ജയിലില്‍ നിന്ന് പുറത്തിറങ്ങവെ വീണ്ടും അറസ്റ്റ്; ഹര്‍ദിക് പട്ടേലിനെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ ഗുജറാത്ത് സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാറിന്റെ ഉറക്കം കെടുത്തിയ റാലികള്‍ നയിച്ച ഹര്‍ദിക് 2017ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ജയിലില്‍ നിന്ന് പുറത്തിറങ്ങവെ വീണ്ടും അറസ്റ്റ്; ഹര്‍ദിക് പട്ടേലിനെ പുറത്തിറങ്ങാന്‍ അനുവദിക്കാതെ ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ്: പട്ടേല്‍ സമരനായകനും കോണ്‍ഗ്രസ് നേതാവുമായ ഹര്‍ദിക് പട്ടേലിനെ ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍. രാജ്യദ്രോഹക്കുറ്റത്തിന് ഗുജറാത്തിലെ സബര്‍മതി ജയിലില്‍ കഴിയുകയായിരുന്ന ഹര്‍ദികിനെ, കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങവെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. 2017ല്‍ അനുമതിയില്ലാതെ റാലി നടത്തിയ കുറ്റത്തിനാണ് ഗാന്ധിനഗര്‍ പൊലീസ് ഇദ്ദേഹത്തെ വീണ്ടും കസ്റ്റഡിയില്‍ എടുത്തത്.

രാജ്യദ്രോഹക്കേസില്‍ ഇന്നു വരെയാണ് കോടതി ഹര്‍ദികിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നത്. കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് ഇദ്ദേഹം പുറത്തിറങ്ങിയത്. 2015ലെ പട്ടേല്‍ സമുദായത്തിന് സംവരണം ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളില്‍ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചു എന്നാണ് ഇദ്ദേഹത്തിന് എതിരെയുള്ള കേസ്.

സംസ്ഥാന സര്‍ക്കാറിന്റെ ഉറക്കം കെടുത്തിയ റാലികള്‍ നയിച്ച ഹര്‍ദിക് 2017ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഹര്‍ദികിന് പിന്തുണയുമായി നേരത്തെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. സ്വന്തം സമുദായത്തിന്റെ ആവശ്യങ്ങള്‍ക്കായി ശബ്ദമുയര്‍ത്തിയ നേതാവാണ് ഹര്‍ദിക് എന്നും എന്നാല്‍ ഇത് രാജ്യദ്രോഹമായാണ് ബി.ജെ.പി കാണുന്നത് എന്നുമായിരുന്നു പ്രിയങ്കയുടെ കുറ്റപ്പെടുത്തല്‍.

Next Story
Read More >>