വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കേണ്ടത് അടിയന്തര വിഷയമല്ലേ എന്ന് ഒരു ബഞ്ച്, എന്ത് പ്രസംഗം എന്ന് മറ്റൊരു ബഞ്ച്- ഡല്‍ഹി ഹൈക്കോടതിയില്‍ ഒരേ കേസില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് ഇങ്ങനെ

ഇന്ന് കേസ് പരിഗണനയ്ക്ക് വന്നത് ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, സി ഹരിശങ്കര്‍ എന്നിവര്‍ അടങ്ങുന്ന ബഞ്ചിനു മുമ്പാകെയാണ്.

വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കേണ്ടത് അടിയന്തര വിഷയമല്ലേ എന്ന് ഒരു  ബഞ്ച്, എന്ത് പ്രസംഗം എന്ന് മറ്റൊരു ബഞ്ച്- ഡല്‍ഹി ഹൈക്കോടതിയില്‍ ഒരേ കേസില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞത് 24 മണിക്കൂറിന് അകം. വിദ്വേഷ പ്രാസംഗികര്‍ക്ക് നേരെ ഒരു ദിവസത്തിനുള്ളില്‍ കേസെടുക്കണമെന്നാണ് ബുധനാഴ്ച കേസ് പരിഗണിക്കവെ ജസ്റ്റിസ് എസ് മുരളീധര്‍, തല്‍വന്ത് സിങ് എന്നിവരടങ്ങുന്ന ബഞ്ച് ആവശ്യപ്പെട്ടത്.

ഇന്ന് കേസ് പരിഗണനയ്ക്ക് വന്നത് ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍, സി ഹരിശങ്കര്‍ എന്നിവര്‍ അടങ്ങുന്ന ബഞ്ചിനു മുമ്പാകെയാണ്.

രണ്ടു ബഞ്ചുകളും എങ്ങനെയാണ് പ്രതികരിച്ചത് എന്നു നോക്കാം

> ബുധനാഴ്ച (ഇന്നലെ)

വിഷയത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുക്കാനാണ് ഹര്‍ജി പരിഗണിക്കുന്നത് എന്നാണ് ജസ്റ്റിസ് മുരളീധര്‍ തുടക്കത്തിലേ പറഞ്ഞത്. സാഹചര്യങ്ങള്‍ സന്തോഷകരമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേസ് നീട്ടിവയ്ക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ട വേളയില്‍ 'കുറ്റക്കാര്‍ക്കെതിരെ കേസെടുക്കേണ്ടത് അടിയന്തര വിഷയമല്ലേ' എന്നായിരുന്നു കോടതിയുടെ ചോദ്യം.

ഈ വീഡിയോകള്‍ (വിദ്വേഷം നിറഞ്ഞ) നൂറു കണക്കിന് ആളുകള്‍ കണ്ടിട്ടുണ്ട്. എന്നിട്ടും ഇത് അടിയന്തര പ്രശ്‌നമായി നിങ്ങള്‍ കരുതുന്നില്ലേ- കോടതി വീണ്ടും ചോദിച്ചു. ഇത് കണ്ടിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ച വേളയില്‍ കോടതി വീഡിയോ കാണിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി.

അതിനു ശേഷവും ഇപ്പോള്‍ കേസെടുക്കാനുള്ള സമയമല്ല എന്ന് പറഞ്ഞ് കോടതിയെ പിന്തിരിക്കാനാണ് സോളിസിറ്റര്‍ ജനറല്‍ ശ്രമിച്ചത്. കൃത്യസമയത്തു കേസെടുക്കണമെന്ന മേത്തയുടെ പ്രതികരണത്തോട് 'ഏതാണ് കൃത്യമായ സമയം മിസ്റ്റര്‍ മേത്ത? നഗരം കത്തുകയാണ്' - എന്നായിരുന്നു ജഡ്ജിയുടെ പ്രതികരണം.

കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകിക്കുന്ന ഓരോ ദിവസവും നിര്‍ണായകമാണ് എന്ന് ചൂണ്ടിക്കാട്ടിയ കോടതി വൈകിക്കുന്നിടത്തോളം പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമായിക്കൊണ്ടേ ഇരിക്കും എന്നു ചൂണ്ടിക്കാട്ടി.

വീഡിയോകള്‍ എല്ലാം കണ്ട് ഒരു ദിവസത്തിന് അകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ബഞ്ചിന്റെ ഉത്തരവ്.

> വ്യാഴാഴ്ച (ഇന്ന്)

ചീഫ് ജസ്റ്റിസ് ഡി.എന്‍ പട്ടേല്‍ അദ്ധ്യക്ഷനും ജസ്റ്റിസ് സി ഹരിശങ്കര്‍ അംഗവുമായ ബഞ്ചാണ് കേസ് പരിഗണിച്ചത്. യഥാര്‍ത്ഥത്തില്‍ ഈ കേസ് ലിസ്റ്റ് ചെയ്തിരുന്നത് ചീഫ് ജസ്റ്റിസിന്റെ ബഞ്ചിലായിരുന്നു. അദ്ദേഹം അവധിയായതിനെ തുടര്‍ന്നാണ് ജസ്റ്റിസ് മുരളീധരിന്റെ ബഞ്ച് കേസ് പരിഗണിച്ചത്.

ബുധനാഴ്ചയിലെ ബഞ്ച് കാണിച്ച അടിയന്തര പ്രാധാന്യം ഇന്നത്തെ ബഞ്ച് കാണിച്ചില്ല എന്നതാണ് ഏറെ സുപ്രധാനം.

പ്രസംഗത്തെ കുറിച്ച് അറിവില്ലാത്തതു പോലെയായിരുന്നു കോടതിയുടെ പ്രതികരണം. സബ്മിഷനിടെ 'പ്രസംഗങ്ങള്‍' എന്നു പറഞ്ഞ തുഷാര്‍ മേത്തയോട് എന്തിനെ കുറിച്ചുള്ള പ്രസംഗങ്ങള്‍ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ ചോദ്യം.

വിദ്വേഷ പ്രസംഗത്തെ കുറിച്ചാണ് പറയുന്നത് എന്ന് തുഷാര്‍ മേത്തയ്ക്ക് വിശദീകരിക്കേണ്ടി വന്നു. കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സമയം ഇതല്ല എന്ന വാദം തുഷാര്‍ മേത്ത ആവര്‍ത്തിച്ചു. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് നീട്ടിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലെ ജസ്റ്റിസ് മുരളീധര്‍ അംഗീകരിക്കാതിരുന്ന ഈ സബ്മിഷന്‍ ബഞ്ച് സ്വീകരിച്ചു.

കോടതി നിര്‍ദ്ദേശിച്ചതു പ്രകാരം എല്ലാ വീഡിയോയും പരിശോധിച്ചെന്നും അതില്‍ ആവശ്യമായ നടപടിയെടുക്കാന്‍ സമയം വേണമെന്നും ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. കേസില്‍ എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ നാലാഴ്ച സമയം നല്‍കി കോടതി സബ്മിഷന്‍ അംഗീകരിച്ചു.

ഏപ്രില്‍ 13നാണ് ഇനി കേസ് പരിഗണിക്കുന്നത്. കുറച്ചു കൂടി അടുത്ത ദിവസം കേസ് പരിഗണിക്കണമെന്ന ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാലസിന്റെ അഭ്യര്‍ത്ഥന കോടതി ചെവിക്കൊണ്ടില്ല.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജാമിഅ മില്ലിയ്യയിലെ പൊലീസ് നടപടിക്കെതിരെ നല്‍കപ്പെട്ട ഹര്‍ജി പരിഗണിച്ചതും ഇതേ ബഞ്ചായിരുന്നു. അന്ന് ഫെബ്രുവരി നാലിലേക്കാണ് കേസ് നീട്ടിയത്. ഫെബ്രുവരി നാലിന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ അത് ഏപ്രില്‍ 29ലേക്ക് നീട്ടി.

Next Story
Read More >>