ചിരിയും ചിന്തയും ഉണർത്തി കാർട്ടൂണുകൾ‌

ഇന്ന് ലോക കാര്‍ട്ടൂണ്‍ ദിനം - കടലാസ് എന്നർത്ഥമുള്ള 'കാർട്ടോൺ' എന്ന ഇറ്റാലിയൻ പദത്തിൽനിന്നാണ് ഹാസ്യചിത്രം എന്നർത്ഥം വരുന്ന 'കാർട്ടൂൺ' എന്ന ഇംഗ്ലീഷ് പദമുണ്ടായത്.

ചിരിയും ചിന്തയും ഉണർത്തി കാർട്ടൂണുകൾ‌തത്സമയം കാര്‍ട്ടൂണ്‍ / സുനില്‍

ഒരു കാര്യം നേരിട്ട് പറയുന്നതിലും കാർട്ടൂണുകളിലൂടെ പ്രതിഫലിപ്പിക്കുന്നതിലുമുള്ള അന്തരം വലുതാണ്. ചെറിയ ഇടത്തില്‍ കാര്യങ്ങൾ കൂടുതൽ ഉൾക്കൊള്ളിക്കാൻ സാധിക്കുക തീർച്ചയായും കാർട്ടൂണുകളിലൂടെ തന്നെയാണ്.

ഇന്ന് മെയ് 5, ലോക കാർട്ടൂൺ ദിനം. കുട്ടികളേയും മുതിർന്നവരേും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും സാധിക്കുന്ന കല. ഓരോ കാർട്ടൂണിസ്റ്റിന്റേയും കരങ്ങളിൽ വിടരുന്നത് കാലികപ്രസക്തിയുള്ള വിഷയങ്ങളുടേയും സാമൂഹ്യസാഹചര്യങ്ങളുടേയും നേർക്കാഴ്ചകളാണ്.

കടലാസ് എന്നർത്ഥമുള്ള 'കാർട്ടോൺ' എന്ന ഇറ്റാലിയൻ പദത്തിൽനിന്നാണ് ഹാസ്യചിത്രം എന്നർത്ഥംവരുന്ന 'കാർട്ടൂൺ' എന്ന ഇംഗ്ലീഷ് പദമുണ്ടായത്. 1841ൽ 'പഞ്ച്'എന്ന മാസികയുടെ പ്രസിദ്ധീകരണം മുതൽക്കാണ് കാർട്ടൂണിന് ഇന്നുള്ള പ്രാമുഖ്യമുണ്ടായത്.

ചിത്രകലയിൽനിന്ന് വ്യത്യസ്തമായി കാർട്ടൂണിൽ സാങ്കേതികത്വത്തിനല്ല പ്രാധാന്യം, മറിച്ച്, ആശയത്തിനും ഉദ്ദേശ്യത്തിനുമാണ്. പ്രതീകാത്മകമായ സൂചനകളിൽകൂടി വ്യക്തികളെയോ സംഭവങ്ങളെയോ ആക്ഷേപിക്കുകയാണ് കാർട്ടൂണിസ്റ്റ് ചെയ്യുന്നത്.

മലയാളത്തിൽ കാർട്ടൂണിന്റെ ചരിത്രം ആരംഭിക്കുന്നത് 1919 ഒക്ടോബറിൽ വിദൂഷകൻ എന്ന മാസികയിൽ പ്രസിദ്ധീകരിച്ച മഹാക്ഷാമദേവത എന്ന കാർട്ടൂണിലൂടെയാണ്. ഡച്ച് ഹാസ്യ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്ന റൊമെയ്ൻ ഡെ ഹുഗെയാണ് ആദ്യകാലങ്ങളിൽ കാർട്ടൂണിസ്റ്റ് എന്ന നിലയിൽ പ്രസിദ്ധനായത്.


ഇംഗ്ലണ്ടിലെ വില്യം ഹോഗാർത്ത്, ജയിംസ് ഗിൽറേ, തോമസ് റൗലൻസ് സൺ എന്നിവരാണ് കാർട്ടൂൺ കലാരൂപത്തിന് ഉണർവ് നൽകിയ ആദ്യകാല ഇംഗ്ലീഷ് ചിത്രകാരന്മാർ. ഇന്ത്യയിലെ 'രാഷ്ട്രീയ കാർട്ടൂൺ പ്രസ്ഥാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന ശങ്കറാണ് ഭാരതത്തിൽ കാർട്ടൂൺ പ്രചരിപ്പിച്ചത്. അദ്ദേഹത്തിന്റെ 'ശങ്കേഴ്‌സ് വീക്കിലി'യിലൂടെയാണ് ഇന്ത്യയിലെ മിക്ക കാർട്ടൂണിസ്റ്റുകളും പ്രശസ്തരായത്.

ശങ്കറിന്റെ വാരികയിൽ ശിക്ഷണം നേടിയവരാണ് അബു എബ്രഹാം, കുട്ടി, ഒ.വി. വിജയൻ, രാജീന്ദർ പുരി, സാമുവൽ, യേശുദാസൻ, ബി.എം. ഗഫൂർ തുടങ്ങിയവർ. പ്രശസ്ത കാർട്ടൂണിസ്റ്റ് ആർ.കെ. ലക്ഷ്മണിന് ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ മുൻനിരയിലാണ് സ്ഥാനം.

ഇന്ത്യയിൽ പോക്കറ്റ് കാർട്ടൂൺ സമ്പ്രദായം ആദ്യമായി അവതരിപ്പിച്ചത് കേരളീയനായ സാമുവൽ ആണ് സഞ്ജയന്റെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന 'സഞ്ജയൻ', 'വിശ്വരൂപം' എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയാണ് മലയാളത്തിലെ ആദ്യകാല കാർട്ടൂണുകൾ പുറത്തുവന്നത്.


കേരളത്തിൽ ആദ്യകാലത്ത് കാർട്ടൂൺ രചനയിൽ പേരെടുത്ത ഒരാളാണ് വത്സൻ. 'സഞ്ജയൻ', 'വിശ്വരൂപം' എന്നിവയിലെ കാർട്ടൂണിസ്റ്റുകളിൽ ഒരാളായിരുന്നു എം. ഭാസ്‌കരൻ. 'ബോബനും മോളിയും' എന്ന കാർട്ടൂൺ പരമ്പരയിലൂടെ പ്രശസ്തനായ ടോംസ്, 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാർട്ടൂൺ പരമ്പരയിലൂടെ പ്രശസ്തനായ അരവിന്ദൻ, ആർട്ടിസ്റ്റ് രാഘവൻ നായർ എന്നിവരും കേരളത്തിലെ അറിയപ്പെടുന്ന കാർട്ടൂണിസ്റ്റുകളാണ്.

Read More >>