ജി.ഡി.പി: കണക്കുകളില്‍ പിഴവെന്ന് റിപ്പോര്‍ട്ട്

സ്ഥിതിവിവര കണക്കുകൾ ശരിയല്ലെന്ന കേന്ദ്ര നാഷണൽ സാമ്പിൾ സവ്വേ ഓർഗനൈസേഷന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ലൈവ് മിന്റ് വാർത്ത പുറത്തുവിട്ടത്.

ജി.ഡി.പി: കണക്കുകളില്‍ പിഴവെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ ഭരണനേട്ടമായി ഉയർത്തിക്കാണിക്കുന്ന രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്പാദനം (ജി.ഡി.പി) കണക്കുകളിൽ വൻ തട്ടിപ്പു നടന്നതായി ലൈവ് മിന്റ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനും ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് മുതിർന്ന സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥും ജി.ഡി.പി കണക്കുകൂട്ടലുമായി ബന്ധപ്പെട്ട് ആശങ്കകളും സംശയവും മുന്നോട്ടുവച്ചിരുന്നു. ഇതിനെ പ്രസക്തമാക്കുന്നതാണ് പുറത്തുവരുന്ന പുതിയ തെളിവുകൾ. 2015 മുതൽ രാജ്യത്തെ ജി.ഡി.പി കണക്കുകൂട്ടുന്നത് പുതിയ രീതയിലാണ്. പുതിയ രീതി ഉപയോഗിച്ചപ്പോൾ അതിനുപയോഗിച്ച സ്ഥിതിവിവര കണക്കുകൾ ശരിയല്ലെന്ന കേന്ദ്ര നാഷണൽ സാമ്പിൾ സവ്വേ ഓർഗനൈസേഷന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് ലൈവ് മിന്റ് വാർത്ത പുറത്തുവിട്ടത്.

2015നു ശേഷം വ്യവസായ മേഖലയുടെ വളർച്ചകണക്കാക്കാൻ എം.സി.എ-21 എന്ന ഡാറ്റാ ബേസാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ഉപയോഗിക്കുന്നത്. ഈ ഡാറ്റാ ബേസിൽ ഉള്ള കണക്കുകളിൽ 36 ശതമാനം പ്രവർത്തിക്കാത്തതോ നിലവിലില്ലാത്തതോ ആയ കമ്പനികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഇല്ലാത്ത ഇത്തരം സ്ഥാപനങ്ങളുടെ വ്യാജകണക്കുകൾ ചേർത്ത് ജി.ഡി.പി കണക്കാക്കുമ്പോൾ യഥാർത്ഥ നിരക്കിൽ വൻ അന്തരം ഉണ്ടാവും. എൻ.എസ്.എസ്.ഒ നടത്തിയ സർവ്വേയിലാണ് 36 ശതമാനം കമ്പനികളും പ്രവർത്തിക്കുന്നില്ലെന്ന് മനസിലായത്.

തൊഴിലില്ലായ്മയും ചെറുകിട സംരംഭ മേഖലയും കനത്ത പ്രതിസന്ധി നേരിടുന്ന കാലത്ത് രാജ്യത്തെ ജി.ഡി.പി നിരക്ക് വർദ്ധിക്കുന്നതിനെ നിരവധി വിദഗ്ധർ ചോദ്യം ചെയ്തിരുന്നു.

Read More >>