ട്രംപിന്‍റെ വംശീയ അധിക്ഷേപം ഞങ്ങളുടെ വായടിപ്പിക്കില്ല

യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ട്രംപിന്റെ നീക്കമാണ് വംശീയ അധിക്ഷേപം. ജനങ്ങൾ ആ ചൂണ്ടയിൽ കൊത്തരുതെന്നും ജനപ്രതിനിധി സഭാംഗങ്ങളായ അലക്‌സാഡ്രിയ ഒകാസിയോ കോർട്ടെസ്, ഇൽഹാൻ ഒമർ, അയന്ന പ്രസ്സ്‌ലേ, റാഷിദ ത്‌ലൈബ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ട്രംപിന്‍റെ വംശീയ അധിക്ഷേപം ഞങ്ങളുടെ വായടിപ്പിക്കില്ല

വാഷിങ്ടൺ: വംശീയ അധിക്ഷേപം നടത്തിയതുകൊണ്ടു തങ്ങൾ മിണ്ടാതിരിക്കുമെന്ന് കരുതേണ്ടെന്ന് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങൾ. യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ട്രംപിന്റെ നീക്കമാണ് ഇത്. ജനങ്ങൾ ആ ചൂണ്ടയിൽ കൊത്തരുതെന്നും ജനപ്രതിനിധി സഭാംഗങ്ങളായ അലക്‌സാഡ്രിയ ഒകാസിയോ കോർട്ടെസ്, ഇൽഹാൻ ഒമർ, അയന്ന പ്രസ്സ്‌ലേ, റാഷിദ ത്‌ലൈബ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രസിഡന്റിന്റെ നയങ്ങളിലേക്കായിരിക്കണം ഏവരുടേയും ശ്രദ്ധയെന്നും അദ്ദേഹത്തിന്റെ വാക്കുകളിലാവരുതെന്നും അവർ ആവശ്യപ്പെട്ടു.

'അലങ്കോലമായിക്കിടക്കുന്ന രാജ്യഭരണത്തിൽ നിന്നും അഴിമതിയിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. തങ്ങളെ പാർശ്വവൽക്കരിച്ച് നിശബ്ദരാക്കാനുള്ള ട്രംപിന്റെ ശ്രമം വിലപ്പോകില്ല. നാലുപേരിൽ ഒതുങ്ങുന്നതല്ല ഞങ്ങളുടെ ശക്തി. ഞങ്ങളുടെ സ്‌ക്വാഡ് വലുതാണ്. സമത്വവും നീതിപൂർവവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് പ്രതിജ്ഞാബദ്ധരായ ഏതൊരു വ്യക്തിയും ഞങ്ങളുടെ സ്‌ക്വാഡിൽ ഉൾപ്പെടുന്നു.'-പ്രസ്സ്‌ലേ പറഞ്ഞു. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് ഒമറും ത്‌ലൈബും ആവശ്യപ്പെട്ടു.

ആരോഗ്യം, സംഘർഷം, അഭയാർത്ഥികൾ തുടങ്ങിയവയിലേക്കാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചരിത്രത്തിന്റെ കണ്ണുകൾ തങ്ങളെ നിരീക്ഷിക്കുന്നുണ്ട്. വെള്ള ദേശീയത മാത്രമാണ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നിലുള്ളത്. രാജ്യത്തെ വിഭജിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും ഒമർ പറഞ്ഞു. പ്രസിഡന്റ് എന്ത് പറയുന്നുവെന്ന് നിങ്ങൾ ചിന്തിക്കേണ്ടതില്ല. ഈ രാജ്യം നിങ്ങളുടേത് കൂടിയാണെന്ന് ഒകാസിയോ കോർട്ടെസ് പറഞ്ഞു. ഇന്നലെയാണ് ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികളായ വനിതകളെ വംശീയമായി അധിക്ഷേപിച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തത്. അലക്സാഡ്രിയ ഒകാസിയോ കോർട്ടെക്സ്, ഇൽഹാൻ ഒമർ, അയന്ന പ്രസ്സ്ലേ, റാഷിദ ത്ലൈബ് എന്നീ വനിതകളെ ലക്ഷ്യം വച്ചായിരുന്നു ട്രംപിന്റെ ട്വീറ്റ്.

' പൂർണ്ണ ദുരന്തമായ, അങ്ങേയറ്റം മോശപ്പെട്ട, അഴിമതിയിൽ മുങ്ങിയ സർക്കാരുള്ള രാജ്യങ്ങളിൽ നിന്നു വന്ന 'പുരോഗമനവാദികളായ' ഡെമോക്രാറ്റിക് പാർട്ടി ജനപ്രതിനിധി സഭാ വനിതകളെ കാണുമ്പോൾ വളരെ കൗതുകം തോന്നുന്നു. ഇപ്പോൾ അവർ ഉറക്കെ പറയുന്നത് ഭൂമിയിലെ ഏറ്റവും ശക്തനായ യു.എസ്സിലെ പൗരന്മാരാണ് എന്നാണ്. എന്തുകൊണ്ട് ഇവർക്ക് വന്നിടത്തേക്കു തന്നെ തിരിച്ചു പോയ്ക്കൂടാ? കുറ്റകൃത്യങ്ങളും മറ്റും കാരണം തകർന്ന അവരുടെ സ്വന്തം രാജ്യത്തേക്ക് തന്നെ തിരിച്ചുപോയി അവരെ സഹായിച്ചുകൂടാ?'- എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ട്രംപിനെതിരെ വ്യാപക വിമർശനമാണ് ഇതോടെ ഉയർന്നത്.


Read More >>