‍ഹിയിലെ തെരുവുമുതല്‍ മുസഫര്‍പൂരിലെ അഭയകേന്ദ്രം വരെ പീഡനകഥകള്‍ വ്യാപിച്ചു കിടക്കുന്നു. സ്വതന്ത്രമായി ജോലിചെയ്യുന്ന പെണ്‍കുട്ടി മുതല്‍ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട അശരണരായ പെണ്‍കുട്ടികള്‍ വരെ പീഡിപ്പിക്കപ്പെടുന്നു. രാജ്യത്തു പെണ്‍കുട്ടികള്‍ക്കു സുരക്ഷിതമായ ഒരിടമില്ലെന്നാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്.

ഒരു മറയുമില്ലാത്ത ലിംഗവിവേചനത്തിന്റെ നാടാണ് ഇന്ത്യ. വല്ല ബലാത്സംഗത്തിന്റേയോ പീഡനത്തിന്റേയോ വാര്‍ത്ത വരുമ്പോള്‍ മാത്രമാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ സമൂഹം എത്രമാത്രം ശത്രുതാമനോഭാവമാണ് വെച്ചുപുലര്‍ത്തുന്നതെന്ന് നമ്മള്‍ ചിന്തിക്കുക. മുസഫര്‍പൂര്‍ കേസില്‍ നീതി പുലരുന്നതിനൊപ്പം തന്നെ സമൂഹത്തെ രൂപപ്പെട്ടുത്തുന്ന രീതിയെക്കുറിച്ച പുനര്‍വിചിന്തനവും നടത്തേണ്ടതുണ്ട്.രാജ്യത്തുടനീളമുള്ള അഭയ കേന്ദ്രങ്ങളില്‍ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തയതുപോലുള്ള പരിശോധന നടത്തിയാല്‍ ഫലം ഞെട്ടിക്കുന്നതായിരിക്കും. സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്തേണ്ടവര്‍ തന്നെ അവരെ ചൂഷണം ചെയ്യുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നു. സ്ത്രീകളും കുട്ടികളും സുരക്ഷിതരാണെന്നു ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. ഭരണത്തിന്റെ ഗുണങ്ങളെല്ലാം ഒരുകൂട്ടര്‍ മാത്രം അനുഭവിക്കുന്നതാണ് ഇന്നത്തെ അവസ്ഥ. ഭരണസംവിധാനം മാത്രം മാറിയതുകൊണ്ടായില്ല, സമൂഹത്തിന്റെ മാനസ്സികാവസ്ഥ കൂടി മാറണം.

Read More >>