കുലുങ്ങാത്ത കേളന്‍

അടിതെറ്റിയാൽ ആനയും വീഴും. ആനയ്ക്ക് മാത്രമല്ല സുപ്രിം കോടതി ജഡ്ജിക്കും ചേരും ഈ പഴഞ്ചൊല്ല്. ഇന്ത്യയുടെ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്ക് അടിതെറ്റിയോ ഇല്ലേ എന്നൊക്കെ, ആർക്കറിയാം. പക്ഷേ അദ്ദേഹത്തെ വീഴ്ത്താൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കോടതി ജീവനക്കാരിയായ ഒരു വനിത. വിഷയം ലൈംഗികാപവാദം.

കുലുങ്ങാത്ത കേളന്‍

ആഴ്ച്ചക്കാഴ്ച്ച / ആരിഫ്

അടിതെറ്റിയാൽ ആനയും വീഴും. ആനയ്ക്ക് മാത്രമല്ല സുപ്രിം കോടതി ജഡ്ജിക്കും ചേരും ഈ പഴഞ്ചൊല്ല്. ഇന്ത്യയുടെ ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്ക് അടിതെറ്റിയോ ഇല്ലേ എന്നൊക്കെ, ആർക്കറിയാം. പക്ഷേ അദ്ദേഹത്തെ വീഴ്ത്താൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കോടതി ജീവനക്കാരിയായ ഒരു വനിത. വിഷയം ലൈംഗികാപവാദം. രാഷ്ട്രീയത്തിന്റേയും പൊതുജീവിതത്തിന്റേയും ഉന്നതങ്ങളിലുള്ള നിരവധിപേർ ഇത്തരം നാറ്റക്കേസുകളിലൂടെ കടന്നുപോയിട്ടുണ്ട്, പോവുന്നുമുണ്ട്. മീടൂ കാലത്ത് പല സുജായിമാരും അപഖ്യാതിക്കേസുകളിൽ പെട്ട് മുഖമടച്ച് വീണിട്ടുണ്ടെന്നതും സത്യം. പക്ഷേ, രഞ്ജൻ ഗൊഗോയ് അക്കൂട്ടത്തിലൊന്നും പെടുന്നില്ല; ഒട്ടും കുലുങ്ങുന്നുമില്ല. പാലം കുലുങ്ങിയാലും കുലുങ്ങാത്ത ഈ കേളന്റെ നടപ്പ് തലയുയർത്തിപ്പിടിച്ചു തന്നെ.

വിവാദങ്ങൾ രഞ്ജൻ ഗൊഗോയിക്ക് പുത്തരിയല്ല. മുമ്പും ഗൊഗോയ് വാർത്തകളിൽ നിറഞ്ഞു നിന്നിട്ടുണ്ട്. 2018 ജനുവരിയിൽ, സുപ്രിം കോടതിയിലെ നീതിനിർവ്വഹണ സമ്പ്രദായത്തെ വിമർശിച്ചുകൊണ്ട് മറ്റു മൂന്നു ജഡ്ജിമാർക്കൊപ്പം പത്രസമ്മേളനം നടത്തിയതായിരുന്നു അവയിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ച സംഭവം. ജെ. ചലമേശ്വർ, എം.സി ലോകൂർ, കുര്യൻ ജോസഫ്, രഞ്ജൻ ഗൊഗോയ് എന്നിവർ പത്രസമ്മേളനം വിളിച്ചുകൂട്ടി, സി.ബി.ഐ ജഡ്ജി ബി.എച്ച് ലോധ വധക്കേസ് ജസ്റ്റിസ് അരുൺ മിശ്രക്ക് ഏല്പിച്ചതടക്കം പലകാര്യങ്ങളിലും പരമോന്നത കോടതി കേസ് കേൾക്കുന്ന രീതിയെ കുറ്റപ്പെടുത്തിയ സംഭവത്തിലെ ഹീറോ ആയിരുന്നു അദ്ദേഹം. ഇന്ത്യയുടെ നീതിന്യായചരിത്രത്തിൽ പുതിയൊരു സംഗതിയായിരുന്നു അത്. രഞ്ജൻ ഗൊഗോയ് ചീഫ് ജസ്റ്റിസാവുകയില്ല എന്നായിരുന്നു അതേത്തുടർന്നുണ്ടായ പൊതുധാരണ. പക്ഷേ ഗൊഗോയ് ചീഫ് ജസ്റ്റിസായി. ഇപ്പോൾ സംഗതികൾ മാറിമറിഞ്ഞുവന്നത് എത്ര വിചിത്രമായാണ്! സാമാന്യനീതിയ്ക്ക് വേണ്ടി അന്ന് ശബ്ദമുയർത്തിയ രഞ്ജൻ ഗൊഗോയ് ഇപ്പോൾ ജനങ്ങളുടെ കോടതിയ്ക്ക് മുമ്പിൽ നിൽക്കുന്നത് ഒരു ലൈംഗിക പീഡനക്കേസിൽ കുറ്റാരോപിതനായിട്ടാണ്. ഹാ, സുഖങ്ങൾ വെറും ജാലം, ആരറിവൂ നിയതിതൻ ത്രാസുപൊങ്ങുന്നതും താനേ താണുപോവതും!

ജഡ്ജിയെന്ന നിലയിൽ വേറെയും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട് രഞ്ജൻ ഗൊഗോയ്. കേരളം മുഴുവൻ ഉറ്റുനോക്കിയ സൗമ്യവധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കി ജീവപര്യന്തം തടവാക്കിയത് രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട ബെഞ്ചാണ്. ജസ്റ്റീസ് മാർക്കണ്ഡേയ കട്ജുവടക്കമുള്ള പലരും വിധിന്യായത്തിന്നെതിരായി രംഗത്തുവന്നു. ലോകോളജിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സാമാന്യവിവരം പോലും വിധിപറഞ്ഞ ജഡ്ജിമാർക്കില്ലെന്നായിരുന്നു കട്ജുവിന്റെ കളിയാക്കൽ. അതിന് ഗൊഗോയ് അദ്ധ്യക്ഷനായ സുപ്രിം കോടതി ബെഞ്ച് കട്ജുവിന്റെ മേൽ കോടതിയലക്ഷ്യക്കേസ് ചുമത്തിയതും അദ്ദേഹത്തെക്കൊണ്ട് മാപ്പുപറയിച്ചതും നീതിന്യായ ചരിത്രത്തിലെ മറ്റൊരു വിവാദ സംഭവമാണ്. അതേപോലെ വിവാദങ്ങൾ സൃഷ്ടിച്ച പല വിധിന്യായങ്ങളും രഞ്ജൻ ഗൊഗോയിയുടെ പേനകൊണ്ടെഴുതിയിട്ടുണ്ടെന്ന് ചുരുക്കം.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇന്ത്യയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസാണ് രഞ്ജൻ ഗൊഗോയ്. കോൺഗ്രസ് നേതാവും ആസാം മുഖ്യമന്ത്രിയുമായിരുന്ന കേശബ് ചന്ദ്രഗൊഗോയിയുടെ മകൻ. ദിബ്രുഗഡ് ഡോൺ ബോസ്‌ക്കോ സ്കൂളിൽ പഠിച്ച രഞ്ജൻ, ഡൽഹി സെയിന്റ് സ്റ്റീഫൻസിൽ നിന്നു ചരിത്രത്തിൽ ബിരുദവും ഡൽഹി സർവ്വകലാശാലയിൽ നിന്ന് നിയമ ബിരുദവും നേടി. ഗുവാഹതി ഹൈക്കോടതിയിൽ 1978 ൽ പ്രാക്ടീസ് തുടങ്ങി. 2001 ൽ ജഡ്ജിയായി. പഞ്ചാബ് ആൻഡ് ഹരിയാനാ ഹൈക്കോടതിയിൽ ജഡ്ജിയും ചീഫ് ജസ്റ്റിസുമായ അദ്ദേഹം 2012 ൽ സുപ്രിം കോടതിയിൽ ന്യായാധിപനായി. 2018 ഒക്ടോബറിൽ ദീപക് മിശ്രയ്ക്കു പിന്നാലെ ചീഫ് ജസ്റ്റിസായ രഞ്ജൻ ഗൊഗോയ്ക്ക് ഇപ്പോൾ 65 വയസ്സ്. 2019 നവംബറിൽ വിരമിയ്ക്കും. തൽക്കാലത്തേക്ക് ലൈംഗികാപവാദക്കേസിൽ ക്ലീൻ ചിറ്റ് കൈപ്പറ്റുകയും ബാർ കൗൺസിലിന്റെ പിന്തുണ നേടിയെടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഗൊഗോയിയുടെ കഷ്ടകാലം കഴിഞ്ഞു എന്ന് പറയാൻ വയ്യ.

ഒരുമ്പെട്ടിറങ്ങിയിരിക്കുക തന്നെയാണ് പരാതിക്കാരി. ഇന്ദിരാ ജയ്‌സിങ്ങും ഭർത്താവ് ആനന്ദ് ഗ്രോവറുമടക്കം നിയമവൃത്തങ്ങളിലെ ധാരാളം പേർ അവർക്കൊപ്പമുണ്ട്. പൊതുസമൂഹവും എന്തൊക്കെയോ അരുതാത്തത് മണക്കുന്നു. പദവിക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു എന്ന് തന്നെയിരിക്കട്ടെ, രഞ്ജൻ ഗൊഗോയിയുടെ പ്രതിഛായ അകളങ്കിതമായി നില്ക്കുമോ?

Next Story
Read More >>