'' പുറത്താക്കലും ജനാധിപത്യവിരുദ്ധം; ഒന്നിച്ച് നില്‍ക്കാന്‍ ആഹ്വാനം ചെയ്തവര്‍ തന്നെ അസഹിഷ്ണുതയുടെ അപ്പോസ്തലന്മാരാവരുത്'': കെ.എം ബഷീറിനെതിരെയുള്ള നടപടിയെ വിമർശിച്ച് മുഹമ്മദ് ഫൈസി ഓണമ്പിള്ളി

റിപ്പബ്ലിക് ദിനത്തിൽ ഇടതുമുന്നണി സംഘടിപ്പിച്ച പരിപാടിയിലാണ് മുസ്‌ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എം ബഷീർ പങ്കെടുത്തത്.

ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യ മഹാശ്യംഖലയില്‍ പങ്കെടുത്തതിന് ബേപ്പൂരിലെ പ്രാദേശിക നേതാവിനെ സസ്പെന്‍ഡ് ചെയ്ത മുസ്‌ലിം ലീഗ് നടപടിക്കെതിരെ സമസ്ത നേതാവ് മുഹമ്മദ് ഫൈസി ഓണമ്പിള്ളി. ഈ പുറത്താക്കലും ജനാധിപത്യവിരുദ്ധം തന്നെയാണെന്ന് മുഹമ്മദ് ഫൈസി പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഹമ്മദ് ഫൈസിയുടെ പ്രതികരണം.'ഈ പുറത്താക്കലും ജനാധിപത്യവിരുദ്ധം തന്നെ. ഒന്നിച്ച് നില്‍ക്കാന്‍ ആഹ്വാനം ചെയ്തവര്‍ തന്നെ അസഹിഷ്ണുതയുടെ അപ്പോസ്തലന്മാരാവരുത്. മനുഷ്യക്കണ്ണിയില്‍ ചേര്‍ന്ന് നില്‍ക്കാനാണ് നാം പൊരുതുന്നത്. ഇംപ്പാള്‍ പുറത്താക്കിത്തുടങ്ങിയാല്‍ അകത്ത് ഭൂപടം മാത്രമേ കാണൂ….'- മുഹമ്മദ് ഫൈസി കുറിച്ചു.

റിപ്പബ്ലിക് ദിനത്തിൽ ഇടതുമുന്നണി സംഘടിപ്പിച്ച പരിപാടിയിലാണ് മുസ്‌ലിം ലീഗ് ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് കെ.എം ബഷീർ പങ്കെടുത്തത്. എന്നാൽ പാർട്ടി പ്രവർത്തകർ മനുഷ്യ ശൃംഖലയിൽ പങ്കെടുത്തതിനെ സംബന്ധിച്ച് ലീഗിൽ അഭിപ്രായ ഭിന്നത നിലനിൽക്കെയാണ് ബഷീറിനെതിരായ നടപടിയുണ്ടായിരിക്കുന്നത്.

എൽഡിഎഫ് ആഹ്വാനം ചെയ്ത മനുഷ്യ മഹാ ശൃംഖലയിൽ പ്രാദേശിക നേതാക്കളോ പ്രവർത്തകരോ പങ്കെടുത്തിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാവുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചിരുന്നു. അതേസമയം നിയമഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ പാർട്ടി ഭേദമന്യേ എല്ലാവരും പങ്കാളികളാകുന്നുണ്ടെന്നും അതുകൊണ്ട് ഇത് വിവാദമാക്കേണ്ടതില്ലെന്നുമാണ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

Next Story
Read More >>