ഈ പോക്ക് ശരിയല്ല; പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയെ ഇസ്രയേല്‍ ആക്കും- ആഞ്ഞടിച്ച് അസദുദ്ദീന്‍ ഉവൈസി

ബില്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും

ഈ പോക്ക് ശരിയല്ല; പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയെ ഇസ്രയേല്‍ ആക്കും- ആഞ്ഞടിച്ച് അസദുദ്ദീന്‍ ഉവൈസി

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വിവാദ പൗരത്വ ഭേദഗതി ബില്ലിനെതിരെ ആഞ്ഞടിച്ച് എ.ഐ.എം.ഐ.എം പ്രസിഡണ്ട് അസദുദ്ദീന്‍ ഉവൈസി. ബില്‍ നടപ്പായാല്‍ അത് ഇന്ത്യയെ ഇസ്രയേല്‍ ആക്കുമെന്ന് അദ്ദേഹം പറഞ്ഞു.

'പൗരത്വബില്‍ ലക്ഷ്യം വയ്ക്കുന്നത് ഇന്ത്യയെ മതരാഷ്ട്രമാക്കുക എന്നതാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ വിവേചനം നടക്കുന്ന ഇസ്രയേലിന്റെ നിരയിലേക്ക് ഇന്ത്യ മാറും. മാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ സത്യമാണ് എങ്കില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നിയമത്തില്‍ ഇളവുണ്ട്. അതു മാത്രമല്ല, മൗലികാവകാശവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 14-ാം അനുച്ഛേദനത്തിന്റെ നഗ്നമായ ലംഘനമാണിത്' - അദ്ദേഹം പറഞ്ഞു.

മതത്തിന്റെ അടിസ്ഥാനത്തില്‍ പാൗരത്വം നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരാണെന്ന് ഉവൈസി ചൂണ്ടിക്കാട്ടി. ബില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതാണ്. കാരണം നിങ്ങള്‍ ദ്വിരാഷ്ട്ര വാദത്തെ പുനരുജ്ജീവിപ്പിക്കുകയാണ്. ഒരു ഇന്ത്യന്‍ മുസ്‌ലം എന്ന നിലയില്‍ ജിന്നയുടെ ആശയത്തെ എതിര്‍ക്കുന്നു. എന്നാല്‍ ദ്വിരാഷ്ട്ര വാദത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലേക്കാണ് രാജ്യത്തിന്റെ പോക്ക്- അദ്ദേഹം പറഞ്ഞു.

ആറു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന ബംഗ്ലാദേശ്, പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി മതവിശ്വാസികള്‍ക്ക് രേഖകള്‍ ഒന്നുമില്ലെങ്കിലും ഇന്ത്യന്‍ പൗരത്വം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. മുസ്‌ലിം സമുദായത്തിന് ബില്ലിന്റെ ആനുകൂല്യം ലഭിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.

ബില്‍ നാളെ ലോക്‌സഭയില്‍ അവതരിപ്പിക്കും. ഡിസംബര്‍ ഒമ്പത് മുതല്‍ മൂന്നു ദിവസത്തേക്ക് ലോക്‌സഭയില്‍ ഹാജരായിരിക്കാന്‍ എല്ലാ എം.പിമാര്‍ക്കും ബി.ജെ.പി വിപ്പ് നല്‍കിയിട്ടുണ്ട്.

ലോക്‌സഭയുടെ നാളത്തെ ലിസ്റ്റ് ഓഫ് ബിസിനസില്‍ ബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ബില്‍ അവതരിപ്പിക്കുക.

പൗരത്വ നിര്‍ണയത്തില്‍ മതം അടിസ്ഥാനമാക്കുന്നതില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ശക്തമായ വിയോജിപ്പാണ് ബില്ലിനോട് രേഖപ്പെടുത്തിയിട്ടുള്ളത്.

പല്ലും നഖവും ഉപയോഗിച്ച് ബില്ലിനെ എതിര്‍ക്കുമെന്ന് സഭയിലെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രജ്ഞന്‍ ചൗധരി വ്യക്തമാക്കി. ബില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതേതര മൂല്യങ്ങള്‍ക്കും സംസ്‌കാരത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു.

Next Story
Read More >>