കേരളത്തിന്റെ വഴിയേ ബംഗാള്‍; സി.എ.എയ്‌ക്കെതിരെ നിയമസഭ പ്രമേയം പാസാക്കും

നിയമത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തൃണമൂലിന്റെ തീരുമാനം

കേരളത്തിന്റെ വഴിയേ ബംഗാള്‍; സി.എ.എയ്‌ക്കെതിരെ നിയമസഭ പ്രമേയം പാസാക്കും

കൊല്‍ക്കത്ത: കേരളത്തിനും പഞ്ചാബിനും പിന്നാലെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ പശ്ചിമബംഗാള്‍. ജനുവരി 27ന് ചേരുന്ന സഭാ സമ്മേളനത്തിലാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സര്‍ക്കാര്‍ പ്രമേയം അവതരിപ്പിക്കുന്നത്.

നിയമത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തൃണമൂലിന്റെ തീരുമാനം. നിയമത്തിനെതിരെ തുടക്കം മുതല്‍ തന്നെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവായിരുന്നു മമതാബാനര്‍ജി.

അതിനിടെ, സി.എ.എയെ കുറിച്ച് തുറന്ന ചര്‍ച്ച നടത്താന്‍ അമിത് ഷാ പ്രതിപക്ഷ നേതാക്കളെ വെല്ലുവിളിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, മമത ബാനര്‍ജി, അഖിലേഷ് യാദവ് എന്നിവരെയാണ് ഷാ വെല്ലുവിളിച്ചത്.

അതിനിടെ, രാജ്യത്തുടനീളം ശക്തമായി നിലനില്‍ക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ, ദേശീയ ജനസംഖ്യാ രജിസ്റ്ററിലും (എന്‍.പി.ആര്‍) ദേശീയ പൗരത്വ രജിസ്റ്ററിലും (എന്‍.ആര്‍.സി) കേന്ദ്രം പടിവാശി ഉപേക്ഷിക്കുന്നു എന്ന് സൂചനയുണ്ട്. ഇരുവിഷയങ്ങളും സംസ്ഥാനങ്ങളുമായി വീണ്ടും ചര്‍ച്ച നടത്താന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാതാപിതാക്കളുടെ ജനനസ്ഥലം, തിയ്യതി എന്നിവ സംബന്ധിച്ചുള്ള എന്‍.പി.ആറിലെ വിവാദ ചോദ്യങ്ങള്‍ക്ക് മറുപടി നിര്‍ബന്ധമാക്കില്ലെന്നും സൂചനയുണ്ട്. ഈ രണ്ട് ചോദ്യങ്ങളും ഒഴിവാക്കുമെന്ന് നേരത്തെ കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു.

ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ഈ ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള ഷീറ്റില്‍ ചില സംസ്ഥാനങ്ങള്‍ എന്‍.പി.ആറിന്റെ ട്രയല്‍ റണ്‍ നടത്തിയിരുന്നു. ആധാര്‍ നമ്പര്‍, പാന്‍ നമ്പര്‍, ഡ്രൈവിങ് സൈലന്‍സ്, മൊബൈല്‍ നമ്പര്‍, വോട്ടര്‍ ഐ.ഡി എന്നിവയാണ് മറ്റു പുതിയ ചോദ്യങ്ങള്‍. 2010ലെ അവസാന കരടില്‍ ഇവയുണ്ടായിരുന്നില്ല.

എന്‍.പി.ആറില്‍ മാതാപിതാക്കളുടെ ജനനസ്ഥലം ചോദിച്ചതോടെയാണ്, രാജ്യത്തുടനീളം പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നു എന്ന ഭീതി ഉടലെടുത്തത്.

Next Story
Read More >>