മസാലബോണ്ട് വഴി സമാഹരിച്ചത് 2,150 കോടി

ബോണ്ടുകൾ വിറ്റഴിക്കാൻ വിവിധ ഏജൻസികൾക്ക് ഫീസ് ഇനത്തിൽ ഒരു കോടി 83 ലക്ഷം രൂപ ചെലവിട്ടതായും ധനവകുപ്പ് വ്യക്തമാക്കി

മസാലബോണ്ട് വഴി സമാഹരിച്ചത്  2,150 കോടി

മസാല ബോണ്ട് വിറ്റഴിക്കലുമായി ബന്ധപ്പെട്ട് സർക്കാരും കിഫ്ബിയും ഇതുവരെ രണ്ടു കോടി 29 ലക്ഷം രൂപ ചെലവിട്ടതായി ധനവകുപ്പ്. ലണ്ടൻ സ്‌റ്റോക് എക്‌സ്‌ചേഞ്ച് ഓപ്പൺ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്ത ഇനത്തിൽ 16 ലക്ഷത്തിലേറെ രൂപ ചെലവായി. ബോണ്ടുകൾ വിറ്റഴിക്കാൻ വിവിധ ഏജൻസികൾക്ക് ഫീസ് ഇനത്തിൽ ഒരു കോടി 83 ലക്ഷം രൂപ ചെലവിട്ടതായും ധനവകുപ്പ് വ്യക്തമാക്കി.മസാല ബോണ്ടുകൾ വഴി ഇതുവരെ 2150 കോടി രൂപയാണ് കിഫ്ബി സമാഹരിച്ചത്.

ലണ്ടൻ, സിങ്കപ്പൂർ സ്‌റ്റോക് എക്‌സ്‌ചേഞ്ചുകൾ വഴി കിഫ്ബിയുടെ മസാല ബോണ്ടുകൾ വിറ്റഴിക്കാനായി ചെലവിട്ട തുകയുടെ വിശദാംശങ്ങളാണ് നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി ധനവകുപ്പ് നൽകിയത്. ലണ്ടൻ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ക്ഷണമനുസരിച്ച് 'റിങ് ദ ബെൽ' ചടങ്ങിൽ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്ത ഇനത്തിൽ കിഫ്ബി 12,98,243 രൂപയാണ് ചെലവിട്ടത്.

ഇതേ ആവശ്യത്തിനായി സർക്കാർ 3,65000 രൂപയും ചെലവിട്ടു. ആകെ ചെലവായത് 16,63,243 രൂപ. മസാല ബോണ്ട് വിൽപനയ്ക്കായി ബാങ്കുകൾക്കും അനുബന്ധ ഏജൻസികൾക്കും ഫീസായി നൽകിയത് 1,65,68,330 രൂപ, ആക്‌സിസ് ബാങ്ക്,ഡി.എൽ.എ പിപ്പർ യു.കെ എന്നീ കമ്പനികൾക്കാണ് മസാല ബോണ്ട് വിൽപന നടത്തിയ ഇനത്തിൽ ഏറ്റവുമധികം കമ്മീഷൻ നൽകിയത്.

ഈ കമ്പനികൾ വഴിയാണ് ഏറ്റവുമധികം മസാല ബോണ്ടുകൾ വിൽപന നടത്തിയതെന്ന് കിഫ്ബി അധികൃതർ വ്യക്തമാക്കി. എന്നാൽ എത്ര കമ്പനികളാണ് കിഫ്ബിയുടെ മസാല ബോണ്ടുകൾ വാങ്ങിയതെന്നോ നിക്ഷേപകർ ആരെല്ലാമെന്നോ സർക്കാരോ കിഫ്ബിയോ വ്യക്തമാക്കിയിട്ടില്ല.

Read More >>