സാക്ഷാല്‍ ട്രംപ് ഇടപെട്ടു; ഇല്‍ഹാന്‍ ഒമറിനും റാഷിദ ത്‌ലൈബിനും യാത്രാനുമതി നിഷേധിച്ച് ഇസ്രയേല്‍

അടുത്തയാഴ്ച വെസ്റ്റബാങ്ക്, കിഴക്കന്‍ ജറൂസലേം എന്നീ സ്ഥലങ്ങളാണ് ഇരുവരും സന്ദര്‍ശിക്കേണ്ടിയിരുന്നത്.

സാക്ഷാല്‍ ട്രംപ് ഇടപെട്ടു; ഇല്‍ഹാന്‍ ഒമറിനും റാഷിദ ത്‌ലൈബിനും യാത്രാനുമതി നിഷേധിച്ച് ഇസ്രയേല്‍

വാഷിങ്ടണ്‍: യു.എസിലെ ഡെമോക്രാറ്റിക് ജനപ്രതിനിധികളായ ഇല്‍ഹാന്‍ ഒമറിനും റാഷിദ ത്‌ലൈബിനും തങ്ങളുടെ രാജ്യത്തേക്കുള്ള അനുമതി നിഷേധിച്ച് ഇസ്രയേല്‍. അടുത്തയാഴ്ച വെസ്റ്റ്ബാങ്ക്, കിഴക്കന്‍ ജറൂസലേം എന്നീ സ്ഥലങ്ങളാണ് ഇരുവരും സന്ദര്‍ശിക്കേണ്ടിയിരുന്നത്.

യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് ഇടപെട്ട് സന്ദര്‍ശനം റദ്ദാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഏതെങ്കിലും വ്യക്തികളുടെ സന്ദര്‍ശനം റദ്ദാക്കാന്‍ യു.എസ് പ്രസിഡണ്ട് ഇടപെടുന്നത് അസാധാരണമാണെന്ന് നയതന്ത്ര വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഒമറും ത്‌ലൈബും ഇസ്രയേലിനെയും എല്ലാ ജൂതരെയും വെറുക്കുന്നുവെന്നും അവരുടെ മനസ്സു മാറ്റാന്‍ ആര്‍ക്കും കഴിയില്ല എന്നും ട്വിറ്ററില്‍ എഴുതിയ കുറിപ്പില്‍ ട്രംപ് കുറിച്ചു. ഇസ്രയേല്‍ എങ്ങനെ ഇവര്‍ക്ക് പ്രവേശനം അനുവദിച്ചു എന്നത് തനിക്കു ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല എന്ന് വ്യാഴാഴ്ച ട്രംപ് പറഞ്ഞിരുന്നു.

ഇസ്രയേല്‍ നീക്കം അങ്ങേയറ്റം നിരാശാജനകമാണെന്ന് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു. അന്യായമെന്നായിരുന്നു സഭയിലെ ഭൂരിക്ഷ നേതാവ് സ്റ്റെനി ഹോയറുടെ പ്രതികരണം.

ജനാധിപത്യ മൂല്യങ്ങളോടുള്ള അപമാനമാണ് ഇസ്രയേല്‍ തീരുമാനമെന്ന് ഇല്‍ഹാന്‍ ഒമര്‍ പ്രതികരിച്ചു. ഇത്തരമൊരു തീരുമാനം നെതന്യാഹു (ഇസ്രയേല്‍ പ്രധാനമന്ത്രി) വില്‍ നിന്ന് ഉണ്ടായതില്‍ അത്ഭുതമില്ല. എല്ലാ കാലത്തും അദ്ദേഹം സമാധാന ശ്രമങ്ങളെ പ്രതിരോധിച്ചിട്ടുണ്ട്. ഫലസ്തീനിലെ സ്വാതന്ത്ര്യത്തെ നിയന്ത്രിച്ചിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിനെ പോലെ അദ്ദേഹത്തിനും ഇസ്‌ലാമോഫോബിയ ഉണ്ട്- അവര്‍ പറഞ്ഞു.

അതിനിടെ, വിസ റദ്ദാക്കാന്‍ ട്രംപ് നേരിട്ട് ഇടപെട്ടിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു. എന്നാല്‍ പ്രസിഡണ്ടിന്റെ ആശങ്ക ഇസ്രയേല്‍ അധികൃതരെ അറിയിച്ചതായും വക്താവ് കൂട്ടിച്ചേര്‍ത്തു.

യു.എസിലെ ആദ്യ മുസ്‌ലിം സെനറ്റര്‍മാര്‍

ജനപ്രതിനിധി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രഥമ മുസ്‌ലിം വനിതകളാണ് ഡെമോക്രാറ്റുകളായ ഇല്‍ഹാന്‍ ഒമറും (മിന്നിസോട്ട), റാഷിദ ത്ലൈബും (മിഷിഗന്‍). ഫലസ്തീന്‍ വംശജയാണ് റാഷിദ ത്‌ലൈബ്. സൊമാലിയന്‍ അമേരിക്കക്കാരിയാണ് ഇല്‍ഹാന്‍.

ന്യൂസിലാന്‍ഡിലെ മുസ്ലിം പള്ളി ആക്രമണത്തെ തുടര്‍ന്ന് സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ് സംഘടിപ്പിച്ച പരിപാടിയില്‍ പരിപാടിയില്‍ ഇസ്ലാമോഫോബിയ എന്ന വിഷയത്തില്‍ ഇല്‍ഹാന്‍ ഒമര്‍ സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ, ഇല്‍ഹാനെതിരെ ട്രംപ് നടത്തിയ വംശീയ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു.

Read More >>