ഓര്‍മയില്ലേ ഗുജറാത്ത്... കുറ്റ്യാടിയിലെ മുദ്രാവാക്യം തള്ളി ബി.ജെ.പി; ഇത് പാര്‍ട്ടി നയമല്ല

പാര്‍ട്ടി നേതൃത്വം അറിയാതെയാണു ചിലര്‍ പ്രകോപനകരമായ ചില മുദ്രാവാക്യങ്ങള്‍ വിളിച്ചത്.

ഓര്‍മയില്ലേ ഗുജറാത്ത്... കുറ്റ്യാടിയിലെ മുദ്രാവാക്യം തള്ളി ബി.ജെ.പി; ഇത് പാര്‍ട്ടി നയമല്ല

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കോഴിക്കോട് കുറ്റ്യാടിയില്‍ നടന്ന റാലിയില്‍ വിളിക്കപ്പെട്ട പ്രകോപനപരമായ മുദ്രാവാക്യത്തെ തള്ളി ബി.ജെ.പി. ഇത്തരം മുദ്രാവാക്യങ്ങള്‍ പാര്‍ട്ടി നയമല്ലെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. മുദ്രാവാക്യത്തില്‍ പാര്‍ട്ടി പ്രതിരോധത്തിലായതോടെയാണ് നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയത്. ആരാണ് മുദ്രാവാക്യം വിളിച്ചത് എന്ന് പരിശോധിക്കുമെന്ന് രമേശ് വ്യക്തമാക്കി.

പൗരത്വ നിമയവുമായി ബന്ധപ്പെട്ടുള്ള വിശദീകരണ യോഗങ്ങള്‍ നാട്ടുകാര്‍ ബഹിഷ്‌ക്കരിച്ചതില്‍ കലിപൂണ്ടാണ് ബിജെപി പ്രവര്‍ത്തകര്‍ കൊലവിളിയോടെ പ്രകടനം നടത്തിയത്. 'ഗുജറാത്ത് ഓര്‍മയില്ലേ' എന്നായിരുന്നു ഗുജറാത്തിലെ മുസ്‌ലിം വംശഹത്യ ഓര്‍മിപ്പിച്ച് പ്രവര്‍ത്തകര്‍ വിളിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

കുറ്റ്യാടിയിലെ റാലിയില്‍ വിളിക്കേണ്ട മുദ്രാവാക്യങ്ങള്‍ നേരത്തേ എഴുതി തയാറാക്കി നല്‍കിയിരുന്നു. ഇതാണു ഭൂരിഭാഗം പേരും വിളിച്ചത്. പാര്‍ട്ടി നേതൃത്വം അറിയാതെയാണു ചിലര്‍ പ്രകോപനകരമായ ചില മുദ്രാവാക്യങ്ങള്‍ വിളിച്ചത്. മുദ്രാവാക്യത്തിലെ പരാമര്‍ശങ്ങളൊന്നും പാര്‍ട്ടിയുടെ നയമല്ല. ഇതു ഒറ്റപ്പെട്ട സംഭവമാണ്- അദ്ദേഹം വ്യക്തമാക്കി.

തിങ്കളാഴ്ച വൈകീട്ട് പ്രദേശത്ത് നടത്തിയ ദേശരക്ഷാ മാര്‍ച്ചിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. 'രാഷ്ട്രീയമല്ല, രാഷ്ട്രമാണ് വലുത്' എന്ന ആഹ്വാനവുമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ 'ഓര്‍മയില്ലേ ഗുജറാത്ത്, ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ...'എന്നിങ്ങനെയുള്ള വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വിളിച്ചത്. എം.ടി രമേശാണ് യോഗം ഉദ്ഘാടനം ചെയ്തത്.

ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നോയെന്ന കാര്യം അറിയില്ലെന്നാണ് പൊലീസിന്റെ പ്രതികരണം. ബിജെപിയുടെ പൊതുയോഗം തുടങ്ങുന്നതിന് മുന്നെ ടൗണിലെ ഭൂരിഭാഗം കടകളും അടച്ചിരുന്നു. ഓട്ടോ ടാക്സി തൊഴിലാളികളടക്കം സ്ഥലത്തുനിന്ന് മാറുകയും. പ്രദേശവാസികള്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

നേരത്തെ, കെ. സുരേന്ദ്രന്‍ അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഇതിനെ പരോക്ഷമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കളകള്‍ അടച്ചും തുണി പൊക്കിക്കാണിച്ചും പ്രതിഷേധിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതിനിടെ, ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തിനായി കടകള്‍ അടച്ചിടാന്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ കേസെടുത്തു. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചു എന്ന കുറ്റത്തിനാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. തിങ്കളാഴ്ച വൈകീട്ട് ബിജെപി കുറ്റ്യാടിയില്‍ സംഘടിപ്പിച്ച രാഷ്ടരക്ഷാ സംഗമത്തിന് മുന്നോടിയായാണ് അങ്ങാടിയിലെ കടയടപ്പിച്ചത്.

Next Story
Read More >>