വില്ലന്‍ ലിച്ചിപ്പഴമോ?:

ബിഹാറിലെ മസ്തിഷ്‌കജ്വരം: ബാലമരണം 144

വില്ലന്‍ ലിച്ചിപ്പഴമോ?:

ബിഹാറിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 144 ആയി. എറ്റവും കൂടുതൽ മരണമുണ്ടായത് മുസാഫർപുർ ജില്ലയിലാണ്.117 കുട്ടികളാണ് ഇവിടെ മാത്രം മരിച്ചത്. വൈശാലി ജില്ലയിൽ പന്ത്രണ്ടും ബെഗുസറായിൽ ആറും സമാസ്തിപുരിലെ അഞ്ചും മോത്തിഹാരയിലും പട്‌നയിലും രണ്ടു വീതം കുട്ടികളുമാണ് മരിച്ചത്. ഇത്രയേറെ കുട്ടികൾ മരിക്കാനിടയായ സാഹചര്യത്തിൽ വിപണിയിൽ വിൽപന നടത്തുന്ന ലിച്ചിപ്പഴങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒഡീഷ ആരോഗ്യമന്ത്രി നവകിഷോർ ദാസ് ഭക്ഷ്യസുരക്ഷാ കമ്മിഷണർക്ക് നിർദ്ദേശം നൽകി.

ലിച്ചിപ്പഴത്തിൽ ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കളുണ്ടോ എന്നാണ് പരിശോധിക്കുക.ബിഹാറിലെ കുട്ടികളുടെ മരണം ലിച്ചിപ്പഴം കഴിച്ചതുകൊണ്ടാണെന്ന തരത്തിൽ ചില റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് തീരുമാനം.

ചിലതരം ലിച്ചിപ്പഴങ്ങളിലുള്ള ഘടകങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ കാരണമാവുമെന്ന് നേരത്തെയും റിപ്പോർട്ടുണ്ടായിരുന്നു. അതേസമയം, രോഗം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും ബാലമരണങ്ങൾക്ക് അറുതിവരുത്തുന്നതിന് അടിയന്തിരമായി പ്രത്യേക കേന്ദ്ര സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്. മുന്നൂറോളം കുട്ടികൾ മസ്തിഷകജ്വര ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സംഭവത്തിൽ ബീഹാർ മുഖ്യമന്ത്രി നിതിഷ് കുമാറിനെതിരേ ശക്തമായ ജനരോഷവും ഉയർന്നിട്ടുണ്ട്. കുട്ടികളെ സന്ദർശിക്കാൻ ഇന്നലെ ശ്രീകൃഷ്ണ ആശുപത്രിയിലെത്തിയ നിതീഷിനെതിരേ ജനകൂട്ടം സംഘടിച്ചെത്തുകയും രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

Read More >>