പാലാരിവട്ടം പാലം സിമന്റിന്റെ അളവിലെ പ്രശ്‌നമാണോ? അശ്രദ്ധമായ റിപോര്‍ട്ടിങ്ങിനെ കുറിച്ച് ഒരു എഫ് ബി കുറിപ്പ്‌

പാലം പോലെയുള്ള വൻനിർമിതികൾക്ക് സിമന്റും മണലും മെറ്റലും വ്യാപ്തമനുസരിച്ച് അളന്നെടുത്ത് കുഴയ്ക്കുന്ന സമ്പ്രദായം ലോകത്തെല്ലായിടത്തുമെന്ന പോലെ കേരളത്തിലും നിർത്തലാക്കിയിട്ട് വർഷങ്ങളായി

പാലാരിവട്ടം പാലം സിമന്റിന്റെ അളവിലെ പ്രശ്‌നമാണോ? അശ്രദ്ധമായ റിപോര്‍ട്ടിങ്ങിനെ കുറിച്ച് ഒരു എഫ് ബി കുറിപ്പ്‌


ജേക്കബ് കെ ഫിലിപ്പ്‌

പാലാരിവട്ടം മേൽപ്പാലത്തിൽ നൂറു ചാക്കു സിമന്റിന്റെ സ്ഥാനത്ത് 33 ചാക്കുമാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ എന്ന നുണക്കഥ (അല്ലെങ്കിൽ മണ്ടൻ കഥ) രണ്ടുമാസത്തിലേറെ വിജയകരമായി ഓടിച്ച ആ ന്യൂസ് ചാനൽ ഒരിക്കൽപ്പോലും അന്വേഷിച്ചറിയാൻ മിനക്കെടാതെ പോയ ഒരു കാര്യമുണ്ട്-

പാലം പോലെയുള്ള വൻനിർമിതികൾക്ക് സിമന്റും മണലും മെറ്റലും വ്യാപ്തമനുസരിച്ച് അളന്നെടുത്ത് കുഴയ്ക്കുന്ന സമ്പ്രദായം ലോകത്തെല്ലായിടത്തുമെന്ന പോലെ കേരളത്തിലും നിർത്തലാക്കിയിട്ട് വർഷങ്ങളായി എന്ന യാഥാർഥ്യം.

കോൺക്രീറ്റുണ്ടാക്കാൻ സിമൻറും മണലും മെറ്റലും ചട്ടിക്കണക്കിന് അല്ലെങ്കിൽ പെട്ടിക്കണക്കിന് അളന്നെടുത്ത് കുഴയ്ക്കുന്ന രീതി - വോളിയം ബാച്ചിങ് - ഇപ്പോൾ ആരും പിന്തുടരുന്നില്ല.

വോളിയം ബാച്ചിങ്ങിനേക്കാൾ കൃത്യതയേറെയുള്ള 'വെയ് ബാച്ചിങ്' പ്രകാരം സിമന്റും മണലും മെറ്റലുമെല്ലാം തൂക്കമനുസരിച്ചാണ് പാലാരിവട്ടത്തും കുഴച്ചുകൊണ്ടിരുന്നത്.

ചതുരശ്ര മില്ലിമീറ്റിൽ 35 ന്യൂട്ടൻസ് സമ്മർദ്ദം തങ്ങാൻ കെൽപ്പുള്ള എം35 കോൺക്രീറ്റിനായി സിമന്റും മണലും മെറ്റലും ചട്ടിക്കണക്കിനോ പെട്ടിക്കണക്കിനോ അല്ലെങ്കിൽ ചാക്കുകണക്കിനോ എടുക്കുകയായിരുന്നില്ലെന്നും വെയിങ് മെഷീനിൽ തൂക്കി എടുക്കുകയായിരുന്നു എന്നർഥം.

വെയ് ബാച്ചിങ്ങിൽ, 35 എന്ന ബലം കിട്ടാൻ 1 0.5 1 എന്ന അനുപാതം പാലിക്കുകയുമല്ല ചെയ്യുന്നത്. ഓരോ ഗ്രേഡ് കോൺക്രീറ്റ് കിട്ടാനും ഇന്നയിന്ന അനുപാതം എന്ന പഴയ ഏകദേശക്കണക്കിനേക്കാൾ ഇന്ന് ആശ്രയിക്കുന്നത് മിക്‌സ് ഡിസൈൻ എന്ന ആധുനിക സമ്പ്രദായത്തെയാണ്.

ഓരോ പ്രൊജക്ടിനും മുമ്പ് മികസ് ഡിസൈൻ ചെയ്താണ് ആ പണിക്കാവശ്യമുള്ള ബലം കിട്ടുന്നതിന് കോൺക്രീറ്റ് ഏത് അനുപാതത്തിൽ കുഴയ്ക്കണമെന്ന് തീരുമാനിക്കുക. പാലം പണിക്ക് എം35 കോൺക്രീറ്റാണ് ഉപയോഗിക്കേണ്ടതെന്ന് സ്ട്രക്ചറൽ ഡിസൈനിൽ പറഞ്ഞിട്ടുണ്ടെങ്കിൽ, ആ ബലം കിട്ടാൻ ചേരുവകൾ എത്ര കിലോഗ്രാം വീതം വേണമെന്ന് തീരുമാനിക്കാൻ അവ ചെറിയ അളവിലെടുത്ത് അനേകം തവണ കുഴച്ചുനോക്കി ബലം പരിശോധിച്ചുതന്നെ ത്ീരുമാനിക്കുന്നു. ഒരുതരത്തിൽ പറഞ്ഞാൽ, ട്രയൽ ആൻഡ് എറർ മെതേഡു തന്നെ.

എന്തുകൊണ്ട്, ഓരോ പ്രൊജക്ടിനും മിക്‌സ് ഡിസൈൻ വേണ്ടിവരുന്നു?

1: 0.5 :1 അല്ലെങ്കിൽ 1 :1.5: 3 എന്നിങ്ങനെ, വോളിയം ബാച്ചിങ്ങിന് ഉപയോഗിക്കുന്നതു പോലെയുള്ള റെഡിമെയ്ഡ് അനുപാതങ്ങളെ ആശ്രയിച്ചാൽ പോരേ?

ഉത്തരം "പോരാ" എന്നാകുന്നതിനു കാരണം മണലും മെറ്റലുമെന്ന് നമ്മൾ വിളിക്കുന്ന സ്‌റ്റോൺ അഗ്രിഗേറ്റാണ്. ഓരോ മടയിൽ നിന്നും കിട്ടുന്ന മെറ്റലിനും ഓരോ ബലമായിരിക്കും. അതുകൊണ്ട്, കല്ലിന്റെ സോഴ്‌സ് മാറിയാൽ കോൺക്രാീറ്റിന്റെ ബലവും മാറും- ഉപയോഗിക്കുന്നത് ഒരേ ബ്രാൻഡ് സിമന്റാണെന്നതുകൊണ്ടു കാര്യമില്ല. കാരണം, മണലിനെയും മെറ്റലിനെയും പൊതിയുകയും മിശ്രിതത്തെ മൊത്തം കൂട്ടി യോജിപ്പിച്ചു നിർത്തുകയുമാണ് സിമന്റിന്റെ പ്രാഥമികമായ ജോലി. കോൺക്രീറ്റിന് സമ്മർദ്ദ ബലം എന്ന കംപ്രസീവ് സ്‌ട്രെങ്ത് കൊടുക്കുന്നത് യഥാർഥത്തിൽ മെറ്റലും പിന്നെ മണലും ചേർന്നാണ്.

കല്ലിന്റെ സ്വഭാവം മാറിയാൽ മാത്രമല്ല, കുഴയ്ക്കാൻ ഒഴിച്ചുകൊടുക്കുന്ന വെള്ളം കൂടിയാലും കുറഞ്ഞാലും ബലക്കണക്കുകളൊക്കെ മാറിമറിയും. കൃത്യം ബലം കിട്ടണമെങ്കിൽ സിമൻറും വെള്ളവും തമ്മിലുള്ള അനുപാതവും (വാട്ടർ സിമൻറ് റേഷ്യോ) കിറുകൃത്യമായിക്കണം. രൂപകല്പനയിൽ പറഞ്ഞിട്ടുള്ള ബലം (ഉദാഹരണത്തിന് എം35) കിട്ടുന്നതു വരെ പല അനുപാതത്തിൽ സിമൻറും മണലും മെറ്റലുമെല്ലാം തൂക്കിയെടുത്ത് വെള്ളത്തിൻറെ അളവ് മാറ്റി മാറ്റിനോക്കി അനേകം കോൺക്രീറ്റ് സാമ്പിളുകൾ കുഴച്ചു നോക്കുകയും പിന്നെ അത് ഉറച്ചു കഴിയുമ്പോൾ ബലം പരിശോധിച്ചു നോക്കുകയും എന്ന അതിദീർഘമായ ഒരു പണിതന്നെയാണ് മിക്‌സ് ഡിസൈൻ. അങ്ങിനെ അവസാനം കണ്ടെത്തുന്ന, വെള്ളവും സിമന്റും മണലും മെറ്റലുമായുള്ള ആ സുവർണാനുപാതമായിരിക്കും ആ പ്രൊജ്ക്ടിലുടനീളം പാലിക്കുക.

ഇനി, പണിയുടെ ഏതെങ്കിലും ഘട്ടത്തിൽ പുതിയൊരു കരിങ്കൽ മടയിൽ നിന്ന് മെറ്റലെടുക്കേണ്ടി വന്നുവെന്നു കരുതുക-

ഈ മൊത്തം മിക്‌സ് ഡിസൈനും വീണ്ടും ഇതേപോലെ തന്നെ ചെയ്ത് അനുപാതം പുതുതായി തീരുമാനിക്കേണ്ടി വരും.

ഇതിനോടൊപ്പം പറയേണ്ടുന്ന മറ്റൊരു കാര്യവുമുണ്ട്. സിമന്റ് തീരെക്കുറയുന്നതുപോലെ തന്നെ അപകടമാണ് അത് പരിധിവിട്ട് കൂടുന്നതും- രണ്ടായാലും കോൺക്രീറ്റ് ബലഹീനമാകുമെന്നത് മിക്‌സ് ഡിസൈൻ ഒരിക്കലെങ്കിലും ചെയ്തിട്ടുള്ള എൻജിനീയർമാർക്ക് അറിയാവുന്ന കാര്യം.

നൂറുചാക്കു സിമന്റാവശ്യമുള്ളിടത്ത് നൂറ്റിയമ്പത് ചാക്കുപയോഗിച്ചാൽ പാലം പാമ്പനാകാനല്ല, പൊളിഞ്ഞുവീഴാനാണ് സാധ്യത എന്നു ചുരുക്കം.

ഇതുകൊണ്ടൊക്കെത്തന്നെയാണ് അഴകുസുന്ദരമൂർത്തിയെന്ന ഐഐടി പ്രഫസർ പാലാരിവട്ടം പാലം റിപ്പോർട്ടിലൊരിടത്തും പണിക്കുപയോഗിച്ച സിമന്റിന്റെ അളവിനെപ്പറ്റി ഒരക്ഷരം പറഞ്ഞിട്ടില്ലാത്തതും.

അഴകുസുന്ദരമൂർത്തിമാർ അറച്ചുനിൽക്കുമ്പോൾ, പതിനെട്ടും ഇരുപത്തിനാലുമണിക്കുറുമൊക്കെ വാർത്തകൾ ബ്രേക്കു ചെയ്തുകൊണ്ടിരിക്കുന്ന

ചാനലുകൾക്ക് എവിടെയും എപ്പോഴും ഇരച്ചുകയാറമെന്നത് കഥയുടെ ദുഖകരമായ മറുവശം.

രണ്ടുകാര്യങ്ങളാണ് ചുരുക്കിപ്പറയാവുന്നത്.

---------------------------------------------

1. ഒരു നിർമിതിയിൽ നിന്ന് തുരന്നെടുത്തു കൊണ്ടുപോയി പരിശോധിക്കുന്ന കോൺക്രീറ്റ് കട്ടകളുടെ ബലത്തിൽ നിന്ന്, ആ പണിക്കുപയോഗിച്ച സിമന്റു ചാക്കുകളുടെ എണ്ണം കണ്ടുപിടിക്കാനുള്ള ഒറ്റമൂലി സുത്രവാക്യങ്ങളൊന്നും ഇതേവരെ ആരും കണ്ടുപിടിച്ചിട്ടില്ല- നാസ പോലും :-)

2. ഇങ്ങിനെ പരിശോധിക്കുന്ന കട്ടകളുടെ ബലം കുറവായിക്കണ്ടാൽ അതിനർഥം സിമന്റു ചാക്കുളുടെ എണ്ണം കുറഞ്ഞതാണെന്നും ബലം കൂടിക്കണ്ടാൽ ചാക്കുകൾ കൂടുതലുപയോഗിച്ചതാണെന്നും പറയാൻ സാധിക്കും വിധം സിമ്പിളല്ല കാര്യങ്ങൾ.

പാലാരിവട്ടം പാലത്തിലെ സിമന്റുവെട്ടിപ്പിന്റെ കാര്യം ഇത്രയും-


Read More >>