ഇസ്‌ലാമിക ഭീകരവാദം തുടച്ചുനീക്കുമെന്ന് ട്രംപ്; സ്റ്റേഡിയത്തില്‍ കേട്ടത് വന്‍ കരഘോഷം

പാകിസ്താനെ കുറിച്ച് പറഞ്ഞ വേളയില്‍ സ്റ്റേഡിയം പ്രതികരിച്ചില്ല.

ഇസ്‌ലാമിക ഭീകരവാദം തുടച്ചുനീക്കുമെന്ന് ട്രംപ്; സ്റ്റേഡിയത്തില്‍ കേട്ടത് വന്‍ കരഘോഷം

അഹമ്മദാബാദ്: യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗത്തില്‍ ഇസ്‌ലാമിക ഭീകരവാദത്തെ കുറിച്ച് പറയുന്നതിനിടെ സ്റ്റേഡിയത്തില്‍ മുഴങ്ങിക്കേട്ടത് വന്‍ കരഘോഷം. 'ഇസ്‌ലാമിക് ടെററിസം' എന്ന രണ്ടു വാക്ക് കേട്ടപ്പോഴെ സ്‌റ്റേഡിയത്തില്‍ കൈയടി മുഴങ്ങി. ആ വാചകം മുഴുമിപ്പിക്കുന്നതിന് മുമ്പെയായിരുന്നു കൈയടി.

അതു പോലെ അബൂബക്കര്‍ ബഗ്ദാദിയെ (ഐ.എസ് തലവന്‍) ഇല്ലാതാക്കിയെന്ന പരാമര്‍ശത്തിനും നല്ല കൈയടി കിട്ടി. എന്നാല്‍ പാകിസ്താനെ കുറിച്ച് പറഞ്ഞ വേളയില്‍ സ്റ്റേഡിയം പ്രതികരിച്ചില്ല. പാകിസ്താനുമായുള്ള ഞങ്ങളുടെ ബന്ധം മികച്ചതാണ് എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.

ഇന്ത്യയും അമേരിക്കയും ഭീകരവാദത്തിന്റെ ഇരകളാണ് എന്നും അതിര്‍ത്തിയിലെ ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പാകിസ്താന്‍ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

> അണിയറയില്‍ വന്‍ ആയുധക്കരാര്‍

വ്യാപാരക്കാറിന്റെ അനിശ്ചിതത്വങ്ങള്‍ക്കിടെ, ഇന്ത്യയുമായി മൂന്നു ബില്യണ്‍ യു.എസ് ഡോളറിന്റെ പ്രതിരോധക്കരാര്‍ യു.എസ് ഉറപ്പിച്ചു. മൊട്ടേരയില്‍ നമസ്തെ ട്രംപ് പരിപാടിയില്‍ സംസാരിക്കവെ യു.എസ് പ്രസിഡണ്ട് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

'എന്റെ രാജ്യത്തിന് നിങ്ങള്‍ ചെയ്ത സംഭാവനകള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. അമേരിക്കയുടെ സാമ്പത്തിക രംഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ബന്ധം വികസിപ്പിക്കാനാണ് ഞാന്‍ ഇന്ത്യയിലെത്തിയത്. ഇരുരാഷ്ട്രങ്ങള്‍ക്കും ഇടയിലുള്ള ബന്ധം ദൃഢപ്പെടുത്താനുള്ള എന്റെയും മോദിയുടെയും സംഭാഷണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയും യു.എസും തമ്മിലുള്ള സംയുക്ത സേനാ അഭ്യാസത്തിലൂടെ - ടൈഗര്‍ ട്രിംഫ്- അതു പുതിയ വഴിത്തിരിവിലെത്തി. ഏറ്റവും മികച്ച സൈനിക ആയുധങ്ങളാണ് ഞങ്ങള്‍ നിര്‍മിക്കുന്നത്. ഇപ്പോള്‍ അത് ഇന്ത്യയുമായി കരാര്‍ ആകുകയാണ്. നാളെ മൂന്നു ബില്യണ്‍ ഡോളറിന്റെ പ്രതിരോധ കരാര്‍ ഇന്ത്യയുമായി ഒപ്പുവയ്ക്കും. ഞങ്ങളുടെ പ്രീമിയം പ്രതിരോധ പങ്കാളിയായി ഇന്ത്യയെ ഞങ്ങള്‍ ആഗ്രഹിക്കുന്നു' - ട്രംപ് പറഞ്ഞു.

Next Story
Read More >>