ആക്രമണം അവസാനിപ്പിക്കുക, അല്ലെങ്കിൽ പ്രത്യാഘാതം നേരിടുക: ഇറാന് മുന്നറിയിപ്പുമായി സൗദിയും യു.എസ്സും

സൗദിയിലെ ജനങ്ങളുടെ സുരക്ഷയ്ക്കും, പരമാധികാരത്തിനും കോട്ടവരുത്താനുള്ള ഒരു നീക്കവും വച്ചുപൊറുപ്പിക്കില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കിയതിന് മണിക്കൂറുകൾക്കുള്ളിലാണ് പോംപിയോയുടെ പ്രസ്താവന.

ആക്രമണം അവസാനിപ്പിക്കുക, അല്ലെങ്കിൽ പ്രത്യാഘാതം നേരിടുക: ഇറാന് മുന്നറിയിപ്പുമായി സൗദിയും യു.എസ്സും

ഇറാന് മുന്നറിയിപ്പുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും. ഗൾഫ് മേഖളയിൽ ഊർജ്ജവിതരണം തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശ്രമം നയതന്ത്രപരമായും അല്ലാതെയും തടയുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. സൗദിയിലെ ജനങ്ങളുടെ സുരക്ഷയ്ക്കും, പരമാധികാരത്തിനും കോട്ടവരുത്താനുള്ള ഒരു നീക്കവും വച്ചുപൊറുപ്പിക്കില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കിയതിന് മണിക്കൂറുകൾക്കുള്ളിലാണ് പോംപിയോയുടെ പ്രസ്താവന.

വ്യാഴാഴ്ച ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് ആഗോളതലത്തിൽ ആരോപണമുയർന്ന പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളുടേയും മുന്നറിയിപ്പ് വരുന്നത്.

' ഞങ്ങൾക്ക് യുദ്ധം ചെയ്യാൻ ആഗ്രഹമില്ല. അത് തടയാൻ ഞങ്ങളാൽ ചെയ്യാൻ സാധിക്കുന്നതെല്ലാം ഞങ്ങൾ ചെയ്തു. എന്നാൽ, ഒരു കാര്യം ഇറാൻ നേതാക്കൾ മനസ്സിലാക്കണം. ഇറാന്റെ ആക്രമണ മനോഭാവം നേരിടാൻ ചെയ്യേണ്ട കാര്യങ്ങൾ ഇനിയും തുടരും.'-ടെലിവിഷനു നൽകിയ അഭിമുഖത്തിൽ പോംപിയോ പറഞ്ഞു.

അതേസമയം, ഇറാനുമേലുള്ള ഉപരോധം പുനസ്ഥാപിക്കുന്നതിന് യു.എസ്സിന് എല്ലാപിന്തുണയും നൽകുന്നതായി സൗദി കിരീടാവകാശി പ്‌റഞ്ഞു. ' ഇറാന് തക്കതായ മറുപടി നൽകാൻ യു.എസ് ഉപരോധം പുനസ്ഥാപിക്കണമെന്നാണ് അന്താരാഷ്ട്ര സമൂഹം ആഗ്രഹിക്കുന്നത്. അതുകൊണ്ട് ഉപരോധത്തെ പിന്തുണക്കുകയാണ്.'-സൗദി കിരീകാടവകാശി അറബിക് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രണ്ടു തവണയായി ആറ് എണ്ണ ടാങ്കറുകൾക്കു നേരെയാണ് പിന്നിട്ട ഒരു മാസത്തിനുള്ളിൽ ഗൾഫ് സമുദ്രത്തിൽ ആക്രമണം ഉണ്ടായത്. എല്ലാ ആക്രമണത്തിനു പിന്നിലും ഇറാൻ സൈന്യത്തിനു പങ്കുണ്ടെന്നാണ് യു.എസ്സിന്റെ ആരോപണം.

എണ്ണ ടാങ്കറുകൾക്കെതിരെ നടന്ന ആക്രമണ സാഹചര്യത്തിൽ സമുദ്രസുരക്ഷ മുൻനിർത്തി നൂറോളം നാവികരെ ഗൾഫിലേക്ക് അയക്കാൻ ബ്രിട്ടൻ തീരുമാനിച്ചിരിക്കുകയാണ്.

വ്യാഴാഴ്ചയാണ് ഒമാൻ ഉൾക്കടലിൽ രണ്ട് എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണം നടന്നത്. ജപ്പാന്റെയും നോർവീജിയയുടെയും ഉടമസ്ഥതയിലുള്ളതായിരുന്നു കപ്പലുകൾ. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നു ആരോപിച്ച് യു.എസ് കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇറാൻ ദേശീയ സേനയായ റെവല്യൂഷനറി ഗാർഡിന്റെ അംഗങ്ങൾ പട്രോളിങ് ബോട്ടിലെത്തി കപ്പലിൽ നിന്ന് പൊട്ടാത്ത മൈൻ എടുത്തുമാറ്റുന്ന ദൃശ്യങ്ങളാണ് യു.എസ് സൈന്യം പുറത്തുവിട്ടിരുന്നത്.

തങ്ങളല്ല ആക്രമണത്തിനു പിന്നിലെന്നു കാണിക്കാൻ തെളിവുനശീകരണത്തിന്റെ ഭാഗമായാണ് ഇറാൻ സൈന്യം കപ്പലിൽ നിന്ന് സ്ഫോടക വസ്തുക്കൾ നീക്കിയതെന്നായിരുന്നു യു.എസ്സിന്റെ ആരോപണം. എന്നാൽ അർത്ഥശൂന്യമാണ് യു.എസ്സിന്റെ ആരോപണങ്ങൾ എന്നും ഇത്തരം ആരോപണങ്ങൾ അപഹാസ്യമാണെന്നും ഇറാൻ വിദേശകാര്യമന്ത്രി ജാവേദ് ശരീഫ് കുറ്റപ്പെടുത്തി. ഷാങ് ഹായ് ഉച്ചകോടിയിൽ സംസാരിച്ച ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി യു.എസ്സിനെതിരേ ശക്തമായാണ് പ്രതികരിച്ചത്.

Read More >>