കൺമണി നീയെൻ കരം പിടിച്ചാൽ കണ്ണുകളെന്തിനു വേറെ...

കണ്ണുകാണാത്ത സുഹൃത്തിന് വഴികാട്ടുന്ന താറാവും നായയുമാണ് കഥയിലെ കഥാപാത്രങ്ങൾ

കൺമണി നീയെൻ കരം പിടിച്ചാൽ കണ്ണുകളെന്തിനു വേറെ...

ലണ്ടൻ: സൗഹൃദം വാക്കുകൾ കൊണ്ടോ വർണ്ണനകൾ കൊണ്ടോ വിവരിക്കാനാകില്ല. അവ അനുഭവിച്ചു തന്നെ അറിയണം. അത്തരത്തിലുള്ള സൗഹൃദത്തിന്റെ കഥയാണ് ഇന്ന് വൈറലാകുന്നത്. കണ്ണുകാണാത്ത സുഹൃത്തിന് വഴികാട്ടുന്ന താറാവും നായയുമാണ് കഥയിലെ കഥാപാത്രങ്ങൾ. ലണ്ടനിലാണ് അന്ധനായ സുഹൃത്തിന്റെ വഴികാട്ടിയായ താറാവുള്ളത്.

തന്റെ 10ാം ജന്മദിനത്തിലാണ് രക്ഷിതാക്കൾ ക്ലോവയ്ക്ക് ഒരു താറാവ് കുഞ്ഞിനെ സമ്മാനിച്ചത്. എർനീ എന്ന പേരിട്ട് ക്ലോവ താറാവിനെ വിളിച്ചു. സാധാരണ താറാവ് 10 വർഷമേ ജീവിക്കുകയുള്ളൂ. എന്നാൽ എർനീയ്ക്ക് ഇപ്പോൾ 21 വയസ്സുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ താറാവാണ് എർനീ. ഇപ്പോഴും അവൾ ആരോഗ്യവതിയാണുതാനും. എന്നാൽ, പ്രായം കൂടിയതോടെ എർനീയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു. മറ്റൊരാളുടെ സഹായമില്ലാതെ എർനീയ്ക്ക് നടക്കാൻ പറ്റില്ല. ആ സമയത്താണ് എൽമോ എന്ന സുഹൃത്തിനെ എർനീയ്ക്ക് കിട്ടുന്നത്. എൽമോ എന്ന വെളുപ്പു നിറത്തിലുള്ള താറാവാണ് ഇപ്പോള്‍ എർനീയുടെ സുഹൃത്ത്.

ഒരു ദിവസം തടാകത്തിൽ ഇറങ്ങിയ എർനീ തിരിച്ചുകയറാനാകാതെ വിഷമിച്ചുനിന്നപ്പോൾ വഴികാണിച്ച് കരയ്ക്കെത്തിച്ചത് എൽമോ ആയിരുന്നു. അന്നുമുതൽ ഇരുവരും വലിയ കൂട്ടാണ്. ഒന്നിച്ചല്ലാതെ ഒരിടത്തും പോകില്ല. എർനീയ്ക്ക് വഴികാട്ടിയായി എൽമോ എപ്പോഴുമുണ്ടാകും. ആദ്യമൊക്കെ ക്ലോവയ്ക്ക് ഇവരുടെ സൗഹൃദം മനസ്സിലാക്കാൻ പറ്റിയില്ലെങ്കിലും പിന്നീട് എർനീയക്ക് പറ്റിയ നല്ല സുഹൃത്താണ് എൽമോ എന്ന് തിരിച്ചറിഞ്ഞു.സമാനസംഭവമാണ് ഇംഗ്ലണ്ടിലും. ഇവിടെ രണ്ട് നായകളാണ് സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന കഥയിലെ കഥാപാത്രങ്ങൾ. അമോസ് എന്ന നായക്കുട്ടി ജനിച്ചപ്പോൾ തന്നെ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ആരും അവനെ വളർത്താൻ തയ്യാറായതുമില്ല. പക്ഷേ, ഷിഷയർ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസിൽ എച്ച്.ആർ ആയി ജോലി ചെയ്യുന്ന 27കാരി ജെസ് മാർട്ടിനെ അമോസിനെ വളർത്താൻ തയ്യാറായി.

പ്രകൃതി ദുരന്തത്തിനിടയിൽ പെട്ട അമോസിനെ മൃഗസ്‌നേഹികൾ രക്ഷപ്പെടുത്തി മൃഗസംരക്ഷണ കേന്ദ്രത്തിൽ ആക്കുകയായിരുന്നു. അവിടെ വച്ച് കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ജെസ് നായക്കുട്ടിയെ ദത്തെടുക്കുന്നത്.

ജെസ്സിന്റെ പക്കൽ അമോസിന് മുമ്പേ എടുത്തു വളർത്തിയ മറ്റൊരു നായക്കുട്ടി കൂടി ഉണ്ടായിരുന്നു. ടോബി എന്നായിരുന്നു 9 വയസ്സുകാരനായ അവന്റെ പേര്. തന്റെ വീട്ടിലേക്ക് വന്ന പുതിയ അതിഥിയെ സന്തോഷത്തോടെയാണ് ടോബി സ്വീകരിച്ചത്. കണ്ണുകാണാത്ത അമോസിന് പിന്നെ ടോബി നല്ലൊരു സുഹൃത്തും വഴികാട്ടിയുമായി. ഇപ്പോൾ അമോസിന്റെ അനൗദ്യോഗിക ഗൈഡ് ഡോഗാണ് ടോബി.

മറ്റ് നായകളിൽ നിന്നും അമോസിനെ രക്ഷിക്കുന്നതും ഭക്ഷണവും വെള്ളവും എടുക്കാൻ സഹായിക്കുന്നതും ടോബിയാണ്. എന്തെങ്കിലും സഹായമാവശ്യമായി വന്നാൽ അമോസ് ടോബിയുടെ ദേഹത്ത് പതുക്കെ തൊടും. വെള്ളം വച്ചിരിക്കുന്ന സ്ഥലം കാണിക്കാൻ ടോബി അമോസിനെ തൊട്ടുവിളിച്ച് കൊണ്ടുപോകുകയായിരുന്നുവെന്ന് ജെസ് പറഞ്ഞു.

മറ്റ് നായകളുമായി ഇടപഴകാൻ സാധിക്കാത്തതുകൊണ്ട് തന്നെ അമോസിന് ടോബിയല്ലാതെ വേറെ സുഹൃത്തുക്കളില്ല. പക്ഷേ, അമോസിന് എല്ലാ തരത്തിലും ടോബി സംരക്ഷണം നൽകുന്നുണ്ട്. അമോസിന്റെ ബോഡിഗാർഡ് എന്നാണ് തങ്ങളിപ്പോൾ ടോബിയെ വിളിക്കുന്നതെന്ന് ജെസ് ചെറുപുഞ്ചിരിയോടെ പറഞ്ഞു.

Read More >>