200 ദിവസം കഴിഞ്ഞു; കശ്മീര്‍ ഇപ്പോഴും നിശ്ചലമാണ്- കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് നടി നഗ്മ

2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഉത്തരവിറക്കിയത്.

200 ദിവസം കഴിഞ്ഞു; കശ്മീര്‍ ഇപ്പോഴും നിശ്ചലമാണ്- കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് നടി നഗ്മ

ന്യൂഡല്‍ഹി: കശ്മീരില്‍ ചെയ്യുന്നത് എന്ത് എന്നതില്‍ കേന്ദ്രസര്‍ക്കാറിന് ഇനിയും ഒരു നിശ്ചയവുമില്ലെന്ന് നടി നഗ്മ. 200 ദിവസമായി കശ്മീര്‍ നിശ്ചലമാണെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.

കശ്മീരിലെ സ്തംഭനത്തില്‍ മാത്രമല്ല, പുല്‍വാമയിലും അമര്‍നാഥിലുമുണ്ടായ ഭീകരാക്രമണത്തിലും സര്‍ക്കാറിന് കൃത്യമായ ഉത്തരങ്ങളില്ല. മുന്‍ മുഖ്യമന്ത്രിമാരെ പൊതു സുരക്ഷാ നിയമപ്രകാരം തടവില്‍ അടച്ചിരിക്കുകയാണ്. പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ ദേവേന്ദര്‍ സിങിന്റെ പങ്ക് എന്നതിനെ കുറിച്ചും വ്യക്തതയില്ല. താഴ്‌വരയിലെ ടൂറിസം, ബിസിനസ് മേഖലയില്‍ കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്- അവര്‍ കുറിച്ചു.

സജീവ സിനിമാ രംഗം വിട്ട ശേഷം കോണ്‍ഗ്രസുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന നഗ്മ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ താരപ്രചാരകയായിരുന്നു. നഗ്മയ്ക്ക് പുറമേ, ഖുഷ്ബു സുന്ദര്‍, ശത്രുഘ്‌നന്‍ സിന്‍ഹ, രാജ്ബബ്ബര്‍ എന്നിവരായിരുന്നു സിനിമാ മേഖലയില്‍ നിന്ന് കോണ്‍ഗ്രസിനായി പ്രചാരണത്തിന് ഇറങ്ങിയിരുന്നത്.

2019 ഓഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി ഉത്തരവിറക്കിയത്. അതിനു ശേഷം പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് ഇതുവരെ ആയിട്ടും കാര്യമായ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടില്ല. മുന്‍ മുഖമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല തുടങ്ങിയവരെ കേന്ദ്രതീരുമാനത്തിന് ശേഷം പൊതു സുരക്ഷാ നിയമ പ്രകാരം തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

Next Story
Read More >>