പടിയിറങ്ങുമ്പോള്‍ സി.ടി മാഷിന്റെ സമ്മാനം അസംബ്ലി ഹാള്‍

കിട്ടുന്ന ശമ്പളം അപ്പടി പോക്കറ്റിലിടുന്നവരുടെ ഇടയിൽ വ്യത്യസ്തനാണ് സി.ടി മാഷ്. സ്‌കൂളിൽ നിന്ന് എൽ.എസ്.എസ് സ്‌കോളർഷിപ്പ് നേടുന്ന വിദ്യാർത്ഥിയുടെ ഏഴാംക്ലാസ് വരെയുള്ള പഠനച്ചെലവ് വഹിക്കുന്നതു മുതൽ ഉപജില്ലയിലെ പ്രതിഭകളെ ആദരിക്കുന്നത് വരെ നീളുന്നു മാസ്റ്ററുടെ പ്രവർത്തനങ്ങൾ. എല്ലാ വർഷവും സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സ്വന്തം ചെലവിൽ ഓണക്കിറ്റ് നൽകും. അദ്ധ്യയനവർഷാരംഭത്തിൽ വിദ്യാർത്ഥികൾക്കുവേണ്ട നോട്ടുപുസ്തകം ഇദ്ദേഹത്തിന്റെ സമ്മാനമാണ്.

പടിയിറങ്ങുമ്പോള്‍ സി.ടി മാഷിന്റെ  സമ്മാനം അസംബ്ലി ഹാള്‍

ജമാല്‍ ചേന്നര

പെരിന്തൽമണ്ണ: കീഴാറ്റൂർ മുള്ള്യാകുർശ്ശിയിലെ നാട്ടുകാർ വലിയൊരു വേദനയിലാണ്. എ.എം.എൽ.പി സ്‌കൂൾ അദ്ധ്യാപകൻ മേലാറ്റൂർ സ്വദേശി മുഹമ്മദ് അബ്ദുറഹ്മാൻ സ്‌കൂളിൽ നിന്നു പടിയിറങ്ങുന്നതിന്റെ നൊമ്പരം. ഒരു പ്രൈമറി സ്‌കൂൾ അദ്ധ്യാപകൻ സർവ്വീസിൽ നിന്ന് വിരമിക്കുമ്പോൾ സങ്കടപ്പെടാനെന്ത് എന്ന് ശങ്കിക്കുന്നവരോട് നാട്ടുകാർ നിരത്തുന്നത് തങ്ങളുടെ സി.ടി മാഷ് ചെയ്യുന്ന സേവനങ്ങളാണ്. അറിവ് പകരുക എന്നതിനേക്കാൾ മഹത്തരമായ സേവനവഴികൾ നാട്ടിൽ തെളിയിച്ചാണ് പടിയിറക്കം എന്നതാണ് ഈ അദ്ധ്യാപകന്റെ മഹിമ.കിട്ടുന്ന ശമ്പളം അപ്പടി പോക്കറ്റിലിടുന്നവരുടെ ഇടയിൽ വ്യത്യസ്തനാണ് സി.ടി മാഷ്. സ്‌കൂളിൽ നിന്ന് എൽ.എസ്.എസ് സ്‌കോളർഷിപ്പ് നേടുന്ന വിദ്യാർത്ഥിയുടെ ഏഴാംക്ലാസ് വരെയുള്ള പഠനച്ചെലവ് വഹിക്കുന്നതു മുതൽ ഉപജില്ലയിലെ പ്രതിഭകളെ ആദരിക്കുന്നത് വരെ നീളുന്നു മാസ്റ്ററുടെ പ്രവർത്തനങ്ങൾ. എല്ലാ വർഷവും സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സ്വന്തം ചെലവിൽ ഓണക്കിറ്റ് നൽകും. അദ്ധ്യയനവർഷാരംഭത്തിൽ വിദ്യാർത്ഥികൾക്കുവേണ്ട നോട്ടുപുസ്തകം ഇദ്ദേഹത്തിന്റെ സമ്മാനമാണ്. സ്‌കൂളിലെ 100 വിദ്യാർത്ഥികൾക്ക് എല്ലാ വർഷവും വിദ്യാഭ്യാസ ഗ്രാന്റ് നൽകുന്നു. മേലാറ്റൂർ ഉപജില്ലാതലത്തിൽ 15 വർഷമായി മാഷ് പ്രതിഭാസംഗമം നടത്തുന്നു. എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പ് നേടിയവർ, കലാ-കായിക-ശാസ്ത്രമേളകളിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയവർ എന്നിവരെയെല്ലാം ഇവിടെ ആദരിക്കും. ഒപ്പം കാഷ് അവാർഡും സമ്മാനിക്കും. സംഘാടനത്തിനും സമ്മാനങ്ങൾക്കുമുൾപ്പെടെയുള്ള എല്ലാ ചെലവുകളും ഇദ്ദേഹമാണ് വഹിക്കുക. ചുരുക്കത്തിൽ, കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു ഭാഗവും പോകുന്നത് സ്വന്തം വിദ്യാര്‍ത്ഥികളുടെ പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി.

32 വർഷം മുമ്പാണ് മുഹമ്മദ് അബ്ദുറഹ്മാൻ ഇവിടെ അദ്ധ്യാപകനായെത്തുന്നത്. തുടക്കകാലത്ത് ശോച്യാവസ്ഥയിലായിരുന്ന സ്‌കൂളിനെ ഇന്നത്തെ നിലയിലേക്കിയതിൽ മാഷിന്റെ പങ്ക് വലുതാണ്. അദ്ധ്യാപകരുടേയും നാട്ടുകാരുടേയും കൂട്ടായ്മ സൃഷ്ടിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഓരോന്നായി വർദ്ധിപ്പിക്കാൻ ഇദ്ദേഹം നേതൃത്വം നൽകി. ഇപ്പോൾ എട്ട് ക്ലാസുകളിലായി 300 വിദ്യാർത്ഥികൾ പഠിക്കുന്നു. ഒമ്പത് അദ്ധ്യാപകരുമുണ്ട്. സ്‌കൂളിന്റെ സകല വികസനപ്രവര്‍ത്തനങ്ങളിലും മാഷിന്റെ കൈയൊപ്പുണ്ട്.

മാർച്ചിൽ സി.ടി മാഷ് സ്‌കൂളിനോട് വിടപറയും. വിരമിക്കുന്നതിനുമുമ്പ് രണ്ട് ലക്ഷം രൂപ ചെലവില്‍ സ്‌കൂൾമുറ്റത്തൊരു അസംബ്ലി ഹാൾ നിർമ്മിച്ചിട്ടുണ്ട് ഇദ്ദേഹം. വിദ്യാർത്ഥികൾക്ക് ഇനി വെയിലേൽക്കാതെ അസംബ്ലിയിൽ പങ്കെടുക്കാം. അടുത്തവർഷം പ്രതിഭാസംഗമം നടത്താനിരുന്ന തുക മാഷ് അസംബ്ലി ഹാളിനായി വിനിയോഗിക്കുകയായിരുന്നുവെന്ന് പ്രധാദ്ധ്യാപകൻ രാജഗോപാൽ തത്സമയത്തോട് പറഞ്ഞു. ഹാളിന്റെ സമർപ്പണം ഇന്ന് സ്‌കൂളിൽ നടന്നു.

പലരുടേയും സഹായത്തോടെയാണ് പഠിച്ചതും ഉയർച്ചകൾ കൈവരിച്ചതും എന്നതിനാൽ തന്നെക്കൊണ്ട് ആവുന്നതെല്ലാം സമൂഹത്തിനായി ചെയ്യണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സേവനങ്ങളെന്ന് മുഹമ്മദ് അബ്ദുറഹ്മാൻ തത്സമയത്തോട് പറഞ്ഞു. വിരമിച്ചാൽ എന്ത് എന്ന ചോദ്യത്തിന് അദ്ദേഹം നൽകുന്ന ഉത്തരം ഇങ്ങനെ- വിദ്യാഭ്യാസ സേവനരംഗത്ത് തുടരും. ഭാര്യ റുഖിയ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പബ്ലിക്ക് ഹെൽത്ത് നഴ്‌സാണ്. ഹാരിസ് റഹ്മാൻ, സാജിദ് റഹ്മാൻ, അനീസ് റഹ്മമാൻ എന്നിവർ മക്കളാണ്.


Read More >>