ജി.എസ്.ടിക്ക് രണ്ടു വയസ്സ്: നികുതി വെട്ടിപ്പ് വെല്ലുവിളി

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ സുപ്രധാന തീരുമാനമാണ് നരേന്ദ്ര മോദി സർക്കാർ 2017 ജൂലൈ ഒന്നിന് ജി.എസ്.ടിയിലൂടെ നടപ്പാക്കിയത്.

ജി.എസ്.ടിക്ക് രണ്ടു വയസ്സ്: നികുതി വെട്ടിപ്പ് വെല്ലുവിളി

ചരക്കു സേവന നികുതി നിലവിൽ വന്നിട്ട് ഇന്നേക്കു രണ്ടു വർഷമാവുമ്പോഴും നികുതി വെട്ടിപ്പ്, മന്ദഗതിയിലുള്ള റീഫണ്ടിങ് എന്നിവ സർക്കാരിന് വെല്ലുവിളിയാവുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ സുപ്രധാന തീരുമാനമാണ് നരേന്ദ്ര മോദി സർക്കാർ 2017 ജൂലൈ ഒന്നിന് ജി.എസ്.ടിയിലൂടെ നടപ്പാക്കിയത്.

നികുതി വെട്ടിപ്പ് ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. ഇതിനെതിരായ നിയമങ്ങൾ പിടിമുറുക്കാനുള്ള നേരമാണിതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിവേഗത്തിലുള്ള റീഫണ്ടിങ്, നികുതി വെട്ടിപ്പിനെതിരായ ശക്തമായ നീക്കം എന്നിവയിൽ കൂടുതൽ ശ്രദ്ധചെലുത്തുമെന്ന് ജി.എസ്.ടി കൗൺസിൽ അധികൃതർ വ്യക്തമാക്കി.

2018 ഏപ്രിൽ മുതൽ 2019 ഫെബ്രുവരി വരെ 20,000 കോടിയുടെ ജി.എസ്.ടി വെട്ടിപ്പ് സർക്കാർ കണ്ടെത്തി. ഇതിൽ 10,000 കോടി സർക്കാർ തിരിച്ചു പിടിച്ചു. അതേസമയം വൈദ്യുതി, എണ്ണ, വാതകം, റിയൽ എസ്റ്റേറ്റ്, മദ്യം എന്നിവയെ ഇതിനു കീഴിൽ കൊണ്ടുവന്ന് രണ്ടോ മൂന്നോ സ്ലാബുകളാക്കി പരിഷ്‌കരിക്കുന്നതും രണ്ടാം വർഷത്തിൽ പരിഗണിച്ചേക്കും. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കുന്ന അവ്യക്തമായ വിവരങ്ങൾ നികുതി ദായകരിൽ അനിശ്ചിതത്വവും ആശയകുഴപ്പവും ഉണ്ടാക്കുന്നതായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയെ (എഫ്.ഐ.സി.സി.ഐ) ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇതു പരിഹരിക്കുന്നതിനായി സ്വതന്ത്രമായ ഉന്നതാധികാര സമതിയെ അതോറിറ്റി ഓഫ് അഡ്വാൻസ് റൂളിങ് എന്ന നിലയിൽ കേന്ദ്ര സർക്കാർ രൂപീകരിക്കണമെന്നും എഫ്.സി.സി.ഐ നിർദ്ദേശിച്ചു. ജി.എസ്.ടി പരാതി പരിഹാരം, റിട്ടേൺ ഫയലിങ് സംവിധാനം, ഇൻവോയ്‌സ് കൃത്യത, തടസമില്ലാതെ ഇൻപുട്ട് ക്രെഡിറ്റ് ടാക്‌സ് എന്നിവ ലഭ്യമാക്കാനും നടപടികൾ ലളിത വല്കരിക്കാനും കേന്ദ്രം പരിഹാര മാർഗങ്ങൾ സ്വീകരിക്കണമെന്ന് ദ കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീ(സി.ഐ.ഐ) പറയുന്നു.

നിർമലാ സീതാരാമൻ അദ്ധ്യക്ഷയായ 35ാമത് ജി.എസ്.ടി കൗൺസിൽ പുതിയ റിട്ടേൺ ഫയലിങ് സംവിധാനം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അത് ഇന്നു മുതല്‍ പരീക്ഷണാടിസ്ഥാനത്തിൽ നടക്കും. ജി.എസ്.ടിയിലെ ഓരോ പ്രശ്‌നങ്ങളേയും മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്രം. ഇതിനായി പുതിയ മാറ്റങ്ങൾ കേന്ദ്രം ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Read More >>