കൊറോണ വൈറസ്: 288 പേര്‍ നിരീക്ഷണത്തില്‍; കരുതലോടെ കേരളം

ചൈനയിൽ പുതിയതരം കൊറോണ വൈറസ് പടർന്നു പിടിച്ച സാഹചര്യത്തിൽ കേരളവും ജാഗ്രതയോടെ നീങ്ങുകയാണ്.

കൊറോണ വൈറസ്: 288 പേര്‍ നിരീക്ഷണത്തില്‍; കരുതലോടെ കേരളം

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 288 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ്. ഇതിൽ ഏഴ് പേർ ആശുപത്രിയിലാണ്. കൊച്ചിയിൽ മൂന്നുപേരും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഒരാൾ വീതവുമാണ് ആശുപത്രികളിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെ മാത്രം 109 പേരാണ് ചൈനയിൽ നിന്ന് കേരളത്തിലെത്തിയത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് രോഗലക്ഷണമില്ലെങ്കിലും മുൻകരുതലിന്റെ ഭാഗമായാണ് നടപടി.

മടങ്ങിയെത്തിയവരിൽ വൂഹാൻ സർവകലാശാലയിലെ രണ്ട് വിദ്യാർത്ഥികളുമുണ്ട്. ഇന്നലെ രാത്രി 11നാണ് ഇവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. പ്രാഥമിക പരിശോധനയിൽ കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇവരെ വീടുകളിലേക്ക് അയച്ചു. സംശയം ഉള്ളവരുടെ സാംപിളുകള്‍ പൂണെ ലാബിലേക്ക് അയച്ചിട്ടുണ്ട്.

അതേസമയം, ചൈനയിൽ പുതിയതരം കൊറോണ വൈറസ് പടർന്നു പിടിച്ച സാഹചര്യത്തിൽ കേരളവും ജാഗ്രതയോടെ നീങ്ങുകയാണ്.

കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ജനുവരി 18 മുതൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ യോഗങ്ങൾ കൂടിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി വരുന്നത്. ഇവയെല്ലാം കർശനമായി പാലിക്കാൻ എല്ലാ ആശുപത്രികളും തയാറാകണമെന്നും വകുപ്പ്മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

മെഡിക്കൽ കോളജുകളിലും ജില്ലയിലെ പ്രധാന ജനറൽ അല്ലെങ്കിൽ ജില്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ തയാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും അണുനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാണ്ടതാണ്. മാസ്‌ക്, കൈയുറ, സുരക്ഷാ കവചങ്ങൾ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ, മരുന്നുകൾ എന്നിവ ലഭ്യമാക്കാൻ കെ.എം.എസ്.സി.എല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ ഉള്ളവരുടെ സാമ്പിളുകൾ വൈറോളജി ലാബിലേക്ക് അയക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ മാത്രം 60 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരെല്ലാം ചൈനയില്‍ നിന്നു വന്നവരാണെന്നും ഇവര്‍ക്ക് ആര്‍ക്കും ഇതുവരെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Next Story
Read More >>