കോണ്‍ഗ്രസ് റീലോഡഡ്; ബി.ജെ.പിക്ക് ഞെട്ടല്‍- മോദിക്ക് ഇനി എളുപ്പമാകില്ല കാര്യങ്ങള്‍

രണ്ടിടത്തും ബി.ജെ.പി തന്നെ അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് പോലും കരുതിയിരുന്നു.

കോണ്‍ഗ്രസ് റീലോഡഡ്; ബി.ജെ.പിക്ക് ഞെട്ടല്‍- മോദിക്ക് ഇനി എളുപ്പമാകില്ല കാര്യങ്ങള്‍

ന്യൂഡല്‍ഹി: പ്രചാരണ ഘട്ടത്തില്‍ തന്നെ തോറ്റുകൊടുത്ത കോണ്‍ഗ്രസിന് പുതുജീവനേകി മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടുന്നവര്‍ക്ക് വോട്ടില്ലെന്ന പാഠം നല്‍കുകയാണ് ഈ ജനവിധി. തോറ്റു കൊടുക്കാന്‍ സന്നദ്ധമായിട്ടും ജനാധിപത്യത്തില്‍ പ്രതിപക്ഷത്തെ കൂടി വേണ്ടതുണ്ട് എന്ന് ഈ ജനവിധി അടിവരയിട്ടു പറയുന്നു.

രണ്ടിടത്തും ബി.ജെ.പി തന്നെ അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് പോലും കരുതിയിരുന്നു.എക്സിറ്റ് പോളുകളുടെ പ്രവചനവും അതു തന്നെയായിരുന്നു. ഈസി വാക്കോവര്‍ ലഭിച്ച പ്രതീതിയായിരുന്നു ഭരണപക്ഷ ക്യാമ്പുകളില്‍. മോദിയെന്ന രാഷ്ട്രീയ നേതാവിനെ മറികടക്കാന്‍ ഇനിയെന്ത് എന്ന് പ്രതിപക്ഷം തന്നെ സ്വയം ചോദിച്ച വേളയിലാണ് ജനം അതിന് ഉത്തരം നല്‍കിയിട്ടുള്ളത്. ആരായാലും അടിസ്ഥാന വിഷയങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വലിച്ചു താഴെയിടാന്‍ മടിക്കില്ല എന്ന കൃത്യമായ സൂചന ഈ ഫലങ്ങളിലുണ്ട്.

ആദ്യമേ തോറ്റു കൊടുത്തു എന്ന് പറയുന്നതിന് കാരണം, മോദി-ഷാ ദ്വയം ഈ രണ്ടു സംസ്ഥാനങ്ങളില്‍ നടത്തിയത് അമ്പതോളം റാലികളാണ്. രണ്ടും പ്രവര്‍ത്തക പങ്കാളിത്തം കൊണ്ടും നെടുങ്കന്‍ പ്രസംഗങ്ങള്‍ കൊണ്ടും സമ്പന്നമായി. കോണ്‍ഗ്രസ് പക്ഷത്തെ താരപ്രചാരന്‍ രാഹുല്‍ഗാന്ധി പങ്കെടുത്തത് വെറും ഏഴേ ഏഴ് റാലികളില്‍. പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിയോ യുവരക്തം പ്രിയങ്ക ഗാന്ധിയോ ഒരു റാലിയില്‍ പോലും പങ്കെടുത്തില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കനത്ത ആഘാത്തില്‍ നിന്ന് കോണ്‍ഗ്രസ് മുക്തമായിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു പാര്‍ട്ടിയുടെ പ്രചാരണം. പോരാത്തതിന് ഹരിയാനയില്‍ മുന്‍ മുഖ്യമന്ത്രി ഭൂപേന്ദര്‍സിങ് ഹൂഡയും പാര്‍ട്ടി വിട്ട പി.സി.സി അദ്ധ്യക്ഷന്‍ അശോക് തന്‍വറും തമ്മിലുള്ള പ്രശ്‌നങ്ങള്‍. മുംബൈയില്‍ ഔദ്യോഗിക നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന സഞ്ജയ് നിരുപമും മിലിന്ദ് ദിയോറയും. ഉള്‍പ്പോരില്‍ ഉലഞ്ഞു നിന്നിട്ടും ഈ പ്രകടനം നടത്തിയത് ഒരുപക്ഷേ പാര്‍ട്ടിയെ പോലും അത്ഭുതപ്പെടുത്തും.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്, മാസ്‌കുലര്‍ ദേശീയത, ദേശസുരക്ഷ എന്നിവ മുന്‍ നിര്‍ത്തി, ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായിരുന്നു ബി.ജെ.പിയുടെ പ്രചാരണരീതി. എന്നാല്‍ കശ്മീര്‍ വിഷയത്തില്‍ അടക്കം കൃത്യമായ നിലപാടുകള്‍ കൈക്കൊള്ളാന്‍ ആകാതെ കോണ്‍ഗ്രസ് പരുങ്ങി.

തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ അടിസ്ഥാന വിഷയങ്ങള്‍ സമൂഹത്തിന്റെ മുന്‍ഗണനാ ക്രമങ്ങളില്‍ ഒന്നാമതു തന്നെയുണ്ട് എന്ന് തെളിയിക്കുന്നതു കൂടിയാണ് ഈ ഫലങ്ങള്‍.

>വോട്ടുകണക്കുകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍ വോട്ടുചോര്‍ച്ചയാണ് ബി.ജെ.പിക്കുണ്ടായിട്ടുള്ളത്. ഹരിയാനയിലെ മൊത്തം പത്ത് ലോക്‌സഭാ മണ്ഡലത്തില്‍ ലോക്‌സഭയില്‍ 58 ശതമാനം വോട്ടു നേടിയതും ബി.ജെ.പി ആയിരുന്നു. 79 അസംബ്ലി മണ്ഡലങ്ങളില്‍ അവര്‍ മുന്നിട്ടു നിന്നിരുന്നു. ഇപ്പോള്‍ നാല്‍പ്പത് സീറ്റില്‍ മാത്രമാണ് ബി.ജെ.പി മുന്നില്‍ നില്‍ക്കുന്നത്. നിലവില്‍ തൂക്കുസഭയുടെ സാദ്ധ്യതയാണ് സംസ്ഥാനത്തുള്ളത്.

മഹാരാഷ്ട്രയില്‍ 220 അസംബ്ലി സീറ്റുകളിലാണ് ലോക്‌സഭയില്‍ ബി.ജെ.പി ലീഡ് ചെയ്തിരുന്നത്. ഇത് നിലവില്‍ 162ലേക്ക് ചുരുങ്ങി.

ജാര്‍ഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് അടുത്ത തെരഞ്ഞെടുപ്പ് വരുന്നത്. അതിലേക്ക് കോണ്‍ഗ്രസിന് ഈ നേട്ടങ്ങള്‍ ഊര്‍ജ്ജമാകുമെന്ന് ഉറപ്പ്.

Next Story
Read More >>