കാരുണ്യ പദ്ധതി സാമ്പത്തിക ബാദ്ധ്യത വരുത്തും: ആശങ്കയോടെ ആരോഗ്യകേന്ദ്രങ്ങള്‍

പുതുക്കിയ കാരുണ്യ പദ്ധതിയിൽ ഓരോപാക്കേജിലും ഉൾപ്പെടുത്തിയിരിക്കുന്ന പദ്ധതികൾ ചികിത്സാ ചെലവുമായി യാതൊരു തരത്തിലും ഒത്തുപോകാത്തവയാണെന്നാണ് ആശുപത്രികൾ ചൂണ്ടിക്കാണിക്കുന്നത്.

കാരുണ്യ പദ്ധതി സാമ്പത്തിക ബാദ്ധ്യത വരുത്തും: ആശങ്കയോടെ ആരോഗ്യകേന്ദ്രങ്ങള്‍

സംസ്ഥാന സർക്കാരിന്റെ പുതുക്കിയ കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ പ്രമുഖ ആരോഗ്യകേന്ദ്രങ്ങൾ ആശങ്കയിൽ. വളരെ കുറഞ്ഞ നിരക്കിലുള്ള ചികിത്സാ പാക്കേജുകളാണ് പദ്ധതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇത് തങ്ങൾക്ക് ഏറെ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നാണ് ആരോഗ്യകേന്ദ്രങ്ങൾ സർക്കാരിനെ അറിയിച്ചത്. റീജിയണൽ കാൻസർ സെന്റർ തിരുവനന്തപുരം, മലബാർ കാൻസർ സെന്റർ തലശ്ശേരി, കൊച്ചിൻ കാൻസർ ഇൻസ്റ്റിറ്റിയൂട്ട് കളമശ്ശേരി, ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ട് ഫോർ മെഡിക്കൽ സയൻസസ് എന്നീ സ്ഥാപനങ്ങളാണ് സർക്കാരിനെ ആശങ്ക അറിയിച്ചത്.

പുതുക്കിയ കാരുണ്യ പദ്ധതിയിൽ ഓരോപാക്കേജിലും ഉൾപ്പെടുത്തിയിരിക്കുന്ന പദ്ധതികൾ ചികിത്സാ ചെലവുമായി യാതൊരു തരത്തിലും ഒത്തുപോകാത്തവയാണെന്നാണ് ആശുപത്രികൾ ചൂണ്ടിക്കാണിക്കുന്നത്. ഇത് സംബന്ധിച്ച ആശങ്കകൾ പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ വ്യക്തമാക്കി. ഓരോ പാക്കേജിന്റേയും വിശദമായ നിരക്കുകളും ഉണ്ടാകാൻ സാധ്യതയുള്ള ബാദ്ധ്യതകളും വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ആരോഗ്യകേന്ദ്രങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം അവസാനത്തോടെ അത് ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിനുശേഷം യുക്തമായ നടപടിയെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ സ്ഥാപനമായ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി, കേന്ദ്ര ആരോഗ്യവകുപ്പുമായി ചർച്ച നടത്തിയ ശേഷം മാത്രമേ പദ്ധതിയിൽ പങ്കാളിയാകുന്നത് സംബന്ധിച്ച തീരുമാനമെടുക്കൂ. കാരുണ്യ പദ്ധതി മുഖേന നിശ്ചെയിച്ച നിരക്കുകൾ പ്രകാരം രോഗിക്കു നൽകുന്ന മരുന്നിന്റെ തുക പോലും കണ്ടെത്താനാകില്ലെന്ന ആശങ്കയാണ് മലബാർ കാൻസർ സെന്ററും കൊച്ചിൻ കാൻസർ സെന്ററും പങ്കുവച്ചത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇപ്പോൾ ഭരണപരമായ തീരുമാനങ്ങളൊന്നും കൈക്കൊള്ളാനാകില്ലെന്നും തെരഞ്ഞെടുപ്പ് ഫലം വന്നശേഷം ഇക്കാര്യത്തിൽ വിശദമായ ചർച്ചയാകാമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. കാരുണ്യ ആരോഗ്യപദ്ധതി പുതിയ രൂപത്തിൽ ഇതുവരെയും പൂർണമായി നടപ്പിലാക്കാൻ ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം പദ്ധതി നടപ്പിലാക്കുന്നത് ഈ മാസം 31 വരെ നീട്ടിയിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ ആരോഗ്യസുരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത്, സംസ്ഥാന സർക്കാരിന്റെ കാരുണ്യ ബെനവലന്റ് ഫണ്ട്, ചിസ്, ചിസ് പ്‌ളസ് തുടങ്ങിയ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളെയെല്ലാം കൂട്ടിയിണക്കിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി തയ്യാറാക്കിയത്. ശസ്ത്രക്രിയാ പാക്കേജുകൾ ഉൾപ്പെടെ 1,824 പദ്ധതികൾക്കാണ് ആരോഗ്യവകുപ്പ് അനുമതി നൽകിയത്. തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിലെ ഡി.നാരായണ അദ്ധ്യക്ഷനായ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. റിലയൻസ് ജനറൽ ഇൻഷ്വറൻസിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.

Read More >>