'ഇത് വിവേകല്ല, അവിവേക്': ഐശ്വര്യയെ പരിഹസിച്ച് കുരുക്കിലായി വിവേക്

സംഭവത്തിൽ മാപ്പു പറഞ്ഞ് താരം

ന്യൂഡൽഹി: ബോളിവുഡ് താരം ഐശ്വര്യറായിയെ അധിക്ഷേപിക്കും വിധമുള്ള ട്രോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവച്ചതിൽ ആപ്പിലായി നടൻ വിവേക് ഒബ്രോയ്. താരത്തിന്റെ പോസ്റ്റിനെതിരേ സാമൂഹ്യമാദ്ധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

താൻ തെറ്റൊന്നും ചെയ്തിട്ടില്ല അതിനാൽ മാപ്പു പറയില്ലെന്ന നിലപാടിലായിരുന്നു ആദ്യം വിവേക്. ഐശ്വര്യ റായിയുമായുണ്ടായിരുന്ന പ്രണയ ബന്ധത്തെ തെരഞ്ഞെടുപ്പ് ട്രോളാക്കിയ വിവേകിനെതിരെ വനിതാ കമ്മിഷൻ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിവേകിന്റെ പ്രതികരണം.എന്നാൽ പ്രതിഷേധങ്ങൾ രൂക്ഷമായതോടെ താരം തന്റെ ട്വിറ്റ് ഡിലീറ്റ് ചെയ്തുവെന്നാണ് പുതിയ റിപ്പോർട്ട്.

രാഷ്ട്രീയമില്ല, ജീവിതം മാത്രം എന്ന ക്യാപ്ഷനോടെയാണ് വിവേക് ട്രോൾ പങ്കുവച്ചത്. സൽമാൻ ഖാൻ (ഒപ്പിനിയൻ പോൾ) വിവേക് ഒബ്രോയ് (എക്‌സിറ്റ് പോൾ), അഭിഷേക് ബച്ചൻ (എൻഡ് റിസൽറ്റ്) എന്നിങ്ങനെ ക്യാപ്ഷൻ കൊടുത്താണ് മീമിൽ ഐശ്വര്യയെ അവതരിപ്പിച്ചിരിക്കുന്നത്.

2002-ലാണ് ഐശ്വര്യ റായിയും സൽമാൻ ഖാനും തമ്മിൽ പ്രണയത്തിലാകുന്നത്. ബോളിവുഡിനെ അമ്പരപ്പിച്ച പ്രണയമായിരുന്നു ഇരുവരുടേയും. പിന്നീട് സൽമാനുമായുള്ള പ്രണയതകർച്ചയ്ക്ക് ശേഷം വിവേക് ഒബ്രോയുമായി ഐശ്വര്യ പ്രണയത്തിലായി.

ഐശ്വര്യയും വിവേക് ഒബ്രോയും തമ്മിലുണ്ടായിരുന്നു പ്രണയത്തെ 'എക്‌സിറ്റ് പോൾ' എന്നാണ് മീമിൽ ഉള്ളത്. വിവേകുമായുള്ള പ്രണയ പരാജയത്തിനൊടുവിൽ ഐശ്വര്യ അഭിഷേക് ബച്ചനുമായി പ്രണയത്തിലാകുകയും ഇരുവരും തമ്മിൽ വിവാഹിതരാകുകയുമായിരുന്നു. മകൾ ആരാധ്യയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഐശ്വര്യ-അഭിഷേക് ദമ്പതികളുടെ ചിത്രത്തിൽ 'തെരഞ്ഞെടുപ്പ് ഫലം' എന്നാണ് കുറിച്ചത്.

ട്രോളിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മറ്റൊരു വ്യക്തിയുടെ സ്വകാര്യജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള ട്രോൾ പങ്കുവെച്ച വിവേകിന് നെഗറ്റീവ് കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സന്തോഷകരമായൊരു ദാമ്പത്യജീവിതം ജീവിക്കുന്ന സ്ത്രീയെ അപമാനിക്കാൻ നിങ്ങൾക്കെങ്ങനെ തോന്നി, വിവേകെന്നല്ല അവിവേക് എന്നാവണമായിരുന്നു താങ്കളുടെ പേര് എന്നിങ്ങനെ രൂക്ഷ വിമർശനങ്ങളാണ് ട്വിറ്റർ പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

2007-ലാണ് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം ചെയ്യുന്നത്. പിന്നീട് മകൾ പിറന്നതോടെ സിനിമാമേഖലയിൽ നിന്ന് വിട്ട് നിന്ന താരം 2016 ൽ യേ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് തിരിച്ചുവന്നത്.

വിവേക് ഒബ്രോയ്‌ക്കെതിരേ രൂക്ഷ വിമർശനവുമായി നടി സോനം കപൂർ രംഗത്തെത്തിയിരുന്നു. വിവേക് പങ്കുവച്ച് മീം വെറുപ്പുളവാക്കുന്നതും വർഗരഹിതവുമാണെന്നായിരുന്നു സോനം കപൂർ ട്വീറ്റ് ചെയ്തത്.

'നിങ്ങൾ നിങ്ങളുടെ സിനിമയിൽ കുറച്ച് ഓവർ ആക്ട് ചെയ്യു, സോഷ്യൽമീഡിയയിലും കുറച്ച് ഓവർ ആക്ട് ചെയ്യു. 10 വർഷമായി വനിതാ ശാക്തീകരണത്തിന് വേണ്ടി ഞാൻ പ്രവർത്തിക്കുന്നുണ്ട്. ഇത് ആരുടേയും വികാരം വ്രണപ്പെടുത്തുന്നതായി എനിക്ക് തോന്നുന്നില്ല' എന്നാണ് വിവേകിന്റെ മറുപടി.

ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയ്ക്ക് വേണ്ടി വിവേക് ഒബ്രോയ് ക്യാമ്പയിൻ നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ മോദിയുടെ വേഷം കൈകാര്യം ചെയ്തിരിക്കുന്നതും വിവേക് ആണ്.

അടുത്തിടെ, മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫർ' എന്ന ചിത്രത്തിലൂടെ മലയാളത്തിലും വിവേക് അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിൽ ബോബി എന്ന പ്രതിനായക വേഷമാണ് വിവേക് അവതരിപ്പിച്ചത്.

Read More >>