ഉപതെരഞ്ഞെടുപ്പ് നേട്ടം ഇടതിന്, യു.ഡി.എഫിന് ആശ്വാസം, ബി.ജെ.പിക്ക് തിരിച്ചടി- അന്തിമ ചിത്രം ഇങ്ങനെ

എല്‍.ഡി.എഫിനും യു.ഡി.എഫിനും സിറ്റിങ് സീറ്റുകള്‍ നഷ്ടമായി

ഉപതെരഞ്ഞെടുപ്പ് നേട്ടം ഇടതിന്, യു.ഡി.എഫിന് ആശ്വാസം, ബി.ജെ.പിക്ക് തിരിച്ചടി- അന്തിമ ചിത്രം ഇങ്ങനെ

സി.വി ശ്രീജിത്ത്

തിരുവനന്തപുരം: അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നിടത്തു യു.ഡി.എഫ് വിജയം. സിറ്റിംഗ് സീറ്റായ അരൂർ കൈവിട്ട എൽ.ഡി.എഫ് വട്ടിയൂർക്കാവിലും കോന്നിയിലും അട്ടിമറി വിജയം നേടി. മഞ്ചേശ്വരം-എം.സി ഖമറുദ്ദീൻ(മുസ്ലിം ലീഗ്), എറണാകുളം-ടി.ജെ വിനോദ്(കോൺഗ്രസ്), അരൂർ-ഷാനിമോൾ ഉസ്മാൻ(കോൺഗ്രസ്), കോന്നി-കെ.യു ജനീഷ്‌കുമാർ(സി.പി.എം), വട്ടിയൂർക്കാവ്-വി.കെ പ്രശാന്ത്(സി.പി.എം) എന്നിവരാണ് വിജയിച്ചവർ.

തങ്ങളുടെ കുത്തക സീറ്റുകളായ മഞ്ചേശ്വരവും എറണാകുളവും നിലനിർത്തിയ യു.ഡി.എഫ് സി.പി.എം കോട്ടയായ അരൂർ ഷാനിമോൾ ഉസ്മാനിലൂടെ പിടിച്ചെടുത്തു. യു.ഡി.എഫിനു കനത്ത ആഘാതമേൽപ്പിച്ച ഫലമാണ് വട്ടിയൂർക്കാവിലും കോന്നിയിലുമുണ്ടായത്. വട്ടിയൂർക്കാവിൽ 14, 465 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ വി.കെ പ്രശാന്ത് വിജയക്കൊടി പാറിച്ചത്. കോന്നിയിൽ സി.പി.എമ്മിലെ കെ.യു ജനീഷ്‌കുമാർ നേടിയത് 9953 വോട്ടിന്റെ ഭൂരിപക്ഷം.

2016ലെ തെരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്കു ബി.ജെ.പിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളി പി.ബി അബ്ദുറസ്സാഖ് നേടിയ വിജയത്തിനു പകരം 7,923 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മിന്നുന്ന വിജയമാണ് യു.ഡി.എഫ് നേടിയത്.

>വോട്ടു നില

എം.സി ഖമറുദ്ദീൻ(മുസ്ലിം ലീഗ്)-65,407

രവീശ തന്ത്രി കുണ്ടാർ(ബി.ജെ.പി)-57,484

ശങ്കർ റൈ(സി.പി.എം)-38,233

കോൺഗ്രസിന്റെ കുത്തക മണ്ഡലമായ എറണാകുളത്തു നേരിയ ഭൂരിപക്ഷത്തിലാണ് ടി.ജെ വിനോദ് തെരഞ്ഞെടുക്കപ്പെട്ടത് 3750 വോട്ടാണ് എതിരാളി സി.പി.എമ്മിലെ മനു റോയിയെക്കാൾ വിനോദിന് അധികം ലഭിച്ചത്.

>വോട്ടുനില

ടി.ജെ.വിനോദ്(കോൺഗ്രസ്)-37,891,

മനു റോയ്(സി.പി.എം)-34,141,

സി.ജി രാജഗോപാൽ(ബി.ജെ.പി)-13,351.

വട്ടിയൂർക്കാവിൽ വി.കെ പ്രശാന്ത് നേടിയത് വൻഭൂരപിക്ഷമാണ്. കോൺഗ്രസിലെ കെ. മോഹൻകുമാറിനെ 14,465 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2016ൽ ഇവിടെ കെ. മുരളീധരൻ വിജയിച്ചത് 7,622 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. അന്നു രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബി.ജെ.പി ഇക്കുറി മൂന്നാം സ്ഥാനത്തായി.

>വോട്ടുനില

വി.കെ പ്രശാന്ത്(സി.പി.എം)-54,830

കെ. മോഹൻകുമാർ(കോൺഗ്രസ്)-40,365

കെ സുരേഷ്(ബി.ജെ.പി്-27,453

കോന്നിയിൽ 23 വർഷത്തെ യു.ഡി.എഫ് കുത്തക തകർത്താണ് സി.പി.എമ്മിലെ കെ.യു ജനീഷ്‌കുമാർ വിജയക്കൊടി പാറിച്ചത്. അടൂർ പ്രകാശ് ഹാട്രിക് വിജയം നേടിയ കോന്നിയിൽ പകരക്കാരനായെത്തിയ പി. മോഹൻരാജ് രണ്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ശബരിമല, സഭാതർക്ക വിഷയങ്ങളിലൂടെ അട്ടിമറി വിജയം പ്രതീക്ഷിച്ച ബി.ജെ.പിയിലെ കെ.സുരേന്ദ്രനു മൂന്നാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.

>വോട്ടുനില

കെ.യു ജനീഷ് കുമാർ(സി.പി.എം) 54,009

പി. മോഹൻരാജ്(കോൺഗ്രസ്)-44,146

കെ. സുരേന്ദ്രൻ(ബി.ജെ.പി)-39,786

ഫോട്ടോ ഫിനിഷിലൂടെയാണ് അരൂർ ഷാനിമോൾ ഉസ്മാൻ ജയിച്ചുകയറിയത്. അവസാന നിമിഷം വരെ വിജയപ്രതീക്ഷ പുലർത്തിയ എൽ.ഡി.എഫിനു അരൂർ കൈവിട്ടത് തിരിച്ചടിയായി.

>വോട്ടുനില

ഷാനിമോൾ ഉസ്മാൻ(കോൺഗ്രസ്)-69356

മനു സി.പുളിക്കൻ(സി.പി.എം)-67277

പ്രകാശ് ബാബു(ബി.ജെ.പി)-67277

പാലാ വിജയത്തിനു പിന്നാല യു.ഡി.എഫിന്റെ രണ്ടു സിറ്റിംഗ് മണ്ഡലങ്ങൾ പിടിച്ചെടുക്കാനായത് എൽ.ഡി.എഫിനു രാഷ്ട്രീയ വിജയമായി. അതേസമയം വട്ടിയൂർക്കാവും കോന്നിയും നഷ്ടപ്പെട്ട യു.ഡി.എഫിനു ആശ്വസ വിജയം നൽകിയത് സിറ്റിംഗ് സീറ്റുകളായ മഞ്ചേശ്വരത്തിനും എറണാകുളത്തിനു പുറമേ അരൂർ മാത്രമാണ്. അരൂരിലെ തോൽവി ഇടതു പക്ഷത്തിന്റെ വിജയഭേരിക്കു മങ്ങലേൽക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പു ഫലം ഏറെ തിരിച്ചടിയായത് ബി.ജെ.പിക്കാണ്. രാഷ്ട്രീയമായ വളർച്ചയുടെ പടവുകൾ കയറാനുള്ള ശ്രമം നടത്തുന്നതിനിടെ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയ മുൻതൂക്കം പോലും നിലനിർത്താൻ ബി.ജെ.പിക്കായില്ല. വട്ടിയൂർക്കാവിൽ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതും മഞ്ചേശ്വരത്തു ബഹുദൂരം പിന്നിലായതും താമര വിരിയാൻ ഇനിയും കാത്തിരിക്കണമെന്ന രാഷ്ട്രീയ സന്ദേശമാണ് ബി.ജെ.പിക്കു നൽകുന്നത്.

Next Story
Read More >>