തമിഴ് മുസ്‌ലിം ജീവിതത്തിന്റെ എഴുത്തുകാരന്‍

മലയാളം തമിഴ് ഭാഷകള്‍ക്കിടയിലുള്ള പാലമായിരുന്നു അന്തരിച്ച പ്രമുഖ തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍. ഏറെ മൗലികമായ ഭാഷയാണ് അദ്ദേഹം രചനയ്ക്ക് ഉപയോഗിച്ചത്.

തമിഴ് മുസ്‌ലിം ജീവിതത്തിന്റെ എഴുത്തുകാരന്‍

ഡോ. അസീസ് തരുവണ

മലയാളം തമിഴ് ഭാഷകള്‍ക്കിടയിലുള്ള പാലമായിരുന്നു ഇന്നു പുലര്‍ച്ചെ അന്തരിച്ച പ്രമുഖ തമിഴ് സാഹിത്യകാരന്‍ തോപ്പില്‍ മുഹമ്മദ് മീരാന്‍. തമിഴും മലയാളവും അനായാസം കൈകാര്യം ചെയ്യാന്‍ സാധിച്ചിരുന്ന മീരാന്‍, രണ്ടു ഭാഷകളിലും രചനകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചാരുകസേര, കൂനന്‍ തോപ്പ്, ഒരു കടലോര ഗ്രാമത്തിന്റെ കഥ, തുറൈമുഖം തുടങ്ങി ഒട്ടുമിക്ക നോവലുകളും ചെറുകഥകളും മലയാള മുള്‍പ്പെടെ പ്രമുഖ ഇന്ത്യന്‍ ഭാഷകളിലേക്കെല്ലാം മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.എന്‍.പി.മുഹമ്മദ് (ദൈവത്തിന്റെ കണ്ണ്). സച്ചിദാനന്ദന്‍ (സാക്ഷ്യങ്ങള്‍ ), യു.എ.ഖാദര്‍ (തൃക്കോട്ടൂര്‍ പെരുമ പി.കെ.പാറക്കടവ്(മീ സാന്‍ കര്‍ക്കളിന്‍ കാവല്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് (കഥൈകള്‍ ) വൈക്കം മുഹമ്മദ് ബഷീറിന്‍ വായ് കൈ വരലാറ് (എം.എന്‍.കാരശ്ശേരി)തുടങ്ങി മലയാളത്തിലെ ഒട്ടേറെ പ്രമുഖ എഴുത്തുകാരുടെ രചനകള്‍ മീരാന്‍ തമിഴിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്. അതിനാല്‍ മലയാളിക്ക് ഒരു കേരളീയ എഴുത്തുകാരനെയെന്ന പോലെ സുപരിചിതനാണ് മീരാന്‍.

മാതൃഭാഷ തമിഴാണെങ്കിലും അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത് മലയാളം - ഇംഗ്ലീഷ് മീഡിയങ്ങളിലാണ്. അതു കൊണ്ട് തന്റെ മാതൃഭാഷയില്‍ വലിയ വ്യുല്‍പത്തിയൊന്നുമില്ലെന്നും ഞാനെഴുതുന്നത് 'എന്റെതായ ഭാഷ 'യിലാണെന്നും ഒരഭിമു ഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി. അതിനാല്‍ ഏറെ മൗലികമായ ഭാഷയാണ് അദ്ദേഹം രചനയ്ക്ക് ഉപയോഗിച്ചത്.

1997ല്‍ ചാരുകസേര എന്ന നോവലിനു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡു ലഭിക്കുകയുണ്ടായി.' തെന്‍ ഫത്തന്‍' എന്ന ഒരു സാങ്കല്‍പ്പിക ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ ഈ നോവല്‍ രണ്ടര നൂറ്റാണ്ടിന്റെ ചരിത്രം ഉള്‍കൊള്ളുന്നതാണ്. പുറം ലോകം കാണാതെ നാലു ഭിത്തികള്‍ക്കുള്ളിലെ ഇരുട്ടില്‍ വീര്‍പ്പുമുട്ടി ഉഴലുന്ന സ്ത്രീകള്‍ക്കു നേരെ അഴിച്ചുവിടുന്ന പുരുഷാധിപത്യത്തിന്റെ ക്രൂരതകള്‍ ഈ നോവല്‍ വരച്ചിടുന്നു. തമിഴ് മുസ് ലിം ജീവിത പരിസരമാണ് അദ്ദേഹത്തിന്റെ പ്രധാന നോവലുകളുടെയെല്ലാം സാംസ്‌ക്കാരിക ഭൂമിക.

തമിഴ്‌നാട് സര്‍ക്കാര്‍ അവാര്‍ഡ്, ഭാരതി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, തമിഴ്‌നാട് പുരോഗമന സാഹിത്യ സംഘടനാ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കടലോര ഗ്രാമത്തിന്റെ കഥ ക്രോസ് വേഡ് അവാര്‍ഡിനു ശുപാര്‍ശ ചെയ്യപ്പെട്ട നോവലാണ്. തങ്കരശു, അനന്തശയനം കോളനി, അംബുക്കു മുതു മൈ ഇല്ലൈ അടക്കം അര ഡസനിലേറെ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വിവിധ വിഷയങ്ങളെ ആസ്പദമാക്കി അദ്ദേഹം എഴുതിയ പ്രബന്ധങ്ങള്‍ അസംഖ്യമാണ്.

അദ്ദേഹത്തിന്റെ ലളിത ജീവിതവും എളിമയാര്‍ന്ന പെരുമാറ്റവും ആരെയും ആകര്‍ഷിക്കുന്നതായിരുന്നു. മീരാന്റെ വിയോഗം തമിഴ് സാഹിത്യത്തിനെന്ന പോലെ മലയാള സാഹിത്യത്തിനും തീരാനഷ്ടമാണ്.

Read More >>