ഒടുവില്‍ ആശ്വാസം: കാത്ത് ലാബ് നാളെ മുതല്‍

വൻതുക കുടിശ്ശിക ആയതിനാൽ ഉപകരണങ്ങളും മരുന്നും നൽകുന്നത് വിതരണക്കാർ നിർത്തിയതാണ് പ്രതിസന്ധിയുണ്ടാക്കിയത്.

ഒടുവില്‍ ആശ്വാസം: കാത്ത് ലാബ് നാളെ മുതല്‍

കാത്ത് ലാബ് നാളെ മുതൽ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതോടെ രോഗികൾക്ക് ആശ്വാസം. ഹൃദയശസ്ത്രക്രിയ സംബന്ധമായ അവശ്യ സാമഗ്രികൾ തീർന്നതോടെ ഏതാനും ദിവസമായി അടഞ്ഞു കിടക്കുകയായിരുന്നു കാത്ത് ലാബ്. വിവിധ രാഷ്ട്രീയ കക്ഷികളും പൊതുജനവും മെഡിക്കൽ കോളജ് തീരുമാനത്തിനെതിരെ രംഗത്തു വന്നിരുന്നു.

വൻതുക കുടിശ്ശിക ആയതിനാൽ ഉപകരണങ്ങളും മരുന്നും നൽകുന്നത് വിതരണക്കാർ നിർത്തിയതാണ് പ്രതിസന്ധിയുണ്ടാക്കിയത്. കഴിഞ്ഞ നാലു ദിവസത്തിനിടെ മാത്രം അറുപതോളം ഹൃദയ ശസ്ത്രക്രിയകളാണ് മുടങ്ങിയത്. സ്റ്റന്റ്് നാളെ എത്തുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും ശസ്ത്രക്രിയക്കായി ഇനിയും ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുമെന്ന സൂചനയുമുണ്ട്.

ഹൃദയശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്റ്, പെയ്‌സ്‌മേക്കർ തുടങ്ങിയവ അടക്കമുള്ള സാധനങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിക്ക് നൽകുന്നത് കഴിഞ്ഞ പത്ത് മുതലാണ് വിതരണക്കാർ നിർത്തിയത്. കാരുണ്യ, ആർഎസ്ബിവൈ തുടങ്ങിയ പദ്ധതികളിൽ മരുന്നും സ്റ്റെന്റും വാങ്ങിയ ഇനത്തിൽ 18 കോടിയോളം രൂപ കുടിശ്ശിക ആയതോടെ ആയിരുന്നു വിതരണക്കാരുടെ നടപടി. സ്റ്റോക്കുള്ള സാധനങ്ങൾ ഉപയോഗിച്ചായിരുന്നു ഇതുവരെ കാത്ത് ലാബ് പ്രവർത്തിച്ചിരുന്നത്. സ്റ്റോക്ക് തീർന്നതോടെ ലാബിന്റെ പ്രവർത്തനവും നിലച്ചു. പ്രതിദിനം ശരാശരി ഇരുപത് ആൻജിയോപ്ലാസ്റ്റിയും ആൻജിയോഗ്രാമുമാണ് കാത്ത് ലാബിൽ ചെയ്തിരുന്നത്.

ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കിയ വകയിൽ റിലയൻസ് ജനറൽ ഇൻഷൂറൻസ് കമ്പനിയിൽ നിന്നുമാത്രം ആശുപത്രിക്ക് ലഭിക്കാനുള്ളത് മുപ്പത് കോടി രൂപയാണ്. ഈ പദ്ധതി നടത്തിപ്പു കരാറെടുത്ത റിലയൻസ് ജനറൽ ഇൻഷൂറൻസ് കമ്പനി ആശുപത്രിക്ക് നൽക്കേണ്ട പണം നൽകാതിരുന്നതോടെയാണ് മരുന്ന് കമ്പനികൾക്ക് കുടിശ്ശിക വർദ്ധിക്കാൻ കാരണമായത്. ഇതോടെപ്പം സർക്കാറിന്റെ സാമ്പത്തിക ഞെരുക്കവും പ്രതിസന്ധിക്ക് കാരണമായി. നിലവിൽ ഇൻഷൂറൻസുമായി ബന്ധപ്പെട്ട ഫയലുകളുടെ പരിശോധനകൾ പുരോഗമിക്കുകയാണെന്നും എല്ലാ കുടിശ്ശികയും പിരിച്ചെടുക്കുമെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.


Read More >>