മാന്ദ്യം കടുക്കുന്നു; കോര്‍പറേറ്റ് നികുതി നിരക്ക് അഞ്ചു ശതമാനം കുറയ്ക്കാന്‍ കേന്ദ്രം

വ്യക്തിഗത ആദായ നികുതി നിരക്കില്‍ മാറ്റമുണ്ടാകില്ല

മാന്ദ്യം കടുക്കുന്നു; കോര്‍പറേറ്റ് നികുതി നിരക്ക് അഞ്ചു ശതമാനം കുറയ്ക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യം പടിവാതില്‍ക്കലെത്തി നില്‍ക്കെ വിപണിയില്‍ ഇടപെട്ട് കേന്ദ്രധനമന്ത്രാലയം. രാജ്യത്തെ എല്ലാ കമ്പനികളുടെയും കോര്‍പറേറ്റ് നികുതി നിരക്ക് 30ല്‍ നിന്ന് 25 ശതമാനമാക്കാനും സര്‍ച്ചാര്‍ജുകള്‍ ഒഴിവാക്കാനും സര്‍ക്കാര്‍ പാനല്‍ ധനമന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കി.

ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ കോര്‍പറേറ്റ് നികുതി ചുമത്തുമെന്ന രാജ്യമാണ് ഇന്ത്യ.

ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അഖിലേഷ് രഞ്ജന്‍ അദ്ധ്യക്ഷനായ പാനല്‍ ധനമന്ത്രാലയത്തില്‍ സമര്‍പ്പിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ ധനമന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നിലവില്‍ ആഭ്യന്തര കമ്പനികള്‍ക്ക് 30 ശതമാനവും വിദേശകമ്പനികള്‍ക്ക് നാല്‍പ്പത് ശതമാനവുമാണ് ഇന്ത്യയിലെ കോര്‍പറേറ്റ് നികുതി. ഇതിനു പുറമേ, ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്കായി നാലു ശതമാനം സര്‍ച്ചാര്‍ജ്ജുമുണ്ട്.

100 കോടിയില്‍ അധികം വരുമാനമുള്ള ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് 12 ശതമാനവും വിദേശ കമ്പനികളില്‍ നിന്ന് അഞ്ചു ശതമാനവും സര്‍ച്ചാര്‍ജ്ജും ഈടാക്കുന്നുണ്ട്.

അതേസമയം, വ്യക്തിഗത ആദായ നികുതി നിരക്കില്‍ മാറ്റമുണ്ടാകില്ല

400 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി ക്രമേണ വെട്ടിക്കുറയ്ക്കുമെന്ന് തിങ്കളാഴ്ച നിര്‍മല സീതാരാന്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മാസം നടത്തിയ ആദ്യ ബജറ്റില്‍ 400 കോടി രൂപ വരെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി നേരത്തെ 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറച്ചിരുന്നു. എന്നാല്‍ സര്‍ച്ചാര്‍ജ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബജറ്റ് മൗനം പാലിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി 250 കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികളുടെ കോര്‍പ്പറേറ്റ് വരുമാനനികുതി നിരക്ക് 25 ശതമാനമായി കുറച്ചിരുന്നു. ഇപ്പോള്‍ എല്ലാ കോര്‍പ്പറേറ്റുകള്‍ക്കും നികുതി ഇളവ് നല്‍കണമെന്നാണ് പാനല്‍ ശിപാര്‍ശ ചെയ്തിട്ടുള്ളത്.

Next Story
Read More >>