സംസ്ഥാനത്ത് വീണ്ടും റെഡ് അലേര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്

സംസ്ഥാനത്ത് വീണ്ടും റെഡ് അലേര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റെഡ് അലേര്‍ട്ട് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് നിലവില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ വ്യാഴാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് വകുപ്പ് അറിയിച്ചു. പാലക്കാട്, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്.

സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും ജാഗ്രത പാലിക്കാനുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെട്ട പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറിത്താമസിക്കാന്‍ തയ്യാറാകണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അഭ്യര്‍ഥിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനുമുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

Next Story
Read More >>