തെരഞ്ഞെടുപ്പ് പത്രികകളില്‍ കുടുംബവായ്പകളുടെ നീണ്ട പട്ടിക; രാഹുൽ സോണിയക്ക് കടം വീട്ടാനുണ്ട്

തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയോടെപ്പം നൽകിയ സത്യവാങ് മൂലത്തിലാണ് ഇവരുടെ വായ്പയെക്കുറിച്ചുള്ള വിവരങ്ങളുള്ളത്.

തെരഞ്ഞെടുപ്പ് പത്രികകളില്‍ കുടുംബവായ്പകളുടെ നീണ്ട പട്ടിക; രാഹുൽ സോണിയക്ക് കടം വീട്ടാനുണ്ട്

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അമ്മ സോണിയ ഗാന്ധിക്കും എസ്.പി നേതാവ് മുലായം സിങ് യാദവ് മകനും കോൺഗ്രസ് നേതാവ് ശുത്രുഘ്‌നൻ സിൻഹ മകൾ സോണാൻഷി സിൻഹയ്ക്കും കടം വീട്ടാനുണ്ട്. തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയോടെപ്പം നൽകിയ സത്യവാങ് മൂലത്തിലാണ് ഇവരുടെ വായ്പയെക്കുറിച്ചുള്ള വിവരങ്ങളുള്ളത്.

അമ്മയും യു.പി.എ അദ്ധ്യക്ഷയുമായ സോണിയ ഗാന്ധിയിൽ നിന്നും രാഹുൽ ഗാന്ധി അഞ്ചു ലക്ഷം രൂപ വായ്പ വാങ്ങിയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിനു മറ്റു വായ്പകളില്ല. യു.പിയിലെ റായ്ബറേലിയിൽ മത്സരിക്കുന്ന സോണിയ തനിക്ക് വായ്പകളില്ലെന്നാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയത്.

യു.പിയിലെ മെയിൻപൂരിയിൽ മത്സരിക്കുന്ന മുലായം സിങ് യാദവ് മകനും എസ്.പി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവിന്റെ പക്കൽ നിന്നും 2.13 കോടി രൂപയുടെ വായ്പ എടുത്തിട്ടുണ്ട്. അതേ സമയം അദ്ദേഹം കുടുംബാംഗങ്ങൾക്ക് വായ്പ നൽകിയിട്ടുമുണ്ട്. ഭാര്യ സാധന യാദവിനു 6.75 ലക്ഷവും മകൻ പ്രതീക്കിനു 13.7 ലക്ഷം രൂപയും മറ്റൊരു കുടുംബാഗം മൃദുല യാദവിനു 9.8 ലക്ഷം രൂപയും വായ്പ നൽകിയിട്ടുണ്ട്.

ബി.ജെ.പിയിൽ നിന്നും അടുത്തിടെ കോൺഗ്രസ്സിലെത്തിയ ശത്രുഘ്‌നൻ സിൻഹ മകളും ബോളിവുഡ് താരവുമായ സോനാൻഷി സിൻഹയിൽ നിന്നും 10.6 കോടി രൂപ വായ്പ വാങ്ങിയിട്ടുണ്ട്. അതേസമയം 10 ലക്ഷം രൂപ മകൻ ലൗ സിൻഹയ്ക്കും 80 ലക്ഷം പൂനം സിൻഹയ്ക്ക് വായ്പ നല്കിയിട്ടുണ്ട്. ബിഹാറിലെ പട്‌നാ സാഹിബ് സ്ഥാനാർത്ഥിയാണ് ശത്രുഘ്‌നൻ സിൻഹ.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനെതിരെ എസ്.പി ടിക്കറ്റിൽ ലഖ്‌നൗവിൽ മത്സരിക്കുന്ന പൂനം സിൻഹ 16 കോടി രൂപ മകൾ സോനാഷിയിൽ നിന്നും വായ്പയെടുത്തിട്ടുണ്ട്. രാജ്‌നാഥ് സിങ്ങിനു വായ്പയില്ല. ശത്രുഘ്‌നൻ സിൻഹയുടെ എതിർ സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രവി ശങ്കർ പ്രസാദിനും വായ്പയില്ല.

ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകളും പാട്‌ലിപുത്ര സ്ഥാനാർത്ഥിയുമായ മിശാ ഭാരതിക്ക് വായ്പയൊന്നുമില്ല. എന്നാൽ അവരുടെ ഭർത്താവ് ഷൈലേഷ് കുമാറിനു ഐ.സി.ഐ.സി.ഐ ബാങ്കിൽ 9.85 ലക്ഷത്തിന്റെ വായ്പയുണ്ട്. അവരുടെ എതിർ സ്ഥാനാർത്ഥി രാംകൃപാൽ യാദവ് മകൾക്ക് വേണ്ടി 17.17 ലക്ഷം രൂപയുടെ വിദ്യാഭ്യസ വായ്പ എടുത്തിട്ടുണ്ട്.

ബേഗുസാരായിൽ സി.പി.ഐ സ്ഥാനാർത്ഥി കനയ്യ കുമാറിനെതിരെ മത്സരിക്കുന്ന കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്ങിനു 5.86 ലക്ഷത്തിന്റെ കാർ വായ്പയും ഭാര്യയുടെ പേരിൽ 26.5 ലക്ഷത്തിന്റെ ഹൗസിങ് ലോണുമുണ്ട്. കനയ്യക്ക് വായ്പയൊന്നുമില്ല. ചണ്ഡീഗണ്ഡ് ബി.ജെ.പി സ്ഥാനാർത്ഥി കിരോൺ ഖേർ മകൻ സിക്കദ്ദർ ബേരിയിൽ നിന്നും 25 ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ട്. അതുകൂടാതെ 35 ലക്ഷം രൂപയുടെ കാർ ലോണും ഇവർക്കുണ്ട്.

Read More >>