അമിത് ഷാ പറഞ്ഞിട്ടാണ് പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ എടുത്തത്; വെളിപ്പെടുത്തലുമായി നിതീഷ് കുമാര്‍

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമത്തെ തുടക്കം മുതല്‍ തന്നെ ശക്തമായി എതിര്‍ത്ത നേതാവായിരുന്നു പ്രശാന്ത് കിഷോര്‍.

അമിത് ഷാ പറഞ്ഞിട്ടാണ് പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ എടുത്തത്; വെളിപ്പെടുത്തലുമായി നിതീഷ് കുമാര്‍

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ എടുത്തത് അമിത് ഷാ പറഞ്ഞിട്ടാണെന്ന് ജെ.ഡി.യു അദ്ധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ആവശ്യമാണ് എങ്കില്‍ പ്രശാന്തിന് പാര്‍ട്ടി വിട്ടു പോകാമെന്നും അദ്ദേഹം പറഞ്ഞു. പട്‌നയില്‍ പാര്‍ട്ടി എം.എല്‍.എമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അദ്ദേഹത്തിന് നില്‍ക്കണമെങ്കില്‍ നില്‍ക്കാം. പോകണമെങ്കില്‍ പോകാം. ഞങ്ങളുടേത് ഒരു പ്രത്യേക പാര്‍ട്ടിയാണ്. അദ്ദേഹം എങ്ങനെയാണ് പാര്‍ട്ടിയില്‍ എത്തിയത് എന്നറിയാമോ? അമിത് ഷാ പറഞ്ഞിട്ടാണ് പാര്‍ട്ടിയില്‍ പ്രവേശിപ്പിച്ചത്' - നിതീഷ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമത്തെ തുടക്കം മുതല്‍ തന്നെ ശക്തമായി എതിര്‍ത്ത നേതാവായിരുന്നു പ്രശാന്ത് കിഷോര്‍. എന്നാല്‍ നിയമത്തിന് അനുകൂലമായ നിലപാടാണ് ജെ.ഡി.യു ഔദ്യോഗികമായി സ്വീകരിച്ചിരുന്നത്. തുടര്‍ച്ചയായി ബി.ജെ.പിയെ വെല്ലുവിളിച്ച കിഷോറിനെതിരെ ഇത് ആദ്യമായാണ് നിതീഷ് സംസാരിക്കുന്നത്.

പ്രശാന്ത് കിഷോറിന് പുറമേ, മുതിര്‍ന്ന നേതാവായ പവന്‍കുമാറും സി.എ.എയ്‌ക്കെതിരെ പാര്‍ട്ടിയില്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ട്. ഇരുവര്‍ക്കുമെതിരെ താന്‍ നടപടിയെടുക്കില്ലെന്നും വേണമെങ്കില്‍ അവര്‍ക്ക് പാര്‍ട്ടി വിട്ടു പോകാമെന്നും നിതീഷ് വ്യക്തമാക്കി.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളാണ് ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴി തുറന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായി അറിയപ്പെടുന്ന അദ്ദേഹം 2018ലാണ് ജെ.ഡി.യുവിന്റെ ഉപാദ്ധ്യക്ഷനായത്. വരാനിരിക്കുന്ന ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടിയും ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിക്ക് വേണ്ടിയും അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്പനി തന്ത്രമൊരുക്കുന്നുണ്ട്.

അതിനിടെ, എന്‍.പി.ആറുമായി ബന്ധപ്പെട്ട് പഴയ ഫോമാണ് പിന്തുടരേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. മിക്കവര്‍ക്കും അവരുടെ മാതാപിതാക്കളുടെ ജനനത്തിയ്യതി അറിയില്ല. അതു കൊണ്ടു തന്നെ പഴയ ഫോര്‍മാറ്റ് പിന്തുടരുന്നതാണ് ഉചിതം- അദ്ദേഹം വ്യക്തമാക്കി.

Next Story
Read More >>