ഉംറ വിസ ലഘൂകരിക്കുന്നു

വിദേശികള്‍ക്ക് സ്വന്തം ഉത്തരവാദിത്തത്തില്‍ ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാം

ഉംറ വിസ ലഘൂകരിക്കുന്നു

ജിദ്ദ: സൗദിയിൽ ഇഖാമയുള്ള എല്ലാ വിദേശികൾക്കും തങ്ങളുടെ അടുത്ത ബന്ധുക്കളെ സ്വന്തം ഉത്തരവാദിത്തത്തിൽ ഉംറക്ക് കൊണ്ടുവരാൻ അവസരമൊരുങ്ങുന്നു. 'ഗസ്റ്റ് ഉംറ' എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇതിനായി അവസരമൊരുക്കുന്നത്.

പദ്ധതി എന്ന് നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചിട്ടില്ല. ഇത്തരത്തിൽ ഉംറയ്‌ക്കെത്തുന്ന അതിഥികളെ എത്ര ദിവസം താമസിപ്പിക്കാമെന്ന കാര്യത്തിലും വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.

ഇതനുസരിച്ച് സൗദികൾക്കും സൗദിയിലെ വിദേശികൾക്കും ഉംറ തീർഥാടകരെ സ്വന്തം ഉത്തരവാദിത്തത്തിൽ കൊണ്ടുവരാനും സ്വീകരിക്കാനുമാകുമെന്ന് സൗദി ഹജജ് ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുൽ അസീസ് വസ്സാൻ അറിയിച്ചു.

പദ്ധതി പ്രകാരം സൗദി പൗരൻമാർക്കും വിദേശികൾക്കും മൂന്നു മുതൽ അഞ്ച് ഉംറ തീർഥാടകരെ വരെ അതിഥികളായി കൊണ്ടുവരാം. ഒരുവർഷത്തിനിടയിൽ മൂന്ന് തവണ മാത്രമേ ഇത്രയും പേരെ കൊണ്ട് വരാൻ കഴിയൂ. ഒരുവർഷം കൊണ്ട് വന്നാൽ അടുത്ത വർഷം ഇതേപോലെ ഉംറ അതിഥികളെ കൊണ്ടുവരാം. സൗദികൾക്ക് അവരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചും സൗദിയിൽ ജോലിയിലുള്ള വിദേശികൾക്ക് അവരുടെ തിരിച്ചറിയൽ രേഖയായ ഇഖാമ ഉപയോഗിച്ചുമാണ് തീർഥാടകരെ കൊണ്ടുവരാനാവുക. ഇങ്ങനെ ഒരു വർഷത്തിൽ മൂന്ന് തവണ അതിഥികളെ സ്വീകരിക്കാം.

തീർഥാടകർ പുണ്യ നഗരിയിലെത്തി തിരികെ പോകുന്നതു വരെയുള്ള എല്ലാ ഉത്തരവാദിത്തവും കൊണ്ടുവരുന്ന സ്വദേശിക്കൊ വിദേശിക്കൊ ആയിരിക്കും.

അതിഥി ഉംറ തീർഥാടകരുടെ യാത്ര, താമസം, ഭക്ഷണം, തിരികെ സ്വദേശത്തേക്ക് മടങ്ങി എന്ന് ഉറപ്പുവരുത്തൽ എന്നിവയെല്ലാം ആതിഥേയന്റെ ഉത്തരവാദിത്തമാണെന്ന് ഡോ. അബ്ദുൽ അസീസ് വസ്സാൻ പറഞ്ഞു.

Read More >>