വൈദ്യുതി നിരക്ക് വര്‍ദ്ധന വൈകാതെ

വൈദ്യുതി ബോർഡ് ലക്ഷ്യം വയ്ക്കുന്നത് ഗാർഹിക ഉപഭോക്താക്കളെ, എട്ടു മുതല്‍ പത്തു ശതമാനം വരെ വര്‍ദ്ധന

വൈദ്യുതി നിരക്ക് വര്‍ദ്ധന വൈകാതെ

സ്വന്തം ലേഖകന്‍

നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ തന്നെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന നിലവിൽ വരുമെന്ന് സൂചന. നിലവിലുള്ള നിരക്കിൽ നിന്നും എട്ട് മുതൽ പത്ത് ശതമാനം വരെ വർധനയ്ക്ക് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തത്വത്തിൽ അംഗീകരിച്ചതായാണ് വൈദ്യുതി ബോർഡ് നൽകുന്ന വിവരം.

പ്രധാനമായും ഗാർഹിക ഉപഭോക്താക്കളാകും നിരക്ക് വർധനയുടെ ഭാരം പേറുക. വാണിജ്യ ഉപഭോക്താക്കളെ നിരക്ക് വർധനയിൽ നിന്നും ഒഴിവാക്കാനാണ് വൈദ്യുതി ബോർഡ് ഉദ്ദേശിക്കുന്നത്. വൈദ്യുതി ബോർഡിന്റെ വിതരണ ശൃംഖലകൾ ഉപയോഗിച്ച് വളരെ കുറഞ്ഞ നിരക്കിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതിയെത്തിക്കാൻ വാണിജ്യ ഉപഭോക്താക്കൾക്ക് നിയമാനുമതിയുണ്ട്. അതിനാൽ ഇത്തരക്കാരെ നിരക്ക് വർധനയിൽ നിന്ന് ഒഴിവാക്കുന്നതാണ് അഭികാമ്യമെന്നാണ് വൈദ്യുതി ബോർഡ് നിലപാട്. ചെറുകിട വ്യവസായങ്ങൾക്കുള്ള വൈദ്യുതിക്ക് ചെറിയ രീതിയുള്ള നിരക്ക് വർധനയാണ് ഉദ്ദേശിക്കുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനമെന്ന സന്ദേശത്തിന് കോട്ടം വരാതിരിക്കാനാണിത്.

അടുത്ത രണ്ട് വർഷത്തേക്കുള്ള നിരക്ക് വർധനയാണ് ബോർഡ് റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഇത്തവണയും നിരക്ക് വർധന ബാധകമാക്കില്ല. അത്തരമൊരു നടപടി ബോർഡിനെതിരെ വ്യാപക പ്രതിഷേധത്തിന് വഴിവയ്ക്കുമെന്നതിനാലാണിത്. മാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താകളുടെ നിരക്ക് 2.90 പൈസയിൽ നിന്നും 3.50 രൂപയാക്കണമെന്നായിരുന്നു ബോർഡ് നൽകിയിരുന്ന ശുപാർശ. 100 യൂണിറ്റ് വരെയുള്ളവരുടെ നിരക്ക് 3.40 ൽ നിന്ന് 4.20 ആക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം വൈദ്യുതി ബോർഡിന്റെ മൂലധനച്ചെലവ് 1,900 കോടി രൂപയാണ്. റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ച കണക്ക് പ്രകാരം വൈദ്യുതി ബോർഡിൽ 6,686 കോടി രൂപയുടെ റവന്യൂ വിടവുണ്ട്. വൈദ്യുതി നൽകിയ വകയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ബോർഡിന് പിരിഞ്ഞുകിട്ടാനുള്ളത് 937 കോടി രൂപയാണ്. ഇതിൽ 408 കോടി രൂപയുടെ കുടിശിക പിരിവ് കോടതി കേസുകളിൽ കുടുങ്ങിക്കിടക്കുന്നു. വൈദ്യുതി ബോർഡിന്റെ ആകെ ശേഷിയായ 2,232 മെഗാവാട്ടിൽ 2,055 മെഗാവാട്ടും ജലവൈദ്യുതിയിൽ നിന്നുമാണ് ലഭിക്കുന്നത്. താപവൈദ്യുതിയിൽ നിന്ന് കിട്ടുന്നത് 160 മെഗാവാട്ട്. കാറ്റിൽ നിന്ന് 2.025 മെഗാവാട്ടും സോളാറിൽ നിന്ന് 14.7 മെഗാവാട്ടും. 15 വൻകിട നിലയങ്ങൾ ഉൾപ്പെടെ 37 നിലയങ്ങളിൽ നിന്നാണ് ജലവൈദ്യുതി ലഭിക്കുന്നത്.

നിരക്ക് വർധനയ്ക്ക് നേരത്തേതന്നെ വൈദ്യുതി ബോർഡ് അനുമതി തേടിയെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനാൽ നീണ്ടു പോകുകയായിരുന്നു. ഇപ്പോൾ നിയമസഭാ സമ്മേളനം പൂർത്തിയായി ജൂലൈ രണ്ടാംവാരത്തോടെ നിരക്ക് വർധന പ്രഖ്യാപിക്കാനാകുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ. എന്നാൽ ഇതിനിടയിൽ ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നാൽ നിരക്ക് വർധനയ്ക്ക് ബോർഡിന് ഇനിയും കാത്തിരിക്കേണ്ടി വരും.

Read More >>