പ്രതിരോധ കുത്തിവയ്പ്: ഉയര്‍ന്ന നിരക്ക് കൈവരിച്ച് ഒമാന്‍

അഞ്ചുവയസിൽ താഴെയുള്ള സ്വദേശി കുട്ടികളിൽ 97.2 ശതമാനം പേർക്കും നിർദേശിച്ച എല്ലാ രോഗ പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടുണ്ട്. ഇത് ആഗോള തലത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണ്‌

പ്രതിരോധ കുത്തിവയ്പ്: ഉയര്‍ന്ന നിരക്ക് കൈവരിച്ച് ഒമാന്‍

ഒമാനിലെ ഭൂരിഭാഗം കുട്ടികളും രോഗപ്രതിരോധ ശേഷി കൈവരിച്ചവരെന്ന് ആരോഗ്യ മന്ത്രാലയം. അഞ്ചുവയസിൽ താഴെയുള്ള സ്വദേശി കുട്ടികളിൽ 97.2 ശതമാനം പേർക്കും നിർദേശിച്ച എല്ലാ രോഗ പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടുണ്ട്. ഇത് ആഗോള തലത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്നാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

98 ശതമാനം കുട്ടികൾക്കും പോളിയോ, അഞ്ചാംപനി കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 97.5 ശതമാനം കുട്ടികളും ക്ഷയരോഗം, ഡിഫ്തീരിയ, ടെറ്റ്‌നസ്, വില്ലൻ ചുമ എന്നിവയിൽ നിന്ന് സുരക്ഷിതരാണ്. ഹെപ്പറ്റൈറ്റിസ് ബി, ഇൻഫ്‌ലുവൻസ എന്നിവക്കെതിരായ പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുള്ളതും 97.5 ശതമാനമാണ്. മീസിൽസ്, മംമസ്, റുബെല്ല എന്നിവക്ക് എതിരായ എം.എം.ആർ വാക്‌സിനേഷൻ 96.9 ശതമാനം കുട്ടികൾക്കും നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

സ്വദേശികളും വിദേശികളുമായ കുട്ടികൾക്ക് സർക്കാർ ആശുപത്രികളിൽ രോഗപ്രതിരോധ കുത്തിവെപ്പ് സൗജന്യമായാണ് നൽകുന്നത്. കുട്ടികൾക്ക് രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത മാതാപിതാക്കൾക്ക് ശിക്ഷ നൽകുന്നതിനും ഒമാനിൽ നിയമമുണ്ട്. സർക്കാർ ആശുപത്രികളിൽ നിന്ന് എല്ലാവിധ പകർച്ച വ്യാധികളിൽ നിന്നുമുള്ള സൗജന്യ മരുന്നുകൾ ലഭിക്കുന്നത് കുട്ടികളുടെ അവകാശമാണെന്ന് റോയൽ ഡിക്രി 22/2014 പ്രകാരമുള്ള കുട്ടികളുടെ നിയമം പറയുന്നു.

Read More >>